നേതാവ് വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ തന്നെ ഒരു പൊട്ടിക്കരച്ചില്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഗദ്ഗദകണ്ഠനായി സംസാരിച്ചുതുടങ്ങിയപ്പോള്‍ തന്നെ ഏതുനിമിഷവും അതുണ്ടാകുമെന്ന് കരുതി. അങ്ങനെയുണ്ടായാല്‍ പാവം പത്രക്കാരുടെ കണ്ണുകളും നിറഞ്ഞൊഴുകി ആകെ ശോകസാന്ദ്രമാകുമല്ലോ എന്നുഭയന്നിരിക്കവേ തികച്ചും വ്യത്യസ്തമായി ഗംഭീര കോമഡി പറയാന്‍ തുടങ്ങി നേതാവ്.
തന്‍റെ കണ്ണുകളില്‍ ഒന്നിന് പൂര്‍ണമായും കാഴ്ചയില്ലെന്നും മറ്റേതിന് ഭാഗികമായി കാഴ്ചശക്തിയില്ലെന്നും അതിനാല്‍ തനിക്കൊരിക്കലും കുനിയാന്‍ പറ്റില്ലെന്നുമാണ് നേതാവ് വ്യക്തമാക്കിയത്. ‘കണ്ണുകൊണ്ടാണോ കുനിയുന്നത്?’ എന്ന് ആരും മറുചോദ്യം ഉന്നയിക്കാതിരുന്നത് ഭാഗ്യം. അന്തരീക്ഷത്തിന്‍റെ ഗൌരവം അവിടെ പൊട്ടിച്ചിതറിയേനേ.
അപ്പോള്‍ നേതാവേ, കുനിഞ്ഞുനിന്ന് കൊയ്തതും മെതിച്ചതുമൊക്കെ കണ്ടല്ലോ എന്ന് സംശയം ചോദിച്ചപ്പോള്‍ വീണ്ടും തുടങ്ങി കോമഡി. “അതുനിങ്ങള്‍ ശ്രദ്ധിച്ച് കണ്ടിരിക്കുമല്ലോ, മന്ത്രി കുനിഞ്ഞതിന്‍റത്രയും ഞാന്‍ കുനിഞ്ഞില്ല... ഞാന്‍ ഒരടി കുറച്ചാ കുനിഞ്ഞത്” - എന്ന് ഉറപ്പിച്ചുപറഞ്ഞു. പാവം മാധ്യമപ്രവര്‍ത്തകര്‍. ഇനിമുതല്‍ എപ്പോഴും ഒരു ടേപ്പ് കരുതണം, നേതാക്കള്‍ എത്രയടി കുനിയുന്നു, എത്രയടി നിവരുന്നു എന്നൊക്കെ സ്പോട്ടില്‍ അളന്നുതീര്‍ച്ചപ്പെടുത്താമല്ലോ.
കണ്ണില്‍ വെയിലടിക്കാന്‍ പാടില്ലെന്ന് നേതാവിനോട് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടത്രേ. അപ്പോള്‍ പിന്നെ കരുണാനിധി സ്റ്റൈലില്‍ ഒരു കറുത്ത കണ്ണട ഫിറ്റ് ചെയ്തുകൂടേ എന്നൊന്നും ചോദിക്കരുത്. കണ്ണടയും ഈ രോഗവുമായി ഒരു ബന്ധവുമില്ല. കണ്ണില്‍ മാത്രമല്ല, തലയില്‍ മുഴുവന്‍ വെയില്‍ കൊള്ളാന്‍ പാടില്ലെന്നാ പറഞ്ഞിരിക്കുന്നത്. അതിനെപ്പോഴും ഹെല്‍മെറ്റ് വച്ചുനടക്കാന്‍ പറ്റുമോ? (തല അധികം മഴകൊള്ളിക്കരുത് എന്നുപറഞ്ഞുകേട്ടിട്ടുണ്ട്, വെയില്‍ കൊള്ളിക്കരുതെന്ന് കേള്‍ക്കുന്നത് ആദ്യം)
അതൊക്കെയിരിക്കട്ടേ, എന്താ ഈ രോഗത്തിന്‍റെ പേര്?
നേതാവ് ഉടന്‍ തന്നെ വാര്‍ത്താസമ്മേളനം മതിയാക്കി എഴുന്നേറ്റു, ‘ഈ രോഗത്തിന്‍റെ പേരൊന്നും പറഞ്ഞാല്‍ മനസിലാക്കാനുള്ള പ്രായം നിങ്ങള്‍ക്കായിട്ടില്ല’ എന്ന മട്ടില്‍. പേര് പറയാതിരുന്നതും കാര്യമായി. ‘ബ്രയിനോ ഫ്രഞ്ചീരിയ ഒപ്ടോപ്പിക്ക’ എന്നെങ്ങാനും പറഞ്ഞിരുന്നെങ്കില്‍ അതിന്‍റെ ഡീറ്റെയില്‍സ് അന്വേഷിച്ച് ആകെ കുഴഞ്ഞേനെ.