കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്നുള്ള വി എം സുധീരന്‍റെ രാജി ഹൈക്കമാന്‍ഡ് അംഗീകരിച്ചിട്ടില്ലെന്ന് വിവരം. സുധീരന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും രാജിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതോടെ സുധീരന്‍ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് തിരിച്ചെത്തുമോ എന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമായി.
ദേശീയരാഷ്ട്രീയത്തില്‍ കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് വി എം സുധീരന്‍റെ രാജി അംഗീകരിക്കാതിരിക്കുന്നത് കേരളത്തിലെ സ്ഥിതിവിശേഷം കൂടുതല്‍ പഠിക്കുന്നതിനുവേണ്ടിയാണെന്നാണ് സൂചന. സുധീരന്‍റെ രാജി കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പാര്‍ട്ടിയെ തള്ളിവിടുകയാണെങ്കില്‍ രാജി അംഗീകരിക്കാതെ സുധീരന്‍ തന്നെ തുടരട്ടെ എന്ന് നിലപാടെടുക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
എന്നാല്‍ ഒരു കാരണത്താലും രാജി എന്ന നിലപാടില്‍ നിന്ന് പിന്‍മാറാന്‍ വി എം സുധീരന്‍ തയ്യാറാകില്ല എന്നുറപ്പാണ്. ആരോഗ്യകാരണങ്ങളാലാണ് രാജി എന്നതുകൊണ്ട് കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ സുധീരന് മേല്‍ ചുമത്താന്‍ ഹൈക്കമാന്‍ഡിനും കഴിയില്ല.
ഇപ്പോഴത്തെ നിലയില്‍ താല്‍ക്കാലിക അധ്യക്ഷനെ നിയമിക്കാനാവും ഹൈക്കമാന്‍ഡ് ശ്രമിക്കുക. കെ വി തോമസ് താല്‍ക്കാലിക അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശേഷം വിശദമായ ചര്‍ച്ചയുടെയും കൂടിയാലോചനകളുടെയും ഒടുവില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താമെന്നും ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു.