ബ്രിട്ടാസ്‌ അഥവാ നനഞ്ഞ പടക്കം

Webdunia
PRO
കരണ്‍ ഥാപ്പറിന്‍റെ ഡെവിള്‍സ്‌ അഡ്വക്കേറ്റ്‌ പരിപാടി ഒരിക്കല്‍ കണ്ടവര്‍ കാത്തിരിക്കും അടുത്തതിനായി. അഭിമുഖമിരിക്കുന്ന ആളിന്‍റെ ഗരിമയൊന്നും ഥാപ്പര്‍ പരിഗണിക്കാറില്ല. എന്നാല്‍, മര്യാദയുടെ സീമകള്‍ ലംഘിക്കുന്നതായി പ്രേക്ഷകര്‍ക്ക്‌ തോന്നുകയുമില്ല. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ ഥാപ്പര്‍ ചോദിക്കും. ചോദ്യങ്ങള്‍ക്ക്‌ അതിന്‍റേതായ നിലവാരമുണ്ട്‌. ചില പ്രമുഖര്‍ ഥാപ്പറുമായുള്ള അഭിമുഖത്തിനു വിസമ്മതിച്ചിട്ടുമുണ്ട്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി പരിപാടി പൂര്‍ണ്ണമാക്കാതെ ഇറങ്ങിപ്പോയിട്ടുമുണ്ട്‌.കൈരളി-പീപ്പിള്‍ ചാനലില്‍ കരണ്‍ ഥാപ്പറിന്‍റെ വ്യാജന്‍ ഇടയ്ക്ക്‌ പ്രത്യക്ഷപ്പെടാറുണ്ട്‌.

കൈരളി ടി.വി. മാനേജിംഗ്‌ എഡിറ്റര്‍ കൂടിയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസാണ്‌ ഥാപ്പറിന്‍റെ
മലയാളം പതിപ്പ്‌. പ്രായം, പക്വത, കഴിവ്‌ ഇതൊന്നും അളന്നു കൊണ്ടല്ലാ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്നു വിശേഷിപ്പിച്ചത്‌. പദവി. അതു മാത്രം! ബ്രിട്ടാസിന്‍റെ പരിപാടി ഒരിക്കല്‍ കണ്ടാല്‍ തുടര്‍ന്നൊരു പരീക്ഷണത്തിന്‌ മുതിരുന്നവര്‍ ചുരുക്കമാവും. ഈ നിലപാടിനെ സാധൂകരിക്കുന്നതാണ്‌ ഓണസമ്മാനമായി ബ്രിട്ടാസ്‌ അവതരിപ്പിച്ചത്‌. നടി ഉര്‍വശിയുമായുള്ള അഭിമുഖം.

ഓണക്കാലമല്ലേ. പ്രിയപ്പെട്ട നടി ഉര്‍വശിയുമായി അഭിമുഖം എന്നു കേട്ടപ്പോള്‍ പ്രേക്ഷകര്‍ക്കും സന്തോഷം. പതിവു പോലെ 'ഏകലവ്യനി'ലെ നരേന്ദ്ര പ്രസാദിന്‍റെ അംഗവിക്ഷേപങ്ങളോടെ ബ്രിട്ടാസ്‌ പരിപാടി ആരംഭിച്ചു. കണ്ണുകളില്‍ അന്വേഷകന്‍റെ ഭാവം ആവാഹിക്കാനുള്ള വൃഥാ ശ്രമവും പ്രേക്ഷകര്‍ കാണുന്നു. പ്രതികരിക്കാത്തവരോട്‌ തോന്ന്യാസം ചോദിക്കാന്‍ തന്‍റേടമൊന്നും വേണ്ടാന്നു ബ്രിട്ടാസിനറിയാം.

WD
മനോജ്‌ കെ ജയനുമായുള്ള ഉര്‍വശിയുടെ ദാമ്പത്യബന്ധം ഉലഞ്ഞത്‌ ബ്രിട്ടാസിനെയാണ്‌ ഏറെ ചൊടിപ്പിച്ചിരിക്കുന്നത്‌. വിവാഹമോചനം ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങള്‍ ക്കും ഉര്‍വശിയുടെ 'കൈയിലിരിപ്പല്ലേ' കാരണം? വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട്‌ കോടതി കയറുന്ന എല്ലാ സ്ത്രീകളെയും പോലെ ദു:ഖിതയാവാതെ സന്തോഷത്തോടെ ഇറങ്ങിപ്പോരാനെങ്ങനെ കഴിഞ്ഞു? ഉര്‍വശിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മനോജിനോപ്പം നില്‍ക്കുന്നു. ഉര്‍വശിയാണോ വില്ലത്തി?

ഒന്നും വിട്ടുപറയാന്‍ അവര്‍ തയാറായില്ല. 'പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. അതു തനിക്കും മനോജിനും ഗുണം ചെയ്യില്ല' എന്നൊക്കെ പറഞ്ഞ്‌ ഉര്‍വശി ഒഴിഞ്ഞു മാറി. 'പിന്നെന്തിനായിരുന്നു ഈ കോപ്രായങ്ങള്‍' എന്നായി ബ്രിട്ടാസ്‌. ബ്രിട്ടാസിന്‍റെ 'ക്ലാസ്‌' മനസിലാക്കാന്‍ ഇതിനപ്പുറം എന്തു വേണം. ഉര്‍വശിയേയും മനോജിനേയും പിന്തുടര്‍ന്ന്‌ വിവരം തിരക്കുന്നത്‌ മാധ്യമപ്രവര്‍ത്തകര്‍ തന്നെയല്ലേ. അതോ 'സഹായിക്കണം' എന്നു പറഞ്ഞ്‌ ഇവരാരെങ്കിലും കൈരളി ചാനലില്‍ കയറിയിറങ്ങിയോ?

വെറുതേ വീട്ടിലിരുന്ന ഉര്‍വശിയെ സ്റ്റുഡിയോയിലെത്തിച്ച്‌ ഇമ്മാതിരി അഭിമുഖം നടത്താന്‍ ബ്രിട്ടാസ്‌ കാണിച്ച ശുഷ്കാന്തി ഗംഭീരമായി. പിന്നീട്‌ ഒരു ചോദ്യത്തിന്‌ ഉത്തരമായി ഉര്‍വശി ചിരിച്ചു. അവരുടെ മുഖത്തേയ്ക്ക്‌ ഉറ്റു നോക്കി ബ്രിട്ടാസ്‌: ഈ ചോദ്യം കേള്‍ ക്കുമ്പോള്‍ ഒന്നു കരയുമെന്നാ കരുതിയത്‌. ബ്രിട്ടാസിന്‌ ആകെയൊരു നിരാശ.

നല്ല കുറേ വേഷങ്ങള്‍ അവതരിപ്പിച്ച നടി മാത്രമല്ലേ ഉര്‍വശി. രാജ്യത്തിനെതിരേ അവര്‍ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തതായി അറിവില്ല. ഭൂമി- ഹവാല ഇടപാടുകളില്‍ അവരെക്കുറിച്ച്‌ പരാമര്‍ശമുണ്ടായതായും കേട്ടിട്ടില്ല. വൃക്ക വാണിഭ സംഘത്തില്‍പ്പെട്ട ആളാണെന്നും ആരും ആരോപിച്ചതായും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. വിവാഹമോചനം അവരുടെ വ്യക്തിപരമായ കാര്യം മാത്രം. മലയാളി സമൂഹം അതില്‍ വേവലാതിപ്പെടുന്നില്ല. മനോജിനും ഉര്‍വശിക്കുമില്ലാത്ത നൊമ്പരം ബ്രിട്ടാസിനു വേണോ? ഉര്‍വശി അഭിനയം അവസാനിപ്പിക്കുകയൊ തുടരുകയോ ചെയ്യട്ടെ. ഇവിടെന്തു സംഭവിക്കാന്‍?

WD
എന്തായാലും മാന്യമായ ചോദ്യങ്ങള്‍ ഉര്‍വശി അര്‍ഹിച്ചിരുന്നു. കടന്നാക്രമിക്കാന്‍ മുന്‍പുകിട്ടിയ അവസരങ്ങള്‍ പാഴാക്കിയത്‌ ബ്രിട്ടാസ്‌ തന്നെയല്ലേ. മദനിയുടേയും ഫാരിസ്‌ അബൂബക്കറിന്‍റെയും മുന്നില്‍ കാലുകള്‍ ചേര്‍ത്തുപിടിച്ച്‌ നടുവളച്ചിരുന്നത്‌ പ്രേക്ഷകര്‍ മറന്നിട്ടില്ല. മദനിയുടെ വീട്ടില്‍ അഭിമുഖത്തിനു ചെന്ന്‌ വെണ്ണ പുരട്ടിയ ചോദ്യങ്ങള്‍ എറിഞ്ഞുകൊടുത്ത്‌ രതിസുഖം അനുഭവിക്കുന്നത്‌ ഒട്ടൊരദ്ഭുതത്തോടെ പ്രേക്ഷകര്‍ കണ്ടു. 'ബാപ്പയാണ്‌ ഹീറോ' എന്നു പറഞ്ഞ കൊച്ചു മദനിയെ ബ്രിട്ടാസ്‌ ചേര്‍ത്തുപിടിച്ച്‌ അഭിനന്ദിച്ചു. കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ ചില ചോദ്യങ്ങളൊക്കെ ഉണ്ടാവുമെന്നു കരുതിയ പ്രേക്ഷകര്‍ക്ക്‌ നിരാശപ്പെടേണ്ടിയുംവന്നു. മദനിയെ വിശുദ്ധനാണെന്നു വാഴ്ത്തി ബ്രിട്ടാസ്‌ മടങ്ങി.

രണ്‍ജി പണിക്കര്‍ മോഡല്‍ തിരക്കഥയില്‍ ഫാരിസ്‌ കത്തിക്കയറിയപ്പോഴും മറുവശത്ത്‌ നല്ല ശമരിയാക്കാരനായി ബ്രിട്ടാസ്‌ ഉണ്ടായിരുന്നു. തന്നെ 'വെറുക്കപ്പെട്ടവന്‍' എനു വിശേഷിപ്പിച്ച മുഖ്യമന്ത്രിയെ വെല്ലുവിളിക്കാന്‍ ഫാരിസിന്‌ അവസരം നല്‍കി എന്നതിലപ്പുറം കാര്യമായ റോളൊന്നും ബ്രിട്ടാസിനില്ലായിരുന്നു. പ്രേക്ഷര്‍ക്ക്‌ ന്യായമായും ചില സംശയങ്ങളുണ്ടായിരുന്നു. അതൊന്നും ബ്രിട്ടാസ്‌ ചോദിച്ചു കണ്ടില്ല. പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ തൃപ്തിപ്പെടുത്തുക എന്ന ദൗത്യം പക്ഷേ ഭംഗിയായി നിറവേറ്റാനായി.

ഒരഭിമുഖം എങ്ങനെയാവരുതെന്ന്‌ ബ്രിട്ടാസ്‌ കാട്ടിത്തരുന്നു. മാധ്യമപ്രവര്‍ത്തകന്‍റെ ധിക്കാരത്തിന്‌ വണങ്ങിനില്‍ക്കേണ്ട ഗതികേട്‌ അഭിമുഖത്തിനിരുന്നുകൊടുക്കുന്ന ആള്‍ക്ക്‌ ഉണ്ടാവണമെന്ന്‌ ബ്രിട്ടാസ്‌ ശഠിക്കുന്നില്ല. പക്ഷെ, അങ്ങനെസംഭവിക്കണമെന്ന്‌ മനസിലൊരു മോഹം ഉറങ്ങുന്നുണ്ട്‌. അത് അറിയാതെ പുറത്തു ചാടുന്നതാണ് ഇത്തരം ‘കോപ്രായങ്ങള്‍ക്ക്’ കാരണമാവുന്നത്.