ഈണമിടുന്ന മലയാളി ബ്ലോഗര്‍മാര്‍!

Webdunia
ബുധന്‍, 1 ജൂലൈ 2009 (21:09 IST)
WDWD
സാങ്കേതികവിദ്യയുടെ സാധ്യതകള്‍ മാത്രം പ്രയോജനപ്പെടുത്തി, പല രാജ്യങ്ങളില്‍ ജോലിനോക്കുന്നവരും പരസ്പരം നേരില്‍ കണ്ടിട്ടില്ലാത്തവരുമായ മലയാളം ബ്ലോഗര്‍മാര്‍ ‘ഈണം’ എന്നപേരില്‍ ഒരു സംഗീത ആല്‍‌ബം അണിയിച്ചൊരുക്കിയിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭങ്ങളില്‍ നിന്ന് ഊര്‍ജമുള്‍‌ക്കൊണ്ടുകൊണ്ട് ‘സ്വതന്ത്ര സംഗീതം’ (ഫ്രീ മ്യൂസിക്) എന്ന ആശയത്തില്‍ ഊന്നുന്ന ഈ ആല്‍‌ബം, ഇന്ത്യയിലെ തന്നെ നൂതന സ്വതന്ത്ര സംഗീത സംരംഭങ്ങളില്‍ ഒന്നാവുകയാണ്. ഈണം ഡോട്ട് കോമില്‍ നിന്ന് ഈ ആല്‍ബത്തിലെ പാട്ടുകള്‍ കേട്ടാസ്വദിക്കാം.

മലയാളം ബ്ലോഗര്‍മാരോടൊപ്പം മലയാള ഗാനശേഖരമെന്ന വെബ്സൈറ്റ് കൈകോര്‍ത്തപ്പോഴാണ് ഈണമെന്ന ആല്‍‌ബവും ഈണം ഡോട്ട് കോമും ഉണ്ടായത്. രാജേഷ് രാമന്‍, കിരണ്‍, ബഹുവ്രീഹി, നിഷികാന്ത് എന്നിവരാണ് ഈണത്തിന് പിന്നിലെ പ്രധാന ശില്‍‌പികള്‍. താഹ നസീറാണ് ഈണത്തിന്റെ ലോഗോ ചെയ്തത്. സൈറ്റിന്റെ ആവിഷ്കാരം കെവിനും സൈറ്റിന്റെ ആര്‍ട്ടുവര്‍ക്ക് നന്ദകുമാറുമാണ് ചെയ്തിരിക്കുന്നത്. ജൂലൈ ഒന്നിനാണ് ഈണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

പൈറസിയുടെ പ്രശ്നങ്ങളില്ലാതെ, സ്വതന്ത്രമായി ആര്‍ക്കും ഇന്റര്‍നെറ്റിലൂടെ പാട്ടുകള്‍ കേള്‍ക്കാനും ഡൌണ്‍‌ലോഡ് ചെയ്യാനുമായി തയ്യാറാക്കിയിരിക്കുന്ന ആല്‍‌ബത്തില്‍ ഒന്‍‌പത് പാട്ടുകളാണുള്ളത്. പ്രണയം, ഭാവഗീതി, ഉത്സവഗാനം, നാടന്‍ പാട്ട്, സെമി ക്ലാസിക്കല്‍, ക്യാമ്പസ് ഗാനം, ശോകഗാനം എന്നിങ്ങനെ ഒന്‍‌പത് വിഭാഗങ്ങളിലായാണ് പാട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഗാനരചന, സംഗീത സംവിധാനം തുടങ്ങി ആല്‍‌ബത്തിന്റെ വിവിധ ജോലികള്‍ക്കായി ഇരുപതോളം പേരാണ് സഹകരിച്ചത്.

ഇന്റര്‍നെറ്റ് മലയാളത്തിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നവര്‍ക്കും ഇന്റര്‍നെറ്റ് മലയാളത്തിനായുള്ള എല്ലാ സ്വതന്ത്ര സംരംഭങ്ങള്‍ക്കുമായാണ് ഈണത്തിന്റെ പ്രവര്‍ത്തകര്‍ ആദ്യ ആല്‍‌ബം സമര്‍പ്പിച്ചിരിക്കുന്നത്. ചുരുക്കം വ്യക്തികളുടെ സ്വന്തമല്ല പകരം ബ്ലോഗര്‍മാര്‍ എല്ലാവര്‍ക്കുമുള്ള സ്വത്താണ് ഈണമെന്നാണ് പ്രവര്‍ത്തകരുടെ നയപ്രഖ്യാപനം.

കൈരളി ടിവിയുടെ വി-ചാനലില്‍ ഗാനമേള എന്ന പരിപാടി അവതരിപ്പിക്കുകയും വിനീത് ശ്രീനിവാസന്‍ പുറത്തിറക്കിയ കോഫി‌‌@ എം ജി റോഡെന്ന ആബത്തില്‍ പാടുകയും ചെയ്തിട്ടുള്ള ദിവ് യ എസ ് മേനോന്‍ അടക്കം ചുരുക്കം ചില പ്രശസ്തരും ഈണമെന്ന ആല്‍‌ബത്തിനായി സഹകരിച്ചിട്ടുണ്ടെന്ന് ഗായകനായും സജീവ ബ്ലോഗറുമായ ജോ പറയുന്നു. ബാക്കിയുള്ളവര്‍ മ്യൂസിക് പ്രൊഫെഷണലുകള്‍ അല്ലെങ്കിലും സംഗീതത്തെ ഉപാസിക്കുന്നവരാണ്.

കൂട്ടായ്മയുടെ അടുത്ത ആല്‍‌ബമായ ‘നാദ’ത്തിനായുള്ള തയ്യാറെടുപ്പിലാണ് ഈണം ഡോട്ട് കോം പ്രവര്‍ത്തകര്‍. ഈണം ഡോട്ട് കോമിനെ കച്ചവടവല്‍‌ക്കരിക്കാന്‍ യാതൊരു ഉദ്ദേശ്യവും ഇല്ലെന്നും പറ്റുമെങ്കില്‍ സംഗീതാഭിരുചിയുള്ളൊരു വിദ്യാര്‍ത്ഥിയുടെ സംഗീത പഠനം സ്പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഈണത്തിന്റെ നടത്തിപ്പുകാരില്‍ ഒരാളായ കിരണ്‍ വെബ്‌ദുനിയയോട് പറഞ്ഞു. ‘രാഗം’ എന്ന പേരില്‍ ഒരു ആല്‍‌ബമായിരിക്കും ഈണത്തിന്റെ അടുത്ത സംരംഭമെന്ന് കിരണ്‍ വെളിപ്പെടുത്തുന്നു.

WDWD

നിശീകാന്ത് രചനയും സംവിധാനവും നിര്‍വഹിച്ച്, ദിവ്യ പാടിയ ‘അനുരാഗസന്ധ്യ കുങ്കുമം ചാര്‍ത്തിയ’ എന്ന ഗാനവും പാമരന്റെ രചനയില്‍ ബഹുവ്രീഹി ഈണമിട്ട് ബഹുവ്രീഹിയും രശ്മി നായരും പാടിയ ‘മടപൊട്ടിപ്പായണ പാച്ചില്’ എന്ന ഗാനവും പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തി. മറ്റുള്ള ഗാനങ്ങളും കേള്‍ക്കാന്‍ ഇമ്പമുള്ളവ തന്നെ.

പൊതുജന പങ്കാളിത്തത്തോടെയുള്ള കൂടുതല്‍ സ്വതന്ത്ര സംഗീത സംരംഭങ്ങള്‍ക്ക് ഈണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വഴിവെക്കുമെന്നതില്‍ സംശയമില്ല. ഈണം പ്രവര്‍ത്തകര്‍ക്ക് വെബ്‌ദുനിയയുടെ എല്ലാ ആശംസകളും.