കാറുകളുടെ കളിത്തോഴന്‍ - ഫോര്‍ഡ്

Webdunia
മിഷിഗണിലെ ഡിയര്‍ബോണ്‍ പട്ടണത്തിനടുത്ത് സമൃദ്ധമായ കൃഷിയിടങ്ങളുള്ള കര്‍ഷക കുടുംബത്തില്‍ നിന്നാണ് ഒരു ചെറുപ്പക്കാരന്‍ ലോകത്തിന്‍റെ നെറുകയിലേക്ക് വണ്ടിയോടിച്ച് കയറിയത്.

ചെറുപ്പക്കാരനെ നമുക്ക് ഹെന്‍ട്രിഫോഡെന്നും അവന്‍റെ സ്വപ്നസഞ്ചാരത്തെ ഫോഡ് മോട്ടോര്‍ കമ്പനിയെന്നും വിളിക്കാം. 1863ല്‍ ജനിച്ച ഫോഡിന്‍റെ ജന്മദിനമാണ് ജൂലൈ 30.

വില്യമിന്‍റെയും മേരിഫോഡിന്‍റെയും ആറു മക്കളില്‍ മൂത്തവനായി ഹെന്‍ട്രി ഫോഡ് ജനിച്ചു. കുട്ടിക്കാലത്തു തന്നെ യന്ത്രപ്പണിയില്‍ താത്പര്യമുണ്ടായിരുന്ന ഫോഡ് അച്ഛന്‍റെ കടയില്‍ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ചു.

13- ാം വയസ്സിലാണ് സ്വയം ഓടുന്ന ഒരു വണ്ടി - ആവിയന്ത്രത്താല്‍ സ്വയം ചലിക്കുന്ന വണ്ടി ഫോഡ് കണ്ടത്.

1879 ല്‍ ഫ്ളവര്‍ ബ്രദേഴ്സ് കമ്പനിയില്‍ മെക്കാനിക്ക് സഹായിയായി ചേര്‍ന്നു. 1882ല്‍ ഡിയര്‍ ബോണിലേക്ക് മടങ്ങിയെത്തി സ്വന്തം കമ്പനിയില്‍ പണിയെടുത്തു. അവിടെ ഫോഡ് വികസിപ്പിച്ചെടുത്ത വലിപ്പം കുറഞ്ഞ ബസ്റ്റിംഗ് ഹൗസ് ആവിയന്ത്രം ഫോഡിന് പുതിയ തുടക്കം നല്‍കി.


1888 ല്‍ ക്ളാരാ ബ്രയന്‍റിനെ ഫോഡ് വിവാഹം കഴിച്ചു. 1891ല്‍ എഡിസണ്‍ ഇല്ല്യൂമിനേറ്ററിംഗ് കമ്പനിയില്‍ എഞ്ചിനീയറായി ചേര്‍ന്ന ഫോഡ് രണ്ടു വര്‍ഷത്തിനകം കമ്പനിയുടെ ചീഫ് എഞ്ചിനീയറായി ഉയര്‍ന്നു. 1896ല്‍ സ്വയം പ്രവര്‍ത്തിക്കുന്ന ക്വാഡര്‍ സൈക്കിള്‍ യന്ത്രം ഫോഡ് പരീക്ഷിച്ചു.

കുറെ നിക്ഷേപകരെ ചേര്‍ത്ത് ഡിറ്ററോയിറ്റ് ആട്ടോമൊബൈല്‍ കമ്പനി തുടങ്ങിയ ഫോഡിന് തുടക്കം തന്നെ വിജയമായിരുന്നു. കാറോട്ട കമ്പക്കാരനായ ഫോഡ് ഹെന്‍ട്രി ഫോഡ് കമ്പനി എന്ന പേരില്‍ മറ്റൊരു കമ്പനി കൂടി തുടങ്ങി.

1903 ല്‍ കുറെനാള്‍ കൂടി നിക്ഷേപകരെ ചേര്‍ത്ത് 28,000 ഡോളര്‍ മൂലധനത്തില്‍ ഫോഡ് മോട്ടോര്‍ കമ്പനി രൂപീകരിച്ചു. വേഗതയില്‍ പുതിയ റെക്കോഡിട്ട ഫോഡിന്‍റെ പുതിയ മോഡല്‍ 999 പൂര്‍ണ വിജയം കണ്ടു.

1913 ല്‍ പുറത്തിറക്കിയ മോഡല്‍ ടി.എസ് വില്പനയില്‍ ചലനം സൃഷ്ടിച്ചു. 1918ല്‍ അമേരിക്കയിലെ കാറുകളില്‍ പകുതിയിലധികം ടി.എസ്. മോഡലിന്‍റേതായിരുന്നു. 15 ദശലക്ഷം കാറുകളാണ് ഈ മോഡലില്‍ ലോകമെങ്ങും വിറ്റു പോയത്. 1920 കളുടെ ഒടുവിലെത്തിയതോടെ ഫോഡ് വിപണി പിടിച്ചു.

1931 ല്‍ മോഡല്‍ എ വിജയചരിത്രം ആവര്‍ത്തിച്ചു. കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് കാര്‍ നിര്‍മ്മാണത്തിനാവശ്യമായ പ്ളാസ്റ്റിക്കും മറ്റ് അസംസ്കൃത വസ്തുക്കളും നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങളും വിജയം കണ്ടു.

വ്യാവസായിക രംഗത്തു മാത്രമല്ല ഫോഡിന്‍റെ പ്രവൃത്തി വിജയങ്ങള്‍. 1919ല്‍ ദ ഡര്‍ബോണ്‍ ഇന്‍റിപെന്‍റന്‍റ് എന്ന പത്രം തുടങ്ങി. ഹിറ്റ്ലറുടെ ജൂത വിരോധത്തിന് അനുകൂല നിലപാടായിരുന്നു ഫോഡിന്‍റേത്.

ഹിറ്റ്ലര്‍ക്ക് യന്ത്രസഹായങ്ങളും ഫോഡ് നല്‍കിയതായി ചരിത്രം. 1938ല്‍ ദ് ഗ്രാന്‍റ് ക്രോസ് ഓഫ് ദ ഓദര്‍ ഓഫ് ദ ജര്‍മ്മന്‍ ഈഗിള്‍ പുരസ്കാരം ഹിറ്റ്ലര്‍ നല്‍കിയത് ഒരര്‍ത്ഥത്തില്‍ ഉപകാര സ്മരണയായിരുന്നു. ഈ പുരസ്കാരം നേടുന്ന ആദ്യ അമേരിക്കക്കാരനാണ് ഫോഡ്.

തൊഴിലാളികളോട് അനുകൂല നിലപാട് സ്വീകരിച്ച ഫോഡ് അഞ്ചു ദിവസം 40 മണിക്കൂര്‍ ജോലി സമയം എന്ന തൊഴില്‍ ക്രമം 1926ല്‍ തന്‍റെ കന്പനിയില്‍ നടപ്പാക്കി ഫോഡ് മറ്റുള്ളവര്‍ക്ക് മാതൃകയായി.

1945 ല്‍ റൂസ് വെല്‍റ്റ് ഫെഡറല്‍ ബാലറ്റിലൂടെ അധികാരമേറ്റപ്പോഴേക്കും ഫോഡ് കന്പനിയില്‍ നിന്ന് പിന്‍വാങ്ങി. ഫോഡിന്‍റെ ചെറുമകന്‍ ഹെന്‍ട്രി ഫോഡ് രണ്ടാമന്‍ അപ്പോഴേക്കും കന്പനിയെ നിയന്ത്രിക്കാന്‍ പ്രാപ്തനായിരുന്നു.

1936 ല്‍ തുടങ്ങിയ ഫോഡ് ഫൗണ്ടേഷന്‍ ഇന്ന് ലോകം മുഴുവനുമുള്ള സേവന സംഘടനയാണ്. ഹോട്ടല്‍ വ്യവസായ രംഗത്തും ഫോഡിന്‍റെ പേരുകളുണ്ട്.

1947 ഏപ്രില്‍ ഏഴിന് ഫോഡ് മരണത്തിലേക്ക് നടന്നു കയറുന്പോള്‍ പൂര്‍ണ സംതൃപ്തനായിരുന്നു. ലോകം മുഴുവന്‍ വളര്‍ന്നു വികസിച്ച ഫോഡ് മോട്ടോര്‍ കന്പനിയെന്ന മഹാ സാമ്രാജ്യം ഒരു ചെറിയ സ്വപ്നമായിരുന്നില്ലല്ലോ?