എസ് എന്‍ സി ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമോയെന്ന വിഷയത്തില്‍ എല്ലാ കണ്ണുകളും ഇനി വി എസ് അച്യുതാനന്ദനിലേക്ക്. ഇന്ന് വിഷയം പരിഗണിച്ച ഹൈക്കോടതി തീരുമാനം സര്‍ക്കാരിന് വിട്ടതോടെ ഇക്കാര്യത്തില്‍ വി എസിന്‍റെ നിലപാടും 14 ന് നടക്കുന്ന പോളിറ്റ് ബ്യൂറൊ സമ്മേളനവും നിര്‍ണായകമാവുമെന്ന് ഉറപ്പായി.
സര്‍ക്കാരിന് മൂന്നു മാസം സമയം അനുവദിച്ചിട്ടുണ്ടെങ്കിലും 14ലെ പി ബി യോഗത്തില്‍ തന്നെ ഇതിനൊരു അന്തിമ തീര്‍പ്പുണ്ടാക്കാന്‍ വി എസ് തുനിയുമെന്നാണ് അറിയുന്നത്. സത്യത്തില്‍ കോടതി തീരുമാനത്തിലൂടെ വി എസിന് സ്വയം പ്രതിരോധിക്കാനുള്ള ഒരു പിടിവള്ളി നഷ്ടമാവുകയാണ് ചെയ്തത്.
വിഷയത്തില്‍ കോടതി നേരിട്ട് അനുമതി നല്‍കിയിരുന്നെങ്കില്‍ എല്ലാം തീരുമാനിച്ചത് കോടതിയാണെന്ന് പറഞ്ഞ് വി എസിന് കൈകഴുകാമായിരുന്നു. എന്നാല്‍ ഇനി തീരുമാനിക്കേണ്ട്ത് വി എസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ്. പ്രോസിക്യൂഷന് അനുമതി നല്‍കേണ്ട എന്ന് 14ലെ പി ബി യോഗം തീരുമാനിക്കുകയാണെങ്കില്‍ വി എസ് എന്തു നിലപാടെടുക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
പി ബി തീരുമാനം അംഗീകരിക്കുകയാണെങ്കില്‍ പിണറായിയെ ന്യായീകരിക്കാന്‍ സ്വാഭാവികമായും വി എസ് ബാധ്യസ്ഥനാവും. ഇത് തന്‍റെ പക്ഷത്ത് ബാക്കിയുള്ള അണികളെക്കൂടി എതിര്‍ചേരിയിലെത്തിക്കാനെ ഉതകൂവെന്ന് മറ്റാരെക്കാളും അറിയാവുന്ന വി എസ് പി ബിയില്‍ എന്തു നിലപാട് എടുക്കുമെന്നതായിരിക്കും നിര്‍ണായകമാവുക.
ഇക്കാര്യത്തില്‍ തന്‍റെ നിലപാട് വി എസ് നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്യുന്നത് കോടതിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നായിരുന്നു വി എസ് നേരത്തെ പറഞ്ഞത്.
അതിനാല്‍ പ്രോസിക്യൂഷന് അനുമതി നല്‍കാതിരിക്കുന്നത് കോടതി നിയോഗിച്ച സി ബി ഐയെ വെല്ലുവിളിക്കുന്നതിന് തുല്യമാകുമെന്നതിനാല്‍ ഇനി പിന്നോട്ട് പോവാന്‍ വി എസിനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
പാര്‍ട്ടി അംഗങ്ങളെല്ലാം കേസ് രാഷ്ട്രീയപ്രേരിതമെന്ന പാടി നടക്കുമ്പോഴും വി എസിന്‍റെ വായില്‍ നിന്ന് മാത്രം അത് വന്നില്ലെന്നതും ശ്രദ്ധേയമാണ്. ബാലാനന്ദന്‍ കത്ത് അയച്ചിട്ടേ ഇല്ലെന്ന് പിബിയടക്കം പറഞ്ഞിട്ടും ഇക്കാര്യം 14ന് ചേരുന്ന പി ബിയില്‍ ചര്‍ച്ച ചെയ്യുമെന്ന് വി എസ് പറഞ്ഞത് വി എസ് രണ്ടും കല്‍പ്പിച്ച് തന്നെയെന്നതിന്‍റെ സൂചനയാണ്.