ഒരു സ്റ്റാമ്പിന്റെ കുറവില്‍ ഉപതെരഞ്ഞെടുപ്പുണ്ടാവുമ്പോള്‍!

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2012 (17:55 IST)
PRO
PRO
വര്‍ക്കലയിലെ കോണ്‍ഗ്രസ് എം എല്‍ എയായ വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് റദ്ദാക്കിയത്. കാരണമായത് ഒരു റവന്യുസ്റ്റാമ്പും. ബി എസ് പി സ്ഥാനാര്‍ഥിയായ എസ് പ്രഹ്ലാദന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നടപടിയുണ്ടായത്. പ്രഹ്ലാദന്‍ നല്‍കിയ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ് പതിച്ചില്ലെന്ന കാരണത്താല്‍ വരണാധികാരി തള്ളിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നു കാണിച്ച് പ്രഹ്ലാദന്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണു നടപടിയുണ്ടായത്.

ഒരു സ്റ്റാമ്പിന്റെ പേരില്‍ പത്രിക തള്ളിയത് ഒരു സ്ഥാനാര്‍ത്ഥിക്ക് മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടതായി വിലയിരുത്തിക്കൊണ്ട് ജസ്റ്റിസ് സതീഷ് ചന്ദ്രയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഇതിനെതിരെ അപ്പില്‍ നല്‍കിയതിനെത്തുടര്‍ന്ന് സ്റ്റേ ലഭിച്ചു കഴിഞ്ഞു. കഹാറിന് സഭാ നടപടികളില്‍ കാഴ്ചക്കാരനെപ്പോലെ പങ്കെടുക്കാം വോട്ടു ചെയ്യാനാവില്ല. ഈ സ്ഥിതി തുടര്‍ന്നു പോകാന്‍ കഹാറോ ഹര്‍ജി നല്‍കിയ പ്രഹ്ലാദനോ തയാറാവില്ല. ഫലത്തില്‍ കേരളം കാത്തിരിക്കുന്നത് മറ്റൊരു ഉപതെരഞ്ഞെടുപ്പാണ്. യു ഡി എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം തികയ്ക്കുന്നതിനു മുന്‍പ് നടക്കാന്‍ പോകുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പ്.

അനൂപ് ജേക്കബിനെയും വീണു കിട്ടിയ ശെല്‍വരാജിനെയും കൊണ്ട് കോറം തികച്ചു നിന്ന യു ഡി എഫ് സര്‍ക്കാറിന് പ്രതീക്ഷിക്കാത്ത അടിയായിരുന്നു കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി. പക്ഷേ നെയ്യാറ്റിന്‍കരയിലും പിറവത്തും വിയര്‍പ്പൊഴുക്കിയതു പോലെ ഒരു പ്രശ്നം വര്‍ക്കലയില്‍ ഉണ്ടാവാനും സാധ്യതയില്ല. പക്ഷേ ഒരു ഉപതെരഞ്ഞെടുപ്പുണ്ടായാ‍ല്‍ അതിന്റെ തിക്ത ഫലം അനുഭവിക്കുക പാവപ്പെട്ട ജനങ്ങളാണ്.


ഇതിന് മുന്‍പ് 2009ലും മൂന്ന് ഉപതെരഞ്ഞെടുപ്പുകളാണ് കേരളം നേരിട്ടത്. കണ്ണൂരില്‍ സുധാകരനും ആലപ്പുഴയില്‍ കെ സി വേണുഗോപാലും എറണാകുളത്ത് കെ വി തോമസും ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കി. കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച ഈ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ കണ്ണൂരില്‍ എ പി അബ്ദുള്ളക്കുട്ടി, ആലപ്പുഴയില്‍ എ എ ഷുക്കൂര്‍, എറണാകുളത്ത് ഡൊമനിക് പ്രസന്റേഷന്‍ എന്നിവരാണ്‌ വിജയിച്ചത്. അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ആ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇപ്പോള്‍ യുഡിഎഫ് ഭരണകാലത്തും നിലവില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു.


തെരഞ്ഞെടുപ്പ് യോഗങ്ങളും, പരസ്പരമുള്ള പോര്‍വിളികളും, തലങ്ങും വിലങ്ങും ഇടതടവില്ലാതോടുന്ന പ്രചരണ വാഹനങ്ങള്‍. ഇതിനിടയില്‍ പണിയെടുക്കേണ്ടി വരുന്ന ഇലക്ഷന്‍ വേലയ്ക്ക് നിയോഗിയ്ക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍. മുക്കിന് മുക്കിന് ഉയരുന്ന ഫ്ലെക്സ് ബോര്‍ഡുകള്‍ക്കും മറ്റും ചിലവാക്കുന്ന ലക്ഷങ്ങള്‍ക്ക് ഒരു കണക്കുമില്ല. ഇലക്ഷണ്‍ കമ്മിഷന്റെ നിരീക്ഷകര്‍ കരിവാരിത്തേച്ചാലും നല്ല ശിവകാശി പോസ്റ്ററില്‍ നേതാവ് വെളുത്തുതന്നെ ഇരിക്കും.

ഒരു നിയമസഭാ തെരഞ്ഞെടുപ്പിനു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചിലവിടുന്നത് കുറഞ്ഞത് നാല്പത് ലക്ഷം രൂപയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് പരമാവധി ചിലവഴിയ്ക്കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ അനുവദിച്ചിരിയ്ക്കുന്ന തുക പതിനാറു ലക്ഷം രൂപ മാത്രവും. സ്ഥാനാര്‍ഥികള്‍ ഒരു തെരഞ്ഞെടുപ്പില്‍ ഒരിയ്ക്കലും ഇലക്ഷന്‍ കമ്മിഷന്റെ വരുതിയില്‍ നിന്നു ചിലവഴിക്കില്ല പോസ്റ്റര്‍, നോട്ടീസ്, മൈക്ക് സെറ്റ് കെട്ടിവെച്ച വാഹനങ്ങള്‍ക്ക് ഉള്ള വാടക, ഇന്ധനം, ചുവരെഴുത്ത്, ഫ്ലക്സ് ബോര്‍ഡ്, മദ്യം, സ്ഥാനാര്‍ഥിക്കും പരിവാരങ്ങള്‍ക്കും സഞ്ചരിക്കാനുള്ള വാഹനങ്ങള്‍ക്കുള്ള വാടക, അതിനു വേണ്ടുന്ന ഇന്ധനം, ഭക്ഷണം, സ്പെഷ്യല്‍ ഗസ്റ്റുകള്‍ക്കായി പറന്നു പ്രചരണം നടത്താന്‍ ചിലപ്പോള്‍ ഹെലികോപ്റ്റര്‍. ചിലവുകള്‍ക്കും ഉപതെരഞ്ഞെടുപ്പുകള്‍ക്കും അവസാനമില്ല.