ലോനപ്പന്‍ നമ്പാടന്‍- സിപി‌എമ്മിനൊപ്പം സഞ്ചരിച്ച വിശ്വാസി

Webdunia
ബുധന്‍, 5 ജൂണ്‍ 2013 (16:00 IST)
PRO
PRO
ലോനപ്പന്‍ നമ്പാടനു പകരം ലോനപ്പന്‍ നമ്പാടന്‍ മാത്രം എന്ന് പറയാവുന്നത്ര വ്യക്തിത്വം നിറഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി ഇടതുപക്ഷസഹയാത്രികനായിരുന്നപ്പോഴും ആത്മീയമായി തികഞ്ഞ ക്രൈസ്തവ വിശ്വാസിയായിരുന്നു അദ്ദേഹം. എന്നാല്‍ ഇതേസമയം കത്തോലിക്കാ സഭയുടെ നിലപാടുകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ ആഞ്ഞടിക്കുകയും ചെയ്തു. വിശുദ്ധന്മാരെയും വിശുദ്ധകളെയും സൃഷ്ടിക്കുന്ന റോമിന്റെ നിലപാടുകളെപ്പോലും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ കന്യാസ്ത്രീകള്‍ തന്റെ കൈയില്‍നിന്ന് വിശ്വാസസാക്ഷ്യം എഴുതി വാങ്ങി റോമിന് അയച്ചെന്ന് അദ്ദേഹം ‘സഞ്ചരിക്കുന്ന വിശ്വാസി’ എന്ന ആത്മകഥയില്‍ പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇന്നു മന്ത്രിമാരുടെ കാറിലെ ബീക്കണ്‍ ലൈറ്റിന്റെ ക്രെഡിറ്റും നമ്പാടന്‍ മാഷിന് അവകാശപ്പെട്ടതാണ്. ലോനപ്പന്‍ നമ്പാടന്റെ ആവശ്യപ്രകാരമാണ് കേരളത്തില്‍ ആദ്യമായി മന്ത്രിമാരുടെ കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചത്. ഇങ്ങനെ പുരോഗമനപരമായ ആശയങ്ങള്‍ക്കൊപ്പം ഒരു വിശ്വാസിയുടെ മനസും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു.

കൈസ്തവ വിശ്വാസത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് ഇപ്രകാരമായിരുന്നു: ക്രൈസ്തവരില്‍ അന്ധവിശ്വാസവും വിഗ്രഹാരാധനയും വര്‍ധിച്ചുവരികയാണ്. സ്രഷ്ടാവിനു പകരം സൃഷ്ടിയെയാണ് ആരാധിക്കുന്നത്. സഭാധികാരികളുടെ വഴിപിഴച്ച നയമാണ് ഇതിനു കാരണം. ക്രിസ്തുവിനെക്കാള്‍ പ്രാധാന്യം വിശുദ്ധന്മാര്‍ക്കാണ്. അത്ഭുതങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത് വിശുദ്ധരാണ്. പള്ളികളും പെരുനാളുകളുമെല്ലാം വിശുദ്ധരുടെ പേരിലാണ്. എല്ലാ പള്ളികളിലും ഇപ്പോള്‍ ഊട്ടുപെരുനാളുകളാണ്. ക്രിസ്തുവിന്റെ പേരില്‍ മാത്രം ഊട്ടില്ല. പത്രങ്ങളിലും റ്റി.വി. ചാനലുകളിലും മറ്റും പരസ്യങ്ങള്‍ നല്‍കി ആളുകളെ ആകര്‍ഷിക്കുന്നു. ജനക്കൂട്ടം വരുന്നതിനനുസരിച്ചു നേര്‍ച്ച പിരിവും വര്‍ദ്ധിക്കും.

കേരളത്തില്‍ ഓരോ സഭയ്ക്കും ഓരോ വിശുദ്ധനെ നല്‍കുവാനാണു റോമിന്റെ തീരുമാനമെന്നുപോലും അദ്ദേഹം പരിഹസിച്ചു. മറിയക്കുട്ടി കൊലക്കേസിലെ പ്രതിയായിരുന്ന ഫാദര്‍ ബനഡിക്ടിനെ കത്തോലിക്ക സഭ വിശുദ്ധന്‍ ആക്കാന്‍ പോവുകയാണ്. സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെയും കത്തോലിക്കസഭ ഭാവിയില്‍ വിശുദ്ധരാക്കുമെന്നുറപ്പുണ്ടെന്നു പോലും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. സഭ വിശുദ്ധയായി പ്രഖ്യാപിക്കേണ്ടത് സിസ്റ്റര്‍ അഭയെയാണെന്നായിരുന്നുവെന്നാണ് നമ്പാടന്‍ മാഷിന്റെ അഭിപ്രായം. ഇങ്ങനെ തന്റെ ഹൃദയം തുറന്നുപറഞ്ഞ് പലപ്പോഴും കോലാഹലങ്ങളും സൃഷ്ടിച്ചു അദ്ദേഹം. എന്നാല്‍ എന്തുപ്രശ്നങ്ങളെയും ചിരിയിലൊതുക്കി സരസമായി പ്രതികരിക്കാനും നമ്പാടന്‍ മാഷിന്റെ പ്രശസ്തമായ ‘നമ്പാടന്‍ ഇഫ്ക്ടിന്’ കഴിഞ്ഞു.