മനോരമയ്ക്കെതിരെ ബ്ലോഗര്‍മാര്‍

Webdunia
WDWD
മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ പോഡ്‌കാസ്‌റ്റ്‌ വിവാദം സജീവമാകുന്നു. ടെക്‌റ്റ്‌ സന്ദേശങ്ങള്‍ കൈമാറുന്നതിന്‌ സമാനമായി നെറ്റിലൂടെ ശബ്ദം പ്രസിദ്ധീകരിക്കുന്ന പ്രക്രീയയെ പോഡ്‌കാസ്‌റ്റ്‌ എന്ന്‌ ഏകദേശമായി നിര്‍വ്വചിക്കാം.

മലയാളത്തില്‍ ആദ്യമായി പോഡ്‌കാസ്‌റ്റ്‌ അവതരിപ്പിക്കുന്നു എന്ന അവകാശവാദവുമായി മനോരമ ഓണ്‍ലൈന്‍ രംഗത്ത്‌ എത്തിയതാണ്‌ ബ്ലോഗര്‍മാരുടെ പ്രതിഷേധത്തിന്‌ കാരണമായത്‌.

മനോരമ ഇപ്പോള്‍ അവതരിപ്പിച്ച പോഡ്‌കാസ്‌റ്റ്‌ സേവനം 2005 മുതല്‍ നല്‌കി വരുന്ന സ്വകാര്യ വ്യക്തികള്‍ ഉണ്ടെന്നാണ്‌ ഇവര്‍ ചൂണ്ടികാട്ടുന്നത്‌. മലയാളത്തില്‍ ആദ്യമായി അവതരിച്ച പൊഡ്‌കാസ്റ്റ്‌ ‘എം-പോഡ്‌’ എന്ന ചുരക്കപ്പേരിലാണ്‌ അറിയപ്പെട്ടത്‌.

തിരുവനന്തപുരത്ത്‌ നടന്ന ബ്ലോഗര്‍മാരുടെ കൂട്ടായ്‌മയില്‍ അടക്കം എം-പോഡിനെ കുറിച്ചും മറ്റും വിശദമായ ചര്‍ച്ച നടന്നിരുന്നു.

ബ്ലോഗര്‍മാര്‍ ഇത്രയധികം സജീവമാകുന്നതിന്‌ മുമ്പ്‌ തന്നെ എം-പോഡ്‌ നിലവിലുണ്ടായിരുന്നു. മലയാള ശബ്ദവീചികളെ ലോകം മുഴുവന്‍ ലഭ്യമാക്കുന്നതിന്‌ എം പോഡ്‌ സഹായകമായിരുന്നു.

മലയാളത്തിലെ ആദ്യ പോഡ്‌കാസ്‌റ്റ്‌ സേവനം ഒരുക്കിയ എം പോഡിനെ കറിച്ച്‌ മാതൃഭൂമി ദിനപത്രത്തിലടക്കം ലേഖനം വന്നിരുന്നു എന്ന്‌ ജസ്‌റ്റ്‌ ജോ എന്ന ബ്ലോഗില്‍ തൃശൂര്‍ സ്വദേശിയായ ബ്ലോഗര്‍ ജോ ചൂണ്ടികാട്ടുന്നു.

മലയാളത്തില്‍ ആദ്യ പോഡ്‌കാസ്‌റ്റ്‌ എന്ന അവകാശവാദം ഉപേക്ഷിക്കാന്‍ മനോരമ ഓണ്‍ലൈന്‍ തയ്യാറാകണമെന്നാണ്‌ ബ്ലോഗര്‍മാരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി നിരവധി ബ്ലോഗര്‍മാര്‍ മനോരമ ഓണ്‍ലൈന്‌ മെയില്‍ അയച്ചിരുന്നു.

ശബ്ദ ബ്ലോഗുകളും -പോഡ്‌കാസ്റ്റും തമ്മില്‍ വ്യത്യാസമുണ്ട്‌ എന്ന വിശദീകരണമാണ്‌ മറുപടി മെയിലില്‍ മനോരമ ഓണ്‍ലൈന്‍ നല്‌കിയിരിക്കുന്നതത്രേ.

ഡിജിറ്റല്‍-മീഡിയ ഫയലുകള്‍ സിന്‍ഡിക്കേഷന്‍ ഫീഡുകളുടെ സഹായത്തോടെ നെറ്റിലൂടെ വിതരണം ചെയ്യുന്ന സമ്പ്രദായമാണ്‌ പോഡ്‌കാസ്‌റ്റ്‌ എന്നറിയപ്പെടുന്നത്‌. ദൃശ്യമാധ്യമ സംപ്രേക്ഷണത്തിന്‌ ബ്രോഡ്‌കാസ്‌റ്റ്‌ എന്ന്‌ പേരുള്ളതിനാല്‍ അതിന്‌ സമാനമായി ഈ സമ്പ്രദായത്തെ പോഡ്‌കാസ്‌റ്റ്‌ എന്ന്‌ വിളിച്ചു വരുന്നു.

തരംതിരിക്കാനും ശേഖരിച്ചുവയ്‌ക്കാനും തെരഞ്ഞ്‌ കണ്ടുപിടിക്കാനുമുള്ള പ്രത്യേകതകളാണ്‌പോഡ്‌കാസ്റ്റിന്‌ മറ്റ്‌ ഡിജിറ്റല്‍ ഫോര്‍മാറ്റുകളില്‍ നിന്ന്‌ വ്യത്യസ്ഥമാക്കുന്നത്‌. ബ്ലോഗര്‍മാര്‍ക്ക്‌ ഇടയിലേക്ക്‌ ശബ്ദത്തെ കൂടി സന്നിവേശിപ്പിച്ചു എന്നതാണ്‌ പോഡ്‌കാസ്റ്റിന്‍റെ മേന്മ.