രാജന്‍ കേസിലും കരുണാകരന് വിനയായത് അന്നത്തെ യുവതുര്‍ക്കികളായ ഉമ്മന്‍ചാണ്ടിയും ആന്‍റണിയുമാണ്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977 മാര്‍ച്ച് 25നാണ് രാജനെ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഈച്ചരവാര്യര്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ നല്‍കിയ സത്യവാങ്മൂലമാണ് കരുണാകരന് വിനയായത്. രാജന്‍ മരിച്ചിട്ടില്ലെന്നാണ് കരുണാകരന്‍ ആദ്യം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നിയമസഭയില്‍ പറഞ്ഞു. രാജനടക്കമുള്ള നക്‌സലുകളെ ഒതുക്കി എന്ന് പിന്നീട് തെരഞ്ഞെടുപ്പ് വേളയില്‍ പ്രസംഗിച്ചു. പിന്നീട്, രാജന്‍ മരിച്ചെന്ന് കോടതിയില്‍ പറഞ്ഞെങ്കിലും കരുണാകരന് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നു. ഇതേ അവസ്ഥ തന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും വന്നു ചേര്‍ന്നിരിക്കുന്നത്.
സോളാര്‍ വിഷയത്തില്‍ തുടക്കം മുതല്‍ പലതും മറച്ചുവച്ചാണു മുഖ്യമന്ത്രി സംസാരിക്കുന്നത് എന്നത് അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചു സംശയത്തിനിടയാക്കുന്നു. ജുഡീഷ്യല്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ പോലും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം മാറാത്തപക്ഷം നിലവിലെ അന്വേഷണസംഘത്തിനും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താനാവില്ല.
കൂടാതെ ഉമ്മന്‍ചാണ്ടി പറയുന്നതൊക്കെ ബൂമറാങാവുന്ന അവസ്ഥയാണിപ്പോഴുള്ളത്. ബിജു രാധാകൃഷ്ണനുമായി പണ്ട് ഒരു മണിക്കൂര്‍ രഹസ്യ സംഭാഷണം നടത്തിയതും, സരിത രണ്ട് ലക്ഷം രൂപയുടെ ചെക്ക് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതുമൊക്കെ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള സാഹചര്യത്തെളിവുകളാണ്. രണ്ട് ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി സമ്മതിക്കുന്നു. തന്റെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു സരിത ഈ ചെക്ക് നല്‍കിയതെന്ന് ശ്രീധരന്‍ നായര്‍ പറയുന്നു. അപ്പോള്‍ എവിടെ വച്ച്, ആര്, ഈ ചെക്ക് നല്‍കി എന്ന് ഉമ്മന്‍ചാണ്ടി വിശദീകരിക്കണം. നിര്‍ഭാഗ്യവശാല്‍ ഉമ്മന്‍ചാണ്ടി അതിനു മുതിരുന്നില്ല. അത് ചെയ്യാത്തിടത്തോളം ശ്രീധരന്‍ നായര്‍ പറയുന്നത് ശരിയാണെന്ന് പൊതുജനം വിശ്വസിക്കേണ്ടി വരുന്നു.
അടുത്ത പേജില്‍: ഉമ്മന്‍ ചാണ്ടിക്കെതിരേ പാളയത്തില്‍ പട
ഇതിനൊപ്പം വിവാദങ്ങളുടെ തോഴനായ പി സി ജോര്‍ജ് സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചതോടെ യുഡിഎഫ് രാഷ്ടീയം കൂടുതല്‍ കലുഷിതമായിരിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും കാര്‍ക്കശ്യമുള്ള വാക്കുകളിലൂടെയും എല്‍ഡിഎഫിലെയും യുഡിഎഫിലെയും പലരുടെയും കണ്ണിലെ കരടായി മാറിയ പിസി ജോര്‍ജ് മാത്രമായിരുന്നു പല പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് തുണയായിരുന്നത്.
എല്‍ഡിഎഫിലായിരുന്നപ്പോഴും പിന്നീട് മാണി ഗ്രൂപ്പിന്റെ ഭാഗമായി യുഡിഎഫില്‍ വന്നപ്പോഴും സര്‍ക്കാര്‍ ചീഫ് വിപ്പായി മാറിയപ്പോഴും വേറിട്ട ശബ്ദമായിരുന്നു പി സി ജോര്‍ജിന്റേത്. പലപ്പോഴും യുഡിഎഫില്‍ അസ്വസ്ഥത സൃഷ്ടിച്ചതും പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലുകളായിരുന്നു. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ രക്ഷകനായി രംഗത്തുവന്നത് ജോര്‍ജായിരുന്നു. പിന്നീട് മന്ത്രി ഗണേഷ്‌കുമാറിന്റെ രാജിയ്ക്ക് കാരണമായതും പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലുകളായിരുന്നു. സര്‍ക്കാര്‍ ചീഫ് വിപ്പിനെ അംഗീകരിക്കാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പ്രത്യേകം വിപ്പു നല്‍കുന്ന അവസ്ഥയിലേക്കുവരെ ഭിന്നത വളര്‍ന്നു. സോളാര്‍ വിഷയത്തില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒടുവില്‍ ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പരോക്ഷമായും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാജിവയ്ക്കണമെന്ന് വ്യക്തമായും പി സി ജോര്‍ജ് ആവശ്യമുന്നയിച്ചു.
പി സി ജോര്‍ജിന്റെ രാജി ഉണ്ടായാലും ഇല്ലെങ്കിലും ഐക്യജനാധിപത്യ മുന്നണിക്കുള്ളില്‍ പ്രതിസന്ധി രൂക്ഷമാണ്. പ്രതിപക്ഷം അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് തുടക്കം കൂടിയിട്ടതോടെ പ്രതിരോധത്തിനു വഴി കാണാതെ വിഷമിക്കുകയാണ് യുഡിഎഫ് നേതൃത്വം. സോളാര്‍ തട്ടിപ്പ് വെളിയില്‍ വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി ഘോരം ഘോരം ചാനല്‍ പ്രസംഗം നടത്തിയവര്‍ ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു.