അഭയക്കേസ്‌: സഭാപത്രം കളി തുടങ്ങി!

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2009 (13:47 IST)
PRO
PRO
മതങ്ങളുടെയും മതവിഭാഗങ്ങളുടെയും പത്രങ്ങള്‍ എന്തുപറഞ്ഞാലും കേരളത്തില്‍ ഏശാറില്ല. എങ്കിലും പ്രതിനിധീകരിക്കുന്ന മതത്തിനോ മതവിഭാഗത്തിനോ വേണ്ടി ശബ്ദമുയര്‍ത്തേണ്ടത് ഈ പത്രങ്ങളുടെ കടമയാണല്ലോ! അഭയക്കേസുമായി ബന്ധപ്പെട്ട നാര്‍ക്കോ പരിശോധനാ സിഡികള്‍ എങ്ങനെയോ മാധ്യമങ്ങളുടെ കയ്യില്‍ എത്തിയതോടെ സഭാപത്രം കളി തുടങ്ങി. സിഡിയില്‍ അടിമുടി കൃത്രിമമെന്നാണ് സഭാപത്രം നിരത്തുന്ന ആരോപണങ്ങളില്‍ ഏറ്റവും വലുത്. സിഡിയിലെ ദൃശ്യങ്ങളില്‍ നിന്നും ശബ്ദങ്ങളില്‍ നിന്നും ഒന്നും മനസിലായില്ല എന്നും പത്രം പറയുന്നു.

“അഭയാ കേസില്‍ മൂന്നു കുറ്റാരോപിതരുടെ നാര്‍കോ പരിശോധനാ സിഡിയില്‍ വ്യാപകമായ എഡിറ്റിംഗും കൃത്രിമവും നടന്നതായി സിഡികളുടെ ഉള്ളടക്കം പുറത്തുവന്നപ്പോള്‍ വ്യക്തമായി. സിഡിയിലെ ദൃശ്യങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും തുടര്‍ച്ചയില്ല. ദൃശ്യങ്ങളും ശബ്ദങ്ങളും വ്യാപകമായി മുറിച്ചുമാറ്റുകയും അങ്ങോട്ടുമിങ്ങോട്ടും കൂട്ടിച്ചേര്‍ക്കുകയും ചെയ്തതുപോലുണ്ട്‌. അതിനാല്‍ കുറ്റാരോപിതര്‍ യഥാര്‍ഥത്തില്‍ എന്താണു പറഞ്ഞതെന്ന്‌ സിഡിയില്‍നിന്നു വ്യക്തമല്ല. ” - എന്ന് സഭാപത്രം.

സിഡി ദൃശ്യങ്ങളില്‍ ‘കുറ്റാരോപിതര്‍’ എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ലെന്നാണ് സഭാപത്രം പറയുന്നത്. തിങ്കളാഴ്ച ഉച്ച തൊട്ട് വൈകിട്ടുവരെ മനോരമയടക്കമുള്ള കേരളത്തിലെ ചാനലുകള്‍ പ്രദര്‍ശിപ്പിക്കുകയും കേരളജനത കാണുകയും മനസിലാക്കുകയും ചെയ്ത ദൃശ്യങ്ങള്‍ വ്യക്തമല്ല എന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. സിഡിയിലെ ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ട് എന്ന് വ്യക്തമാണ്. എങ്കിലും ‘സംഭവം കഴിഞ്ഞ ശേഷം മതിലുചാടി പുറത്ത് പോയി’ എന്നും ‘കോടാലി കൊണ്ട് തലക്കടിച്ചു’ എന്നും യഥാക്രമം പൂതൃക്കയിലും സെഫിയും പറയുന്നത് ഒറ്റശ്വാസത്തില്‍ ആണ്. ഇവിടെ ഒരു എഡിറ്റിംഗും ഇല്ല. ഇതിനെ പറ്റിയൊന്നും സഭാപത്രം ഒരക്ഷരം മിണ്ടുന്നുമില്ല.

മാധ്യമങ്ങള്‍ കാണിച്ച സിഡിയില്‍ ‘ദൃശ്യങ്ങളും ശബ്ദങ്ങളും’ മാത്രമാണ് ഉള്ളതെന്നാണ് സഭാപത്രത്തിന്റെ മറ്റൊരു വാദം. സിസ്റ്റര്‍ സെഫിയോ ഫാദര്‍ പൂതൃക്കയിലോ ഉച്ചരിച്ച ഒരു ശബ്ദവും സഭാപത്രത്തിന്റെ തലപ്പത്തുള്ളവര്‍ക്ക് മനസിലായില്ലെത്രെ. എന്നാല്‍ മറ്റ് മാധ്യമങ്ങള്‍ക്ക് മനസിലാകുകയും ചെയ്തു. എന്താണ് ഇതിന്റെ രഹസ്യമെന്ന് മനസിലാകുന്നില്ല! സമര്‍ഥനായ ഒരു എഡിറ്റര്‍ക്കും സൗണ്ട്‌ റിക്കോര്‍ഡിസ്റ്റിനും ചേര്‍ന്ന്‌, പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി എഡിറ്റ്‌ ചെയ്തു ചേര്‍ക്കാനാവുമെന്ന്‌ സിഡിറ്റിലെ വിദഗ്ധര്‍ വിശദീകരിച്ചുവെന്നും സഭാപത്രം കാച്ചുന്നുണ്ട്. എന്നാല്‍ സൌണ്ട് റെക്കോര്‍ഡിസ്റ്റ് റെക്കോര്‍ഡ് ചെയ്തത് വെറും ശബ്ദങ്ങള്‍ മാത്രവും!

നാര്‍ക്കോ പരിശോധനാ സിഡിയുടെ പൊതുജനങ്ങള്‍ക്ക് കാണാന്‍ പാകത്തിലുള്ള ‘വേര്‍ഷന്‍’ ആണ് മാധ്യമങ്ങള്‍ കാണിച്ചത്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കേള്‍ക്കാവുന്ന പലതും ‘കുറ്റാരോപിതര്‍’ പറയുന്നുണ്ടെത്രെ. കോണ്‍‌വെന്റിലെ അടുക്കളയില്‍ സെഫിയെയും വൈദികരെയും ‘അരുതാത്ത നിലയില്‍’ കണ്ടതാണ് അഭയ കൊല്ലപ്പെടാന്‍ കാരണമെന്ന വാദം സാധൂകരിക്കുന്ന മൊഴികള്‍ സിഡിയിലുണ്ടെന്ന് പ്രമുഖ മാധ്യമങ്ങള്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. ഇതിനെ പറ്റിയും സഭാപത്രം മിണ്ടുന്നില്ല.

സഭാപത്രത്തിലൂടെ കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി നടത്തുന്ന ആരോപണം ഏറെ രസകരമായ ഒന്നാണ്. പ്രമാദമായ ഒരു കേസ്‌ കത്തിനില്‍ക്കേയാണ്‌ ഈ കേസില്‍ കുറ്റാരോപിതരെ അറസ്റ്റു ചെയ്തതെന്നും ഇപ്പോള്‍ മറ്റൊരു പ്രമാദമായ കേസില്‍ പല പ്രമുഖരും സംശയത്തിന്റെ നിഴലിലായപ്പോള്‍ സിഡി സംപ്രേഷണത്തിലൂടെ ജനശ്രദ്ധ തരിച്ചുവിടുകയാണെന്നും സമിതി ആരോപിക്കുന്നു. അതായത് മുത്തൂറ്റ് പോളിനെ കൊന്ന കേസില്‍ ഉള്‍‌പ്പെട്ടിട്ടുള്ള പ്രമുഖരെ രക്ഷിക്കാനാണെത്രെ സിഡി മാധ്യമങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്.

ഇതില്‍ കഴമ്പുണ്ടാകാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ സ്വാധീനമുപയോഗിച്ച്‌ സര്‍ക്കാര്‍ സ്‌ഥാപനമായ സി-ഡിറ്റില്‍ നിന്നുതന്നെയാണ്‌ സിഡികള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് കൈമാറിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎം നേതൃത്വത്തിലുള്ള കൈരളി-പീപ്പിള്‍ ചാനലാണെത്രെ ആദ്യം സിഡി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ന്ന് അവര്‍ തന്നെ മറ്റ് മാധ്യമങ്ങള്‍ക്കും ഇത് ചോര്‍ത്തിക്കൊടുത്തു എന്നാണ് പ്രചരിക്കുന്ന കഥ.

മന്ത്രിമാരും മന്ത്രിപുത്രന്മാരും സംശയത്തിന്റെ നിഴലില്‍ ആയിരിക്കുന്ന ഈയവസ്ഥയില്‍ ഇങ്ങനെയൊക്കെ നടക്കാന്‍ സാധ്യതയുണ്ട്. എങ്കിലും പതിനേഴ് വര്‍ഷമായി കേരളജനത കാത്തിരിക്കുന്ന കുറ്റസമ്മതമാണ് സിഡി ദൃശ്യങ്ങളിലൂടെ മാധ്യമങ്ങള്‍ കാണിച്ചത് എന്ന കാര്യം ആരും മറക്കരുത്. സത്യത്തില്‍ അഭയക്കേസിലെ മൂടിവെച്ച പലതും മനസിലാക്കാന്‍ കേരളജനതയ്ക്ക് ഉപകാരപ്പെട്ട ‘ഉര്‍വശീശാപം’ ആവുകയായിരുന്നു മുത്തൂറ്റ് പോള്‍ വധക്കേസ്.