നന്മയുടെ സ്വരൂപമായി ഗുരുദേവന്

Webdunia
FILEFILE
അന്ധവിശ്വാസങ്ങളും അനാചരങ്ങളും നിറഞ്ഞു നിന്ന കാലത്താ‍ണ് ശ്രീനാരായണഗുരു എന്ന മഹാമനുഷ്യന്‍റെ ജനനം. പാവപ്പെട്ടവന്‍റെ ഉന്നതിക്കായി സേവനമനുഷ്ഠിക്കുക എന്നതായിരുന്നു ഗുരുവിന്‍റെ പരമമായ ലക്‍ഷ്യം. തൊട്ടുകൂടയ്മ എന്ന ദുഷിച്ച വ്യവസ്ഥിതി മൂലം സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവന്‍റെ വേദന ഗുരുവിനെ വല്ലാതെ സ്വാധീനിച്ചു.

സമത്വവും സമാധാനവും ഈ മണ്ണില്‍ പുലരണം എന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം സാക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട്. വിദ്യയുടെ അഭാവമാ‍ണ് ഏതൊരു മനുഷ്യന്‍റേയും ജീര്‍ണ്ണാവസ്ഥക്ക് കാരണം എന്നു മനസിലാക്കി എല്ലാവര്‍ക്കും വിദ്യാഭ്യാസം നേടാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഗുരു കഠിന പ്രയത്നം നടത്തി.

ഈശ്വര ചൈതന്യം വിളയാടുന്ന ക്ഷേത്രാംങ്കണങ്ങളില്‍ പോലും അവര്‍ണ്ണന്‍ എന്ന പേര് നല്‍കി ഒരു വിഭാഗത്തിന് പ്രവേശനം നിഷേധിക്കപ്പെടുന്നത് ഗുരുവിന്‍റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആ അവസ്ഥയെ മറികടക്കാന്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്ന ക്ഷേത്രങ്ങള്‍ ഗുരുവിന്‍റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടു. ബ്രാഹ്മണ നേതൃത്വത്തിനോടുള്ള കടുത്ത വെല്ലുവിളിയായിരുന്നു അത്.

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ് സന്ദേശമാണ് ഗുരുദേവന്‍ നമ്മുക്ക് മുന്നില്‍ വച്ചത്. ജാതിയുടേയും മതത്തിന്‍റേയും പേരിലുള്ള എല്ലാ അക്രമങ്ങളേയും ഗുരു എതിര്‍ത്തു. കാഷായ വസ്ത്രം ധരിച്ച് ജനങ്ങളില്‍ നിന്ന് അകന്ന് ജീവിച്ച് സമൂഹത്തിനെ ഉപദേശിക്കുകയായിരുന്നില്ലാ ഗുരു ചെയ്തത്. ഒറ്റമുണ്ട് ഉടുത്ത് സാധാരണക്കാരന് ഒപ്പം ജീവിച്ച് അവന് നന്മയുടെ വഴി കാട്ടുകയായിരുന്നു ഗുരുനാഥന്‍.

ജീര്‍ണ്ണതയില്‍ ആണ്ടുകിടന്ന കേരള സമൂഹത്തെ ഉദ്ദരിക്കുകയായിരുന്നു ഗുരുദേവന്‍‍. ഒരു കാലഘട്ടം തന്നെ ആ മാറ്റത്തിന് കാതോര്‍ത്തിരുന്നു. പുരോഗമനത്തിന്‍റെ പടവുകള്‍ കയറുന്ന ഇന്നത്തെ കേരള ജനത ഗുരുദേവന്‍റെ
വചനങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഇന്നത്തെ സമൂഹം ആ സമത്വ ചിന്തയില്‍ നിന്നെല്ലാം ഒരുപാട് അകന്നു പോയി എന്നതിന്‍റ് തെളിവാണ് ഇന്ന് നാം കാണുന്ന മൂല്യ തകര്‍ച്ച.

വരിക മടങ്ങി വരിക ആ മഹാപുരുഷന്‍റെ സന്ദേശങ്ങളെ ഹൃദയം കൊണ്ട് ഏറ്റുവാങ്ങുക. ആ മഹത്തായ വചനങ്ങളുടെ സാക്ഷാത്ക്കാരത്തിനായി ഒരുമിച്ച് പ്രയത്നിക്കുക.