ഉമ്മന്‍‌ചാണ്ടി ഒഴിഞ്ഞാല്‍ ആരാകും മുഖ്യമന്ത്രി?

അഞ്ജലികൃഷ്ണ
ശനി, 10 മെയ് 2014 (16:15 IST)
മെയ് 16ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചില പൊട്ടിത്തെറികള്‍ പ്രതീക്ഷിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. യു ഡി എഫിന് 10 സീറ്റുകളില്‍ താഴെ മാത്രമാണ് ലഭിക്കുന്നതെങ്കില്‍ ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവരുമെന്നാണ് സൂചന. ഇതുമുന്നില്‍ കണ്ട് കോണ്‍ഗ്രസില്‍ വലിയ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്.
 
തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്‍റെ കൂടി വിലയിരുത്തലാകുമെന്നും ഫലം എന്തായാലും അതിന് മുഖ്യ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്നും ഉമ്മന്‍‌ചാണ്ടി നേരത്തേതന്നെ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച്, ഫലം വിപരീതമായാല്‍ ഉമ്മന്‍‌ചാണ്ടിയുടെ രാജിക്കായി കോണ്‍ഗ്രസിനുള്ളില്‍ തന്നെ മുറവിളി ഉയരും. ഘടകകക്ഷികള്‍ കൂടി ഉമ്മന്‍‌ചാണ്ടിക്കെതിരായ നിലപാട് സ്വീകരിച്ചാല്‍ രാജിയല്ലാതെ മറ്റൊരു പോം‌വഴി മുഖ്യമന്ത്രിക്കില്ല.
 
ഉമ്മന്‍‌ചാണ്ടി രാജിവച്ചാല്‍ സ്വാഭാവികമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ സമീപകാലത്ത് ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിവാദവും ക്വാറി, ഷാനിമോള്‍ ഉസ്മാന്‍, ആറന്‍‌മുള വിമാനത്താവളം എന്നീ വിഷയങ്ങളിലുണ്ടായ വഴിത്തിരിവുകളും ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുവരികയാണ് ചെന്നിത്തല. വളരെ കരുതലോടെയാണ് ചെന്നിത്തലയുടെ പ്രതികരണങ്ങള്‍. തെരഞ്ഞെടുപ്പിന് ശേഷം ഭരണനേതൃത്വത്തില്‍ മാറ്റം ആവശ്യമായി വരികയാണെങ്കില്‍ കാര്യങ്ങള്‍ തനിക്ക് അനുകൂലമാക്കി മാറ്റുക എന്നതാണ് ഈ നയത്തിന്‍റെ ലക്‍ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
 
കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് മുതിര്‍ന്നേക്കില്ല. സമീപകാലത്തുമാത്രമാണ് അദ്ദേഹം ചുമതലയേറ്റത് എന്നതും കെ പി സി സി നേതൃപദവിയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നത് എന്നതും കണക്കിലെടുത്ത് സുധീരന്‍ അതേപദവിയില്‍ തുടരും.
 
വയലാര്‍ രവി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി ഡി സതീശന്‍, ജി കാര്‍ത്തികേയന്‍ തുടങ്ങിയവരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം.
 
ദേശീയതലത്തില്‍ കോണ്‍ഗ്രസിനു തിരിച്ചടിയുണ്ടാകുകയും കേരളത്തില്‍ യു ഡി എഫിന് 12ന് മുകളില്‍ സീറ്റുകള്‍ ലഭിക്കുകയും ചെയ്താല്‍ പൂര്‍വാധികം ശക്‌തനായ ഒരു ഉമ്മന്‍ചാണ്ടിയെയും കേരളത്തിന് കാണാനാകും. അങ്ങനെ വന്നാല്‍ മന്ത്രിസഭയിലെ ഒരു ഐ ഗ്രൂപ്പ് പ്രതിനിധിയെ മാറ്റി പകരം കെ ബി ഗണേഷ്കുമാറിനെ മന്ത്രിയാക്കുമെന്നാണ് സൂചന.