കേരളത്തിന് അച്യുതാനന്ദനെ കൈവെടിയാന്‍ വയ്യ!

Webdunia
വെള്ളി, 18 മാര്‍ച്ച് 2011 (15:29 IST)
PRO
PRO
ഒരാഴ്ചത്തെ ആശയക്കുഴപ്പങ്ങള്‍ക്കും മാധ്യമങ്ങളുടെ വിഴുപ്പലക്കലിനും ശേഷം ആ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. സ്വന്തം നിയോജകമണ്ഡലമായ മലമ്പുഴയില്‍ വി‌എസ് അച്യുതാനന്ദന്‍ ഇത്തവണയും ചെങ്കൊടിക്ക് വേണ്ടി ജനവിധി തേടും. വി‌എസ് മത്സരിക്കില്ലെന്ന് കേരളത്തിലെ സകല മാധ്യമങ്ങളും വിധിയെഴുതിയപ്പോള്‍ വി‌എസിന്റെ പ്രവര്‍ത്തനങ്ങളെ ഇഷ്ടപ്പെടുന്ന കേരള ജനത ചെങ്കൊടിയുമേന്തി തെരുവില്‍ ഇറങ്ങുകയായിരുന്നു. “വി‌എസിനെ ഞങ്ങള്‍ക്ക് വേണം, വി‌എസില്ലെങ്കില്‍ ഞങ്ങളുമില്ല” എന്നായിരുന്നു വി‌എസ് ആരാധകര്‍ വിളിച്ചുപറഞ്ഞിരുന്നത്.

കേരളത്തിലെ മറ്റേതെങ്കിലും പാര്‍ട്ടിയിലെ ഒരു നേതാവിന് വേണ്ടി ഇത്രയേറെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങുമായിരുന്നോ എന്നൊരു ചോദ്യം ഇപ്പോള്‍ കോണ്‍‌ഗ്രസ് അടക്കമുള്ള മറ്റ് പാര്‍ട്ടികളെ നോക്കി പല്ലിളിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും മറ്റ് പാര്‍ട്ടികളിലെയും വി‌എസ് ആരാധകര്‍ ചെങ്കൊടിയും ഏന്തി “വി‌എസിനെ ഞങ്ങള്‍ക്ക് വേണം” എന്നും പറഞ്ഞ് കേരളത്തെ ചുവപ്പണിയിച്ചതിലും നല്ലൊരു പ്രചരണ പരിപാടി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടുമോ? കഴിഞ്ഞ തവണയും ഇതുതന്നെ ആയിരുന്നു ഉണ്ടായത്. സത്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വല്ല ഹിഡന്‍ അജന്‍‌ഡയുമാണോ ഈ വി‌എസ് വിവാദം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷവും (പിണറായി വിജയന്‍, തോമസ് ഐസക്ക്, എം‌എ ബേബി തുടങ്ങിയ നേതാക്കള്‍) അച്യുതാനന്ദന്റെ ചില ശാഠ്യങ്ങളും തമ്മില്‍ അത്ര സമരസത്തിലല്ല എന്ന് കേരളത്തിലെ കൊച്ചുകുട്ടിക്ക് പോലും അറിയാം. ഈ സമരസമില്ലായ്മയില്‍ ‘സ്പെക്കുലേറ്റ്’ ചെയ്തുണ്ടാക്കിയ ചില്ലറ കഥകള്‍ മെനഞ്ഞാണ് പ്രമുഖ മാധ്യമങ്ങള്‍ സി‌പി‌എമ്മിനെ അടിക്കാന്‍ നോക്കിയത്. വി‌എസിനെ വീരനായകനാക്കി പൊക്കിക്കൊണ്ടും പിണറായി അടക്കമുള്ള ചില നേതാക്കളെ കൊള്ളരുതാത്തവര്‍ ആയി ചിത്രീകരിച്ച് കൊണ്ടും നിക്ഷിപ്തതാല്‍‌പര്യം വച്ചുപുലര്‍ത്തുന്ന പ്രമുഖ മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ആക്രമിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പിണറായി പ്രഖ്യാപിച്ചതോടെ ഊഹാപോഹങ്ങള്‍ക്ക് അവസാനമായി. താഴത്തെ തട്ടിലുള്ള അണികള്‍ ആവശ്യപ്പെട്ട രീതിയിലുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് താന്‍ പ്രകാശിപ്പിക്കാന്‍ പോകുന്നത് എന്ന് പറഞ്ഞാണ് പിണറായി പത്രസമ്മേളനം തുടങ്ങിയത്. വായിച്ച പട്ടികയില്‍ മുപ്പത്തൊമ്പതാമത്തെ സ്ഥാനാര്‍ത്ഥിയായി അച്യുതാനന്ദന്റെ പേരും ഉണ്ടായിരുന്നു. വി‌എസ് എപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും മാധ്യമങ്ങള്‍ വി‌എസിനെ പാര്‍ട്ടിയില്‍ നിന്ന് വെട്ടിമാറ്റി ചിത്രീകരിക്കരുതെന്നും പറഞ്ഞാണ് പിണറായി പത്രസമ്മേളനം അവസാനിപ്പിച്ചത്.

പത്രസമ്മേളനം അവസാനിച്ചയുടന്‍ ചാനലുകളും വെബ്‌ദുനിയ മലയാളം അടക്കമുള്ള സൈബര്‍ മീഡിയയും അച്യുതാനന്ദന്‍ മലമ്പുഴയില്‍ മത്സരിക്കുന്ന വാര്‍ത്ത വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിച്ചുയര്‍ന്ന ‘വി‌എസ്’ പ്രകടനങ്ങള്‍ കണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മനം‌മാറ്റം ഉണ്ടായത് എന്നാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്നത്. അപ്പോള്‍ ഒരുകാര്യം ഉറപ്പായി. കേരളത്തിലെ ജനങ്ങള്‍ക്ക് വി‌എസിനെ വേണം!

ഒപ്പം തന്നെ കണക്കിലെടുക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. വി‌എസ് മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെയും വി‌എസ് അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ ഒരു പ്രസ്താവനയും നടത്തിയിരുന്നില്ല എന്നതാണത്. ‘സമയമാകുമ്പോള്‍ പറയേണ്ടവര്‍ പറയും’ എന്നാണ് വി‌എസ് വരെ പറഞ്ഞത്. അറുപത്തിയാറ് തൊട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുന്ന വി‌എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ അവിഭാജ്യഘടകം ആണെന്നാണ് പിണറായി അടിവരയിടുമ്പോള്‍ എന്താണ് അതിനര്‍ത്ഥം? പാര്‍ട്ടിക്കും വി‌എസും ഒന്നാണെന്നല്ലേ?

കേരളത്തിന് അച്യുതാനന്ദനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും കൈവെടിയാന്‍ വയ്യ എന്നൊരു സ്ഥിതിവിശേഷമാണോ മാധ്യമങ്ങളുടെ കൈവിട്ട കളി കൊണ്ട് ഉണ്ടായത് എന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം! സത്യത്തില്‍ ചില പ്രമുഖ മാധ്യമങ്ങള്‍ എറിഞ്ഞ കല്ല് ഉന്നം തെറ്റി ബൂമറാംഗായി അവര്‍ക്ക് നേരെ വരുന്ന കാഴ്ചയാണിപ്പോള്‍! വി‌എസിനെ മത്സരിപ്പിച്ചത് തങ്ങളാണെന്ന് മലയാളികളോട് വിളിച്ചുപറയുകയും ഉള്ളില്‍ വി‌എസ് മത്സരിക്കാന്‍ ഇറങ്ങുന്നതിനെ ശപിക്കുകയും ചെയ്യേണ്ട ഗതികേടിലാണ് കേരളത്തിലെ രണ്ടോ മൂന്നോ പ്രമുഖ മാധ്യമങ്ങളെങ്കിലും!

( ലേഖനത്തിലെ ആശയങ്ങളും വിഷയവും ലേഖകന്റേത് മാത്രം. ലേഖനത്തിലെ ആശയങ്ങള്‍ക്ക് വെബ്‌ദുനിയ മലയാളത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുനതല്ല.)