HMPV: ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ഇതുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ല; ആശങ്ക വേണ്ട

രേണുക വേണു

ശനി, 4 ജനുവരി 2025 (11:30 IST)
HMPV: ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) ഇതുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോ.അതുല്‍ ഗോയങ്ക. ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എച്ച്എംപിവി വ്യാപനം സംബന്ധിച്ച് സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. 
 
' ജലദോഷത്തിനു കാരണമാകുന്ന ഒരു സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാന്യൂമോവൈറസ്. ഇന്ത്യയില്‍ ഇതുവരെ എച്ച്എംപിവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഫക്കെട്ടും ജലദോഷവും ഉള്ളപ്പോള്‍ എടുക്കുന്നതു പോലെ സാധാരണ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മതി. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കുക. പനിക്കും ജലദോഷത്തിനും ഉള്ള മരുന്നുകള്‍ എടുത്താല്‍ മതി. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല,' അതുല്‍ ഗോയങ്ക പറഞ്ഞു. 
 
അതേസമയം, ചൈനയില്‍ പുതിയ വൈറസ് വ്യാപനം ആശങ്ക പരത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച്എംപിവിക്കു പുറമേ ഇന്‍ഫ്ളുവന്‍സ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും ചൈനയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു. ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ചില പോസ്റ്റുകള്‍ അവകാശപ്പെടുന്നു. 
 
പനിക്കു സമാനമായ ലക്ഷണങ്ങളാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് രോഗത്തിനും കാണിക്കുക. പനിക്കു സമാനമായ ലക്ഷണങ്ങളില്‍ നിന്ന് ആരംഭിച്ച് രോഗം തീവ്രമാകുന്നതോടെ ശ്വാസകോശത്തെ സാരമായി ബാധിച്ചേക്കാം. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) റിപ്പോര്‍ട്ട് പ്രകാരം 2001 ലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഈ വൈറസ് അപകടകാരിയാണ്. 
 
പ്രധാന ലക്ഷണങ്ങള്‍ 
 
പനി
കഫക്കെട്ട്
മൂക്കടപ്പ് 
ശ്വാസംമുട്ട് 
 
രോഗം ഗുരുതരമാകുന്നവരില്‍ ന്യുമോണിയയ്ക്കു കാരണമാകുന്നു. വൈറസ് ശരീരത്തില്‍ എത്തിയാല്‍ മൂന്ന് മുതല്‍ ആറ് ദിവസം വരെയുള്ള കാലയളവില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. 
 
ചുമയ്ക്കുക, തുമ്മുക, ശാരീരിക സമ്പര്‍ക്കം എന്നിവയിലൂടെയെല്ലാം വൈറസ് പകരാന്‍ സാധ്യതയുണ്ട്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ വൈദ്യസഹായം തേടണം. 
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: കൈകള്‍ ഇടയ്ക്കിടെ സോപ്പ് കൊണ്ട് വൃത്തിയാക്കുക, മാസ്‌ക് ധരിക്കുക, മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, പനി ലക്ഷണങ്ങള്‍ ഉള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആള്‍ക്കൂട്ടത്തില്‍ പോകരുത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍