വിക്കി ബാന്ധവം; ഹിന്ദു പേപ്പറിനെതിരെ എച്ച്‌ടി!

Webdunia
വ്യാഴം, 17 മാര്‍ച്ച് 2011 (11:18 IST)
PRO
PRO
ഭാരതീയ പരമ്പരാഗത മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് ‘സാമ്രാജ്യത്വ വിരുദ്ധ’ പോരാട്ടം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ ഇംഗ്ലീഷ് പത്രമായ ഹിന്ദുവും ഞെട്ടിപ്പിക്കുന്ന ഔദ്യോഗിക രേഖകള്‍ വെളിപ്പെടുത്തിക്കൊണ്ട് ഇതിനകം തന്നെ ശ്രദ്ധാകേന്ദ്രമായിരിക്കുന്ന വിക്കിലീക്ക്‌സും ചൊവ്വാഴ്ച മുതല്‍ കൈകോര്‍ത്തിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ ഉയരുകയും ചെയ്തു. അമേരിക്കയുടെ ചരടുവലിയില്‍ നടന്ന പാവകളിയാണ് 2006-ലെ കേന്ദ്ര മന്ത്രിസഭാ പുനസംഘടന എന്നായിരുന്നു ‘ഹിന്ദു വിക്കിലീക്ക്‌സ്’ വെളിപ്പെടുത്തല്‍.

ഇറാനില്‍ നിന്ന് ഇന്ധനം പൈപ്പ്‌ലൈന്‍ വഴി കൊണ്ടുവരണം എന്ന് ശക്തിയുക്തം വാദിച്ചുകൊണ്ടിരുന്ന മണി ശങ്കര്‍ അയ്യരെ വലിച്ചെറിഞ്ഞ് ‘പ്രൊ-അമേരിക്കന്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുരളി ദിയോറയെ പെട്രോളിയം മന്ത്രിയാക്കിയത് ഈ ചരടുവലിയാണ് എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ബിജെപിയും സി‌പി‌എമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെ ബുധനാഴ്ച പാര്‍ലമെന്റില്‍ കടന്നാക്രമിച്ചത്.

ഇന്ത്യയുമായി നേരിട്ട് ബന്ധമുള്ള 5,100 ഔദ്യോഗിക രേഖകള്‍ വിക്കിലീക്ക്‌സില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട് എന്നാണ് ഹിന്ദു പത്രാധിപര്‍ എന്‍ റാം പറയുന്നത്. അതായത് 60 ലക്ഷം വാക്കുകള്‍ അടങ്ങിയ വെളിപ്പെടുത്തല്‍ രേഖകള്‍. രാജ്യത്തെ രാഷ്‌ട്രീയക്കാര്‍, നയതന്ത്രജ്ഞര്‍, മാധ്യമപ്രവര്‍ത്തകര്‍, ബിസിനസുകാര്‍ എന്ന് തുടങ്ങി ആണവ നയം, കാശ്മീര്‍ പ്രശ്നം വരെയുള്ള എല്ലാ കാര്യങ്ങളെ പറ്റിയും ഉള്ള ‘ഞെട്ടിപ്പിക്കുന്ന’ വെളിപ്പെടുത്തലുകള്‍ ആണിവ. ഹിന്ദു ‘സീരീസായും സീരിയസായും’ ഈ വിഴുപ്പ് അലക്കാന്‍ തുടങ്ങിയിരിക്കുകയാണ്. പാര്‍ലമെന്റിലിനി, പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും വേറെയൊന്നിനും സമയം കിട്ടില്ല എന്ന് സാരം.

വിക്കിലീക്ക്‌സിന്റെ ‘സാമ്രാജ്യത്വ വിരുദ്ധ പോരാട്ട’വുമായി ഹിന്ദു കൈകോര്‍ത്ത് മുന്നേറുമ്പോള്‍ രാജ്യത്തെ മറ്റൊരു പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് മുഖം ചുളിക്കുകയാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന് ഹിന്ദുവിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയവും ഉണ്ട്. വ്യാഴാഴ്ച ഇറങ്ങിയ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഹിന്ദുവിന്റെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ കണക്കിന് കളിയാക്കിക്കൊണ്ടാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലു‍ളെ പറ്റിയുള്ള അഭിപ്രായം പത്രം പ്രകടിപ്പിച്ചിരിക്കുന്നത്.

എന്ത് കാര്യത്തിനും അമേരിക്കയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അതുകൊണ്ടുതന്നെ ഭരണതലത്തില്‍ അമേരിക്കയ്ക്ക് അനുകൂലമായി നടക്കുന്ന/നടത്തുന്ന ചില ‘നീക്കുപോക്കുകള്‍’ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയല്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.

“നമുക്കുള്ളത് ‘പ്രൊ-അമേരിക്ക’ ആണവ നയമാണ്. അതില്‍ എന്താണ് തെറ്റ്? പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ഒപ്പിട്ടിരിക്കുന്നത് ഇന്ത്യാ-സോവിയറ്റ് കരാര്‍ അല്ലല്ലോ, ഇന്ത്യാ-അമേരിക്കന്‍ കരാര്‍ അല്ലേ? അമേരിക്കയുമായി സൌഹൃദബന്ധം ഉണ്ടാകണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നും ഉണ്ട്. പൊതുജനത്തിന് മുമ്പിലും ഭരണതലത്തിലും ഇന്ത്യ ‘പ്രൊ-അമേരിക്ക’ നയമാണ് പിന്തുടരുന്നത്. ഇറാന്റെ ആണവ പദ്ധതിയെ നമ്മള്‍ എതിര്‍ത്തില്ലേ? നമ്മള്‍ ഇസ്രായേലുമായി വ്യാപാരം നടത്തുന്നില്ലേ? പാകിസ്ഥാനുമായി അമേരിക്ക സൌഹൃദത്തില്‍ ആകരുതെന്ന് നമ്മള്‍ ആഗ്രഹിക്കുന്നില്ലേ?”

“അപ്പോള്‍, അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദ്ദമൊന്നും കൂടാതെ തന്നെ, നമ്മള്‍ ‘പ്രൊ-അമേരിക്ക’യാണ് എന്ന് സമ്മതിക്കേണ്ടിവരും. ‘കളര്‍ഫുള്‍’ ഫോട്ടോയും കൊടുത്ത് വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിക്കുന്ന ഹിന്ദുവിന്റെ ഈ പരിപാടി കൊണ്ട് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അത്ര വലിയ ‘സാമ്രാജ്യത്വ വിരുദ്ധം’ അല്ലാത്ത, എന്നാല്‍ മാധ്യമ നായകത്വമുള്ള, ഹിന്ദുസ്ഥാന്‍ ടൈംസ് വായിക്കുന്നതാണ് ഹിന്ദു വായിക്കുന്നതിനേക്കാള്‍ നല്ലത്” - ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.