രാഷ്‌ട്രീയം കുടുംബ കാര്യമാകുമ്പോള്

Webdunia
FILEPTI
രാഷ്‌ട്രീയം നെ‌ഹ്‌റു കുടുംബത്തിന് കുടുംബകാര്യമാണ്. അധികാരത്തിന്‍റെ ശക്തിക്കായി അവര്‍ എന്നും ദാഹിച്ചിരുന്നു. നെഹ്‌റുവിന്‍റെ പിതാവ് മോത്തിലാല്‍ നെഹ്‌റു ബ്രിട്ടീഷുകാരോട് ഇന്ത്യയെ വിലയ്ക്കു തരാമോയെന്ന് ചോദിച്ചുവെന്ന് ഒരു കഥയുണ്ടായിരുന്നു.

ജിന്നയെ പ്രധാനമന്ത്രിയാക്കാന്‍ ഗാന്ധിജിയുടെ ഉപദേശം നെഹ്‌റു അവഗണിച്ചതായി ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. നെഹ്‌റു,ഇന്ദിര,രാജീവ്,സോണിയ,എന്നിവര്‍ക്കു ശേഷം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ രാഹുല്‍ ഗാന്ധിയിലേക്ക് എത്തുമെന്ന് വ്യക്തമായ സൂചനയാണ് അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയാക്കിയതു വഴി സോണിയ നല്‍കുന്നത്.

രാജ്യം ഇപ്പോള്‍ രാഷ്‌ട്രീയ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. സേതു സമുദ്രം പദ്ധതിക്കു വേണ്ടി രാം സേതു നശിപ്പിക്കുന്നതിനെതിരെ അക്രമണവുമായി ബി.ജെ.പി ഒരു വശത്ത്. ഇന്തോ യു.എസ് ആണവ കരാര്‍ വിറളി പിടിച്ചിരിക്കുന്ന ഇടതുപക്ഷം മറു വശത്ത്.

നവംബറില്‍ ഇടതുപക്ഷം പിന്തുണ പിന്‍‌വലിക്കുമെന്ന് സൂചനയുണ്ട്. ഓടുന്ന നായക്ക് ഒരു മുഴമെന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിച്ച് കോണ്‍ഗ്രസ് അവരുടെ മൂര്‍ച്ചയുള്ള ആയുധം പുറത്തെടുത്തിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാനിയക്ക് ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കിലും ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ യുവ തുര്‍ക്കിയായ രാഹുലിന് നേട്ടം ഉണ്ടാക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

അയോദ്ധ്യക്കു ശേഷം രാം സേതു വിഷയം ഉയര്‍ത്തികാട്ടി തരംഗം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാല്‍, പഴയ ഹിന്ദുത്വ സിംഹങ്ങളുടെ പല്ല് കൊഴിഞ്ഞിരിക്കുകയാണ്. പാര്‍ട്ടി യുവരക്തത്തിനായി ദാഹിക്കുന്നു. പ്രമോദ് മഹാജന് ഒരു പകരക്കാരനെ പാര്‍ട്ടിക്ക് ഇതു വരെ ലഭിച്ചിട്ടില്ല.ഉരുക്കുമനുഷ്യനായ അദ്വാനിയേക്കാള്‍ രാഹുല്‍ ഗാന്ധിയുടെ ഊര്‍ജ്ജസ്വലതക്കാണ് ഭാരതീയര്‍ മുന്‍‌തൂക്കം നല്‍കുമെന്ന് കോണ്‍ഗ്രസ് ശക്തമായി വിശ്വസിക്കുന്നു.

രാഹുലിന്‍റെ പിതാവായ രാജീവ് ഗാന്ധി ഇന്ത്യയെ ടെക്‍നോളജിയിലൂടെ മുന്‍ നിരയില്‍ എത്തിക്കുവാന്‍ ശ്രമിച്ചു. പി.സായ്‌നാഥിന്‍റെ കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ചുള്ള പ്രസംഗം കേട്ടപ്പോള്‍ ഉറങ്ങിയ രാഹുല്‍ ഇന്ത്യയില്‍ എന്താണ് ശക്തിപ്പെടുത്താന്‍ ശ്രമിക്കുക? കാത്തിരുന്നു കാണാം.