രാപ്പൂവും വിട ചൊല്ലുന്നു... പോയ്‌വരൂ കവിതയുടെ പക്ഷീ...

രവിശങ്കരന്‍
ശനി, 13 ഫെബ്രുവരി 2016 (21:35 IST)
കുമാരസംഭവം എന്ന ചിത്രത്തില്‍ കഥയിലെ ഒരേ സന്ദര്‍ഭത്തില്‍ പാട്ടെഴുതാന്‍ പി സുബ്രഹ്‌മണ്യം ഒ എന്‍ വി കുറുപ്പിനെയും വയലാര്‍ രാമവര്‍മ്മയെയും ഏല്‍പ്പിച്ചു. സത്യത്തില്‍ അത് സുബ്രഹ്‌മണ്യം മുതലാളിയുടെ ഒരു കുസൃതിയായിരുന്നു. രണ്ടുപേരില്‍ ആരെഴുതുന്നത് നല്ലതെന്നറിയാനുള്ള രസം. ഒ എന്‍ വി എഴുതിയത് ‘പൊല്‍‌തിങ്കള്‍ക്കല പൊട്ടുതൊട്ട...’ എന്ന ഗാനം. വയലാര്‍ എഴുതിയത് ‘ഓം‌കാരം ഓം‌കാരം...’ എന്ന ഗാനം. ഏത് കൂടുതല്‍ നല്ലതെന്ന് പറയാനാവാത്ത സാഹചര്യം. ഒടുവില്‍ രണ്ടുഗാനങ്ങളും ഉപയോഗിച്ചു. രണ്ടും ക്ലാസിക് ഹിറ്റുകളായി മാറുകയും ചെയ്തു.
 
വയലാറും ഒ എന്‍ വിയും പി ഭാസ്കരനും ശ്രീകുമാരന്‍ തമ്പിയും എല്ലാം ഉള്‍പ്പെട്ട അന്നത്തെ ഗാനരചയിതാക്കള്‍ തമ്മില്‍ പരസ്പരബഹുമാനത്തോടെയുള്ള ഒരു മത്സരം നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ അവരുടെ എല്ലാ ഗാ‍നങ്ങളും ഒന്നിനൊന്ന് മികച്ചതായി മാറുകയും ചെയ്തു.
 
കുമാരസംഭവത്തില്‍ തന്നെ ഒ എന്‍ വി എഴുതിയ എല്ലാം ശിവമയം, പ്രിയസഖി ഗംഗേ, ശൈലനന്ദിനീ തുടങ്ങിയ ഗാനങ്ങളും എക്കാലത്തെയും വലിയ ഹിറ്റുകളാണ്. അക്കാലം മുതല്‍ മരണത്തിന് കുറച്ചുദിവസം മുമ്പുവരെയും ചലച്ചിത്രഗാനരംഗത്ത് ഒ എന്‍ വി സജീവമായിരുന്നു. അന്നുമുതല്‍ ഇന്നുവരെ ഒ എന്‍ വിയെ മറികടക്കുന്ന ഒരു പ്രതിഭ ആ രംഗത്ത് ഉണ്ടായതുമില്ല. 
 
സന്ധ്യേ കണ്ണീരിതെന്തേ എന്ന് ചോദിക്കുന്ന കവിയോട് പ്രകൃതി മറുപടി പറയാതിരിക്കുന്നതെങ്ങനെ? മലയാള സിനിമാലോകം അതുവരെ ശീലിച്ച ഭാവനാലോകത്തിനപ്പുറത്തും പുതിയ ഭാവുകത്വം സൃഷ്ടിച്ച കവിയായിരുന്നു ഒ എന്‍ വി. സാഗരമേ ശാന്തമാക നീയെന്ന് പറയുന്നത് പ്രണയപൂര്‍വമുള്ള ഒരഭ്യര്‍ത്ഥനയായിരുന്നു. മറ്റാരെഴുതിയാലും അത് ഒരു ആജ്ഞാഭാവത്തിലെത്തി അസംബന്ധമാകുകയും ചെയ്യുമായിരുന്നു. മാടപ്രാവേ വാ... എന്ന് ലളിതമാകുന്നത്രയും ലളിതമായ ഭാഷയില്‍ മലയാളി മനസിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു കവി.
 
ഉള്‍പ്പടലിലെ ശരദിന്ദുമലര്‍ദീപങ്ങളും കൃഷ്ണതുളസിക്കതിരുകളും നഷ്ടവസന്തവുമെല്ലാം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് ആഘോഷിച്ചു. പ്രണയവും വിരഹവും നൊമ്പരവുമെല്ലാം ഇഴചേര്‍ന്ന ഗാനലോകത്തില്‍ ഹാസ്യത്തിനും ഒ എന്‍ വി പ്രാധാന്യം നല്‍കിയിരുന്നു. തക്കിടിമുണ്ടന്‍ താറാവേ തന്നെ ഏറ്റവും നല്ല ഉദാഹരണം. സാക്ഷാല്‍ യേശുദാസായിരുന്നു ആ ഗാനത്തിന് ഈണമിട്ടത്.
 
എണ്‍പതുകളിലേക്ക് കടക്കുമ്പോള്‍ വേഴാമ്പല്‍ കേഴും വേനല്‍ക്കുടീരവും തുമ്പീ വാ തുമ്പക്കുടത്തിനും നമ്മെ വരവേല്‍ക്കുന്നു. ഒരുവട്ടം കൂടിയെന്‍, പോക്കുവെയില്‍ പൊന്നുരുകി, ചൈത്രം ചായം ചാലിച്ചു തുടങ്ങിയവ ചില്ല് എന്ന ചിത്രത്തിലേതായിരുന്നു. പ്രണയം നിറഞ്ഞൊഴുകിയ വരികള്‍. അതില്‍ നിന്ന് നേരേ തനിക്കേറെ പരിചിതമായ നാടകലോകത്തിന്‍റെ കഥ പറഞ്ഞ യവനികയിലെ ഗാനങ്ങള്‍. ഒ എന്‍ വി എഴുതിയ ഭരതമുനിയൊരു കളം വരച്ചു, ചെമ്പകപുഷ്പ വിലാസിതയാമം തുടങ്ങിയ ഗാനങ്ങള്‍ ഇന്നും തിളങ്ങിനില്‍ക്കുന്നു.
 
കൂടെവിടെ എന്ന ചിത്രത്തില്‍ ജോണ്‍സണ്‍ മാഷിട്ട ഒരു ഈണത്തോട് കലഹിച്ച് പോകാനൊരുങ്ങിയതാണ് ഒ എന്‍ വി. ജോണ്‍സന്‍റെയും പത്മരാജന്‍റെയും സ്നേഹനിര്‍ബന്ധത്തിന് വഴങ്ങിയാണ് പിന്നീട് അത് എഴുതിനല്‍കിയത്. അത് എവര്‍ഗ്രീന്‍ ഹിറ്റായ ‘ആടിവാ കാറ്റേ...’ ആയിരുന്നു. സമാനമായ സംഭവം ഔസേപ്പച്ചതും ഉണ്ടായി. കാതോടുകാതോരത്തിനായി ഇട്ട ഈണത്തിന് അനുസരിച്ച് തനിക്ക് പാട്ടുണ്ടാക്കാനാവില്ലെന്ന് ശാഠ്യം പിടിച്ചു കവി. ഒടുവില്‍ ഔസേപ്പച്ചനും ഭരതനും സ്നേഹപൂര്‍വം ശാന്തനാക്കിയപ്പോള്‍ ലഭിച്ചത് ‘നീ എന്‍ സര്‍ഗസൌന്ദര്യമേ...’.
 
പിന്നീട് രവീന്ദ്രന്‍ മാഷിനൊപ്പം പുഴയോരഴകുള്ള പെണ്ണ് വന്നു. ശേഷം ഇത്തിരിപ്പൂവേ ചുവന്ന പൂവേയിലെ പൊന്‍‌പുലരൊളി. അക്കാലത്തുതന്നെയാണ് ഇളയരാജയുമായും കവിക്ക് ചങ്ങാത്തമാകുന്നത്. സന്ധ്യയ്ക്ക് വിരിഞ്ഞ പൂവിലെ ബുള്‍ബുള്‍ ബുള്‍ബുള്‍ മൈനേ സൂപ്പര്‍ഹിറ്റായി. യാത്രയിലെ ഗാനങ്ങള്‍ വന്‍ ഹിറ്റായി. തന്നന്നം താനന്നം താളത്തിലാടി, യമുനേ നിന്നുടെ നെഞ്ചില്‍ എന്നിവ ഇപ്പോഴും ആസ്വാദകര്‍ ഏറ്റുപാടുന്നു.
 
നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍ മറഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിക്കുമോ എന്നുചോദിച്ചതും ഒ എന്‍ വിയാണ്. സുഖമോ ദേവിയിലെ ഗാനങ്ങള്‍ മലയാളിയുള്ളിടത്തോളം മറക്കാനാവുമോ? ശ്രീലതികകള്‍ ഇന്നും തളിരണിഞ്ഞുലയുന്നു. മുന്തിരിത്തോപ്പുകള്‍ പ്രണയത്തിന്‍റെ മഹാകാവ്യമായപ്പോള്‍ അതിലെ ഗാനങ്ങളും അനശ്വരമായി. പവിഴം പോല്‍ പവിഴാധരം പോല്‍, ആകാശമാകെ... എന്നീ ഗാനങ്ങള്‍ പ്രണയഗൃഹാതുരരാക്കും ആരെയും.
 
ബോംബെ രവിക്കൊപ്പമുള്ള കൂടിച്ചേരലില്‍ ഒ എന്‍ വി വീണ്ടും പൂത്തുലഞ്ഞു. ആ രാത്രി മാഞ്ഞുപോയതും സാഗരങ്ങളേയുമൊക്കെ അങ്ങനെയുണ്ടായി. മണ്‍‌വീണയില്‍ കൂടണയാനൊരു മൌനം പറന്നുവന്നതും കേരളം അറിഞ്ഞത് ഒ എന്‍ വിയുടെ തൂലികയിലൂടെയാണ്. പൂ വേണോ പൂ വേണോ.... വാനമ്പാടി ഏതോ... തുടങ്ങിയ ഗാനങ്ങള്‍ ദേശാടനക്കിളിയുടേതായിരുന്നു. നഖക്ഷതങ്ങളില്‍ വീണ്ടും ബോംബെ രവിക്കൊപ്പം. മഞ്ഞള്‍പ്രസാദവും, കേവലം മര്‍ത്യഭാഷ, നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍, ആരെയും ഭാവഗായകനാക്കും തുടങ്ങിയ മധുരഗാനങ്ങള്‍.
 
താരാട്ടുപാട്ടുകളില്‍ രാരീരാരീരം രാരോ പാടാത്ത അമ്മമാരുണ്ടാവില്ല. താലോലം പൈതല്‍ താലോലവും അതുപോലെ. താരാട്ടിന്‍റെ ഈണത്തില്‍ നിന്ന് ചടുലതാളത്തിലുള്ള പൂവേണം പൂപ്പടവേണം എഴുതാനും ഒ എന്‍ വിയുടെ പേനത്തുമ്പ് പതറിയില്ല. മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടത്തില്‍ തന്നെ മെല്ലെ മെല്ലെ മുഖപടം എന്ന പതിഞ്ഞമട്ടിലുള്ള പ്രണയഗാനവും ഉണ്ടായിരുന്നു. 
 
ഇന്ന് പ്രണയിക്കുന്നവര്‍ക്കെല്ലാം സമര്‍പ്പിക്കപ്പെടുന്ന ആദ്യഗാനം അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്നതാണ്. ഒ എന്‍ വിയുടെ ഏറ്റവും മികച്ച പ്രണയഗാനങ്ങളില്‍ ഒന്ന്. നെറ്റിയില്‍ പൂവുള്ള സ്വര്‍ണച്ചിറകുള്ള പക്ഷിയും ഇത്തിരിപ്പൂവിന്‍റെ കൈക്കുമ്പിളില്‍ വീണ മുത്തുമെല്ലാം ഒ എന്‍ വി മലയാളത്തിന് സമ്മാനിച്ചപ്പോല്‍ സഹൃദയലോകം ആഹ്ലാദംകൊണ്ടു.
 
പാടുവാനായ് വന്നുനിന്‍റെ പടിവാതില്‍ക്കല്‍, ഒരു ദലം മാത്രം, വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ, ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ, ഇന്ദുപുഷ്പം ചൂടിനില്‍ക്കും രാത്രി, ഇന്ദ്രനീലിമയോലും, തേടുവതേതൊരു ദേവപദം, കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം, മംഗല്യയാമം, അറിയാത്ത ദൂരത്തിലെങ്ങുനിന്നോ, പുളിയിലക്കരയോലും, അരളിയും കദളിയും, പുഴയോരത്തില്‍ പൂത്തോണിയെത്തീലാ, പൂവായ് വിരിഞ്ഞൂ, നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി, സാന്ദ്രമാം മൌനത്തില്‍, ആരോ പോരുന്നെന്‍ കൂടെ, ചെമ്പരുന്തിന്‍ ചേലുണ്ടേ, ആതിരവരവായി പൊന്നാതിരവരവായി, പേരാറ്റിന്നക്കരെയക്കരെയക്കരെയേതോ, ആലിലമഞ്ചലില്‍ നീയാടുമ്പോള്‍, തം‌ബുരു കുളിര്‍ ചൂടിയോ, അമ്പിളിക്കലചൂടും നിന്‍ തിരുജടയിലീ, പൊയ്കയില്‍ കുളിര്‍പൊയ്കയില്‍, അറിവിന്‍ നിലാവേ, വേനല്‍ച്ചൂടില്‍ ഉരുകിയമണ്ണില്‍, പാതിരാക്കിളി വരൂ പാല്‍ക്കടല്‍ക്കിളി, കുഞ്ഞുപാവയ്ക്കിന്നല്ലോ, അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍, ഞാറ്റുവേലക്കിളിയേ നീ, രാപ്പാടി കേഴുന്നുവോ, ശുഭയാത്രാ ഗീതങ്ങള്‍, കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ, വാഴ്ത്തിടുന്നിതാ, താളമയഞ്ഞു ഗാനമപൂര്‍ണം, ശ്രീരാഗമോ തേടുന്നുനീയീ, കടലിന്നഗാധമാം നീലിമയില്‍, പോരൂ എന്നോടൊത്തുണരുന്ന പുലരികളേ, കാതില്‍ തേന്മഴയായ്, ഓളങ്ങളേ ഓടങ്ങളേ, മോഹിക്കും നീള്‍മിഴിയോടെ, ചെമ്പകമലരൊളി, ശാരദേന്ദു നെയ്തുനെയ്തു, പനിനീരുപെയ്യും നിലാവില്‍, ആയിരം വര്‍ണമായ്, മതിമൌനം വീണേപാടൂ, തന്നനം പാടിവരാമോ, പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ, ഒരുനറുപുഷ്പമായ്, പൂമകള്‍ വാഴുന്ന കോവിലില്‍, ഒരുനാള്‍ ശുഭരാത്രി, കുന്നത്തെ കൊന്നയ്ക്കും പൊന്‍‌മോതിരം, ആദിയുഷസ്സന്ധ്യപൂത്തതിവിടെ, ഹൃദയത്തിന്‍ മധുപാത്രം, പാട്ടില്‍ ഈ പാട്ടില്‍, മലരൊളിയേ മന്ദാരമലരേ തുടങ്ങി എത്രയെത്ര ഗാനങ്ങള്‍ ഓര്‍മ്മയില്‍ വന്ന് നിറയുന്നു!
 
പ്രിയകവിക്ക് പ്രണാമം.