മുള പൂക്കുന്ന കാലം കഷ്ടകാലമെന്ന് പഴമക്കാര്‍ പറയാറുണ്ട്. വടക്കു കിഴക്കെ ഇന്ത്യയില്‍ മുളങ്കാടുകള്‍ മെയ് മുതല്‍ പൂത്തു തുടങ്ങി. ഇനി മൂന്നു കൊല്ലം മുള പൂത്തുകൊണ്ടേയിരിക്കും. ഈ മൂന്നു കൊല്ലം ഈ മേഖലയില്‍ കടുത്ത ക്ഷാമവും ദാരിദ്രയവും ഉണ്ടാവും.
ലോകത്തില്‍ ഏറ്റവുമധികം മുളങ്കാടുകളുള്ളത് ഇന്ത്യയിലാണ്. ഒരു കോടി ഹെക്ടറില്‍ 26 കോടി ടണ്‍ വരുന്ന മുളങ്കാടുകള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്.
മുളങ്കാടുകള്‍ പൂത്തതു കാണാന്‍ ഭംഗി ഉണ്ടായിരിക്കാം. പക്ഷെ ഈ പൂങ്കുലകള്‍ നാട്ടില്‍ നാശം വിതയ്ക്കും. ഈ ഭീഷണമായ ഭാവിയ്ക്കെതിരെ ആകാവുന്ന എല്ലാ കരുതല്‍ നടപടികളും നടത്താന്‍ രാജ്യം ഒരുങ്ങിത്തുടങ്ങി.
മുള പൂക്കുന്നത് ക്ഷാമമുണ്ടാക്കുമെന്ന് പറഞ്ഞാലത്, വെറുംവാക്കാണെന്നേ തോന്നൂ. പക്ഷെ സത്യമാണ്. 48 കൊല്ലം മുമ്പ് -1956 ല്‍- ആയിരുന്നു വടക്കു കിഴക്കന്‍ ഇന്ത്യയിലെ മുളങ്കാടുകള്‍ ഇതിനു മുമ്പ് രൗദ്രഭംഗിയോടെ പൂത്തുലഞ്ഞത്.
അന്ന് കൊടിയ ക്ഷാമം ഉണ്ടായി; ദുരന്തങ്ങളുണ്ടായി. 1860 കളുടെയും 1910 കളുടെയും തുടക്കത്തി ല്‍ വടക്കു കിഴക്കെ ഇന്ത്യ യിലുണ്ടായ കടുത്ത ക്ഷാമത്തിനും കഷ്ടപ്പാടുകള്‍ക്കും കാരണം മുള പൂത്തതായിരുന്നു. അക്കാലത്ത് മിസോറാമിലായിരുന്നു കൂടുതല്‍ കഷ്ടതകള്‍ ഉണ്ടായത്. ഇക്കുറിയും മിസോറാമില്‍ വന്‍ ദുരന്തങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ ആശങ്ക.
മുള പൂക്കുമ്പോള്‍ എലികളുടെ എണ്ണം ഭീകരമായി പെരുകുന്നതാണ് ക്ഷാമമുണ്ടാകാന്‍ പ്രധാന കാരണം. മുളയരി തിന്നുന്ന എലികള്‍ ക്രമാതീതമായി പെറ്റുപെരുകുന്നു. പ്രോട്ടീന്‍ഭരിത മുളയരികള്‍ ഇവയുടെ ഉത്പാദനക്ഷമതയും പതിന്മടങ്ങ് കൂട്ടുന്നു.
മുളയരികള്‍ തീരുന്നതോടെ വിശക്കുന്ന എലികളുടെ വന്‍പട ആഹാരമന്വേഷിച്ച് നാട്ടിലേക്കിറങ്ങും. നെല്ലും ഗോതമ്പും ഉരുളക്കിഴങ്ങും എല്ലാം അവ കൂട്ടത്തോടെ തിന്നു നശിപ്പിക്കും. ഒന്നും ബാക്കി വയ്ക്കില്ല. ഇതു നാട്ടിലെ സാമ്പത്തിക സ്ഥിതി പാടെ നശിപ്പിക്കും.
പൂക്കും മുമ്പെ മുള വെട്ടി ശേഖരിക്കുക, എലികളുടെ ഉല്പാദനം കൂടാതിരിക്കാന്‍ നടപടികളെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തലത്തിലും സെന്‍റര്‍ ഫോര്‍ ബാംബൂ റിസോര്‍സ് ആന്‍റ് ടെക്നോളജീസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലും ഇപ്പോള്‍ നടക്കുന്നത്.
മുള വെട്ടി സൂക്ഷിയ്ക്കാന്‍ സൗകര്യമില്ലാത്തതും പ്രശ്നമാണ്. അഗമ്യമായ കാടുകളിലെ മുള പൂക്കുന്നതോടെ നശിച്ചു പോവുന്നു. ഇതിനെത്തുടര്‍ന്ന് മണ്ണൊലിപ്പ് രൂക്ഷമാവും - ഇത് മറ്റൊരു തരത്തില്‍ നാട്ടിലെ കഷ്ടകാലത്തിന് ആക്കം കൂട്ടും.
ഒരിക്കലും ചെന്നെത്താനാവാത്ത കൊടുങ്കാടുകളിലാണ് മറ്റു മുളങ്കാടുകള്‍. 26 ടണ്‍ മുള മുഴുവന്‍ മുറിച്ചു മാറ്റി സൂക്ഷിക്കന്‍ കഴിഞ്ഞാല്‍ അത് അത് വന്‍ വിജയമാണ്. വന്‍ സാമ്പത്തിക നേട്ടമുണ്ടാവുകയും ചെയ്യും. പക്ഷെ ഇന്നത്തെ നിലയ്ക്ക് ഇതിന്‍റെ പത്ത് ശതമാനം മുറിച്ചെടുക്കാനുള്ള സൗകര്യമേയുള്ള ൂ.