പൾസർ സുനി പറഞ്ഞത് ശരിയാണ്, 'വമ്പൻ സ്രാവുകൾ' ഉടൻ കുടുങ്ങും; ദിലീപിനും നാദിർഷായ്ക്കും ഇനി ചിരിക്കാം!

അമൃത ബാലമുരളി
വെള്ളി, 7 ജൂലൈ 2017 (14:20 IST)
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കം മുതൽക്കേ ആരോപണ വിധേയനായത് നടൻ ദിലീപ് ആയിരുന്നു. മുഖ്യപ്രതി പൾസർ സുനി ദിലീപിനെ കുടുക്കുന്ന തരത്തിൽ കത്ത് അയക്കുകയും ഫോൺ വിളിക്കുകയും ചെയ്തപ്പോൾ ആരോപണം ശക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിനേയും സംവിധായകൻ നാദിർഷയെയും പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. മലയാള സിനിമയിലും കേരളത്തിലും ഇങ്ങനെയൊരു സംഭവം ആദ്യമായിരുന്നു.
 
എന്നാൽ, കേസിൽ ദിലീപും നാദിര്‍ഷായും നിരപരാധികളാണെന്ന് നാദിര്‍ഷായുടെ സഹോദരന്‍ സമദ് സുലൈമാന്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് സമദ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ ഇരുവര്‍ക്കും പങ്കില്ലെന്നും ചിലര്‍ ഇവരെ കുടുക്കാന്‍ ശ്രമിക്കുകയാണന്നും സമദ് ആരോപിച്ചു. ശക്തമായ ആൾക്കാരാണ് ഇതിന് പിന്നിൽ എന്നും സമദ് പറയുന്നു. 
 
കേസിൽ ദിലീപ് തെറ്റുകാരനാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ താരത്തെ പിന്തുണച്ചും സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിച്ചും ആരാധകർ ഇപ്പോഴും രംഗത്തുണ്ട്. ദിലീപിന്റെ ആരാധകർ ഇപ്പോഴും അദ്ദേഹത്തിന് 'കട്ട സപ്പോർട്ട്' തന്നെയാണ്.  ദിലീപിനെതിരായ ശക്തമായ തെളിവുകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചനകൾ.
 
അതേസമയം, കേസിൽ ദിലീപിനെ കുടുക്കാനുള്ള ശക്തമായ തിരക്കഥയും നടക്കുന്നതായി സോഷ്യൽ മീഡിയകളിൽ ആരോപണങ്ങൾ ഉയരുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപ് ചില അഭിപ്രായ വ്യത്യാസങ്ങൾ ഒക്കെ ഉണ്ടായത് വാർത്തയായിരുന്നു. അതോടോപ്പം, ആക്രമിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുമാണ്. ഇതിനാൽ തുടക്കം മുതൽ ദിലീപ് പല ആരോപണങ്ങൾക്കും പാത്രമാവുകയായിരുന്നു.
 
ജനപ്രിയ നായകനായ ദിലീപിന്റെ ജനപ്രീതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഇപ്പോൾ പലർക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. ദിലീപിനെ സപ്പോർട്ട് ചെയ്ത് പലരും രംഗത്തെത്തിയതും ഇതിന്റെ അടിസ്ഥാനത്തിൽ ആകാമെന്നാണ് സൂചന. ദിലീപ് തന്നെ ഇക്കാര്യം പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. 'തന്നെ സിനിമയിൽ നിന്നും പൂർണമായും തുടച്ചു നീക്കുക എന്ന ലക്ഷ്യമാണ് തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലുള്ളത്'.
 
വരും ദിവസങ്ങളിൽ 'വമ്പൻ സ്രാവുകൾ' കുടുങ്ങുമെന്ന് കഴിഞ്ഞ ദിവസം പൾസർ സുനി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അപ്പോൾ , നിലവിൽ ചോദ്യം ചെയ്യപ്പെട്ട ദിലീപിനേക്കാളും 'വമ്പൻ സ്രാവുകൾ' പുറത്ത് ഉണ്ടോയെന്ന സംശയവും ഈ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നു. അങ്ങനെയെങ്കിൽ ഒരു നാടകത്തിന്റെ ഭാഗമായിട്ടാണ് ദിലീപിനെ എല്ലാവരും ക്രൂശിക്കുന്നത് എന്ന് വേണം കരുതാൻ. അന്വേഷണം പുരോഗമിക്കുമ്പോൾ 'ആ വമ്പൻ സ്രവുകളെ' തിരശീലക്ക് പിന്നിൽ നിന്നും മുന്നിലെക്ക് കൊണ്ടുവരാൻ കേരള പൊലീസിന് കഴിയുമെന്നാണ് ജനങ്ങൾ കരുതുന്നത്.
 
കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ സിനിമാ താരങ്ങളെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്. 
Next Article