മികച്ച നടനുള്ള അവാര്‍ഡിന് മമ്മൂട്ടിയെയും പൃഥ്വിരാജിനെയും പരിഗണിച്ചതേയില്ല!

ജോഷി മാര്‍ട്ടിന്‍
ചൊവ്വ, 1 മാര്‍ച്ച് 2016 (20:07 IST)
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ഇത്തവണ മമ്മൂട്ടിയെയും പൃഥ്വിരാജിനെയും പരിഗണിച്ചതേയില്ല. മമ്മൂട്ടിയുടെയും പൃഥ്വിരാജിന്‍റെയും ഒന്നാന്തരം പ്രകടനങ്ങള്‍ നടന്നിട്ടും അവരെ അവാര്‍ഡിന് പരിഗണിക്കുകപോലും ചെയ്യാത്തത് ആരാധകരില്‍ കടുത്ത അമര്‍ഷമാണ് ഉളവാക്കിയിരിക്കുന്നത്.
 
മികച്ച നടനുള്ള അവാര്‍ഡിന് ദുല്‍ക്കര്‍ സല്‍മാനെയും ജയസൂര്യയെയും മാത്രമാണ് പരിഗണിച്ചതെന്ന് ജൂറി അറിയിച്ചു. ചാര്‍ലിയിലെ അഭിനയത്തിന് ദുല്‍ക്കര്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സു.. സു... സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ സിനിമകളിലെ പ്രകടനത്തിന് ജയസൂര്യ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.
 
പത്തേമാരിയിലെ ഗംഭീര പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. ചില ചാനലുകളും പ്രസിദ്ധീകരണങ്ങളും നല്‍കിയ അവാര്‍ഡുകളില്‍ മികച്ച നടനായി പലപ്പോഴും തെരഞ്ഞെടുക്കപ്പെട്ടത് പൃഥ്വിരാജായിരുന്നു. എന്ന് നിന്‍റെ മൊയ്തീനില്‍ പൃഥ്വി നടത്തിയ അനുപമമായ പ്രകടനങ്ങള്‍ക്കായിരുന്നു ആ പുരസ്കാരങ്ങള്‍.
 
എന്നാല്‍ ഇതൊന്നും സംസ്ഥാന അവാര്‍ഡ് ജൂറിക്ക് മുന്നില്‍ ഇവരെ പരിഗണിക്കുക പോലും ചെയ്യാന്‍ കാരണമായില്ല. ചാര്‍ലിയിലെ ദുല്‍ക്കറിന്‍റെ പ്രകടനം പത്തേമാരിയിലെ മമ്മൂട്ടിയുടെ അഭിനയത്തേക്കാള്‍ വളരെ വ്യത്യസ്തമാണെന്ന് ജൂറി വിലയിരുത്തി. പത്തേമാരിയിലേതുപോലെയുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി മുമ്പും അവതരിപ്പിച്ചുണ്ടെന്നാണ് ജൂറിയില്‍ ഉണ്ടായ പൊതു അഭിപ്രായമെന്ന് ജൂറി ചെയര്‍മാന്‍ മോഹന്‍ അറിയിച്ചു. 
 
ദുല്‍ക്കറിന്‍റെയും ജയസൂര്യയുടെയും പ്രകടനത്തിന് ഒപ്പം എത്താവുന്ന മികവ് കാണാത്തതിനാലാണ് മമ്മൂട്ടിയെയും പൃഥ്വിരാജിനെയും അവാര്‍ഡിന് പരിഗണിക്കാതിരുന്നതെന്നും ജൂറി ചെയര്‍മാന്‍ പറഞ്ഞു.