' ദ്യോവിനെ വിറപ്പിക്കുമാവിളികേട്ടോമണി
ക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം
എങ്കിലുമതുചെന്നു മാറ്റൊലിക്കൊണ്ടു പുത്ര
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദന്തത്തില്‍'
സഹ്യന്റെ മകനെന്ന വൈലോപ്പിള്ളിക്കവിത ഉത്സവത്തെക്കുറിച്ചുള്ള കവിതയല്ല, തന്റെ മൃഗതൃഷ്ണയില്‍ മാതൃഗൃഹമായ വനത്തിലൂടെ സ്വപ്നയാത്ര നടത്തുന്ന ഒരു കൊമ്പന്റെ കഥ. ഇടയ്ക്കൊന്നുണരുമ്പോള്‍ തന്റെ ചുറ്റും കേള്‍ക്കുന്ന വാദ്യഘോഷങ്ങളും ആരവങ്ങളുമൊന്നും തിരിച്ചറിയാനാവുന്നില്ല.
ഇങ്ങനെ മദപ്പാടില്‍ നില്‍ക്കുന്ന ആന ഒന്നു മുന്നോട്ടാഞ്ഞതോടെ കൂച്ചുചങ്ങല പൊട്ടുന്നു. പിന്നെ കോലാഹലം. എപ്പോഴും പത്രങ്ങളും ടിവി ചാനലുകളും ആഘോഷമാക്കുന്ന വാര്‍ത്തകളുടെ ആവര്‍ത്തനവും. ഈ കവിഭാവന സുരക്ഷാ മുന്‍ കരുതലുകളും മറ്റും വര്‍ദ്ധിച്ച ഈ കാലത്തും, മുറതെറ്റാതെ ഉത്സവകാലങ്ങളില്‍ ആവര്‍ത്തിച്ച് അനേകം കുടുംബങ്ങളെ അനാഥമാക്കുന്നു.
ഒരു ഏകപക്ഷീയമായ ആക്രമണമല്ല ആന നടത്തുന്നത്. തന്നെ ചൂഴ്ന്നെടുത്തിട്ടും തന്റെ ബലഹീനതകളെ ചൂഷണം ചെയ്തിട്ടും പ്രകൃതിയെപ്പോലെ ആനയും ക്ഷമിക്കുന്നു. എന്നാല്‍ ഒരു തോട്ടി കൊണ്ട് ആ മഹാമേരു പോലെയുള്ള ജീവിയെ അനുസരിപ്പിക്കുന്ന അഹങ്കാരമാണ് പലപ്പോഴും ഒരു രക്തക്കളത്തില്‍ അവസാനിക്കുന്നത്.
മദമെന്നത് ആനയുടെ പിണങ്ങലും ഒരു അനുസരണക്കേടുമല്ല. പ്രകൃതിയുടെ പ്രതിഭാസം മാത്രമാണ്. പ്രായപൂര്‍ത്തിയായ കൊമ്പന് കൊല്ലത്തില്‍ ഒരിക്കലുള്ള ശാരീരിക പ്രതിഭാസമാണ് മദം. ചില ആനകള്‍ക്ക് രണ്ടുതവണ ഇത് കണ്ടുവരാറുണ്ട്. മദകാലത്ത് കന്നഗ്രന്ഥി (തലയുടെ രണ്ടു വശത്തും) തടിച്ചു വീര്‍ത്ത് അതില്‍ നിന്നു മദജലം ഒഴുകുന്നു. ശീത കാലത്താണ് ആന ഇത്തരത്തിലൊരു ഉന്മാദ അവസ്ഥയിലേക്ക് എത്തുന്നത്.കണ്ണിനും കാതിനുമിടയിലെ ഈ ഗ്രന്ഥി പൊട്ടി ഒലിക്കുന്നത് ടെസ്റ്റോസ്റ്റെറോണാണ്.
ഈ നേരത്ത് ആനക്കുവേണ്ടത് ശരിയായ ലൈംഗികബന്ധമാണ്. കാട്ടിലാണെങ്കില്‍ ചിലപ്പോള്‍ ഇത് സാധിക്കും. ആനക്കൂട്ടത്തില്‍ ഇണചേരാന്‍ മനസ്സുള്ള പെണ്ണാനകള്‍ ഉണ്ടെങ്കില്‍. അല്ലെങ്കില്‍ കൂടുതല്‍ കരുത്തുള്ള കൊമ്പന്മാര്‍ ഇവനെ തളയ്ക്കുകയോ മുട്ടുകുത്തിക്കയോ ചെയ്യും. ഇതിനു തയാറാവാത്തവന്‍ ഒറ്റയാനായി അലയും.
പക്ഷേ നാട്ടില്‍ ഉത്സവസീസണില്‍ മദം വരാതിരിക്കാന്‍ കടുക്ക അരച്ച് കൊടുക്കും. പിന്നെ പല മരുന്നുകളും പലപീഡനമുറകളും ഇതിന്റെ പ്രതിഫലനങ്ങള്‍ പലപ്പോഴും ഭീകരമായിരിക്കും.
ആനയെന്നത് നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു മൃഗമാണ്. ശരീരഭാരം സന്തുലനം ചെയ്യാന്‍ കൂട്ടമായി വനയാത്ര. 200 ചതുരശ്ര കിലോമീറ്ററില്‍ നിത്യ വനയാത്ര ചെയ്യുന്ന അതിന്‍െറ ഇപ്പോഴത്തെ വിഹാരം അഞ്ചടി നീളമുള്ള ചങ്ങലദൂരത്തില്‍ മാത്രം. ആനയെ പൊരിവെയിലത്ത് നടത്തുന്നതില്‍ ഉടമസ്ഥര്‍ക്കൊപ്പാം പൊതുജനങ്ങളും കണ്ണീരൊഴുക്കിയപ്പോഴാണ് 30 കിലോമീറ്റര്‍ മാത്രമേ നടത്തിക്കൊണ്ടു പോകാവൂയെന്ന് നിയമമുണ്ടായത്.
ഇത് ഉടമകള്‍ പരമാവധി മുതലെടുത്തെന്ന് കോട്ടയം നഗരമധ്യത്തില്‍ മാത്രം നിന്നാല്‍ ആനകളെയും കൊണ്ട് തലങ്ങും വിലങ്ങും ചീറിപ്പായുന്ന ട്രക്കുകള്‍ കാണാം. ലോറിയില്‍ കയറ്റിക്കൊണ്ട് പോയ ആന അപകടത്തില്‍പ്പെട്ട് സംഭവങ്ങള്‍ അടുത്തെയുടെ തുടര്‍ക്കഥയായതും കോട്ടയത്ത് നിന്നാണ്.
25 ഡിഗ്രിക്കുമേല്‍ ഊഷ്മാവു താങ്ങാന്‍ ശേഷിയില്ലാത്ത സ്വേദഗ്രന്ഥിയില്ലാത്ത കറുത്ത ചര്‍മമുള്ള ഈ ജീവിയെ പൊരിവെയിലില്‍ തീവെട്ടികള്‍ക്കും കാതടപ്പിക്കു കരിമരുന്നു പ്രയോഗങ്ങള്‍ക്കുമിടയില്‍ നിര്‍ത്തിയിട്ട് ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ആനയുടെ പേരിന്റെ കൂടെ ഒരു കൊലപാതകം കൂടി വകവെയ്ച്ച് കൊടുക്കുന്നത് നീതീകരിക്കത്തക്കതല്ല.
കേരളത്തിലെ നാട്ടാനകള്‍ക്കുണ്ടാകുന്ന മുഖ്യ രോഗം എരണ്ടക്കെട്ടാണ്. തെങ്ങോല പ്രധാന ഭക്ഷണമാക്കിയപ്പോള്‍ ഓലയുടെ ഈര്‍ക്കില്‍ വയറ്റിലടിഞ്ഞുകൂടി ഉണ്ടാകുന്ന ഒരു പ്രശ്നം. കാട്ടില്‍ ഒരാനയും ഓല തിന്നാറില്ല. നാനാജാതി ചെറുസസ്യങ്ങളും പുല്ലും മുളയും ലവണാംശമുള്ള മരത്തൊലികളും പഴവര്‍ഗങ്ങളുമാണ് ആനയുടെ സ്വാഭാവികാഹാരം.
ആനകളെക്കുറിച്ച് എ ടു ഇസഡ് വിവരിക്കുന്ന മാതംഗലീല മൂന്നുതരം പാപ്പാന്മാരെപറ്റി പറയുന്നു. സ്നേഹം ആയുധമാക്കുന്ന രേഖവാന്‍, ബുദ്ധിവെച്ചു കളിക്കുന്ന യുക്തിവാന്‍, ശാരീരിക പീഡനംവെച്ചു നയിക്കുന്ന ബലവാന്‍. ഇതില്‍ ഇപ്പോളുള്ള പാപ്പാന്മാര്‍ കൂടുതലും മുന്നാംതരക്കാരാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെട്ടിയഴിക്കല്‍ എന്ന കുപ്രസിദ്ധ ചടങ്ങ്.
മുന്‍കാലുകള്‍ രണ്ടും കൂട്ടിക്കെട്ടി, പിന്നിലെ ഒരു കാലിലേക്ക് മറ്റൊരുകെട്ടും കെട്ടിയശേഷം രണ്ടുമൂന്നു പാപ്പാന്മാര്‍ വലിയ കോലുമായി ആനയെത്തല്ലി മര്‍മ്മം തളര്‍ത്തി കൊമ്പ് കുത്തിച്ച് പാപ്പാനെ അനുസരിപ്പിക്കുന്ന ചടങ്ങ്.
ആന ഇടഞ്ഞാലാണ് ഏറ്റവും ക്രൂരമായ പീഡനങ്ങളുണ്ടാവുക. ജനക്കൂട്ടം കയ്യില്‍കിട്ടുന്നതെടുത്തെറിഞ്ഞ് അതിനെ പ്രകോപിപ്പിക്കുന്നതും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാവാന്‍ കാരണമാകുന്നതും സ്ഥിരം കാഴ്ചയാണ്. ആരവങ്ങളോടെ ഓടിക്കൂടുന്ന ജനങ്ങള്‍ അതിനെ കൂടുതല്‍ വിരളിപിടിപ്പിക്കും. മയക്കുവെടി വിദഗ്ദനെ വിളിച്ചാലോ. സൈലിസിന്‍ ഹൈഡ്രോ ക്ളോറൈഡാണ് സാധാരണ വെടിക്കുപയോഗിക്കുക.
മയക്കുവെടികൊണ്ട ആനയുടെ ശരീരോഷ്മാവ് കുതിച്ചുയരും. തിരികെ താപം ക്രമീകരിക്കാന്‍ ജലസ്നാനം തന്നെ വേണം ഇതൊന്നും പലപ്പോഴും നടക്കാറില്ല. ഒന്നിനുപകരം മൂന്നുവെടി ഒരു കിട്ടുന്ന ആനയെ പിന്നെ ഒന്നിനും കൊള്ളില്ലെന്ന് വെടിവെയ്ക്കുന്നവര്‍ക്കുള്‍പ്പടെ അറിയാം.
ആനകളാകട്ടെ മുന്‍പെങ്ങുമില്ലാത്തവിധം അക്രമാസക്തരാവുകയുമാണ്. ഇതുവരെയായി നാനൂറില്‍പ്പരം ആളുകളെ ആനകള്‍ കൊന്നിട്ടുണ്ടത്രെ. അതില്‍ 90 ശതമാനത്തിലധികവും പാപ്പാന്മാര്‍. കഴിഞ്ഞ സീസണില്‍ മാത്രം അനകള്‍ കൊന്നത് നാല്പതിലധികം ആളുകളെയാണ്. ആനയുടെ കഷ്ടകാലവും ആരംഭിച്ചു കഴിഞ്ഞു. നാട്ടാനകളുടെ മരണസംഖ്യ ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുക യാണെന്നു കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഇനിയെങ്കിലും സഹ്യന്റെ മകനെ ഒന്നു വെറുതെ വിട്ടുകൂടെ?