ചെന്നൈ: നിരോധിച്ച ചൈനീസ് അപ്ലിക്കേഷനിൽ വസ്ത്രം വാങ്ങുന്നതിന് നൽകിയ 599 രൂപ തിരികെയെടുക്കാൻ ശ്രമിച്ച യുവതിയ്ക്ക് നഷ്ടമായത് 60,000 രൂപ. ഓൺലൈൻ വ്യാപാര ആപ്പായ ക്ലബ് ഫാക്ടറിയിൽനിന്നും പണം റിഫണ്ട് ചെയ്യാൻ ശ്രമിയ്ക്കവെയാണ് കൊരട്ടൂർ സ്വദേശി സെൽവറാണി കബളിപ്പിയ്ക്കപ്പെടുകയും പണം നഷ്ടമാവുകയും ചെയ്തത്. പൊലീസിൽ നൽകിയ പരാതി സൈബർ ക്രൈം വിഭാഗത്തിലേയ്ക്ക് കൈമാറിയിട്ടുണ്ട്.
ആപ്പിലൂടെ വസ്ത്രം ഓർഡർ ചെയ്തു കഴിഞ്ഞപ്പോഴാണ് നിരോധിയ്ക്കപ്പെട്ട ആപ്പുകളുടെ കൂട്ടത്തിൽ ക്ലബ് ഫാക്ടറിയും ഉണ്ടെന്ന് യുവതി മനസിലാക്കിയത്. ഇതോടെ ഓർഡർ കാൻസൽ ചെയ്ത് പണം തിരികെ ലഭിയ്ക്കുന്നതിനായി ശ്രമം. ഇതിനായി കമ്പനിയുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് സഹാായം ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ മറ്റൊരു നമ്പരിൽനിന്നും യുവതിയ്ക്ക് ഒരു കോൾ വരികയായിരുന്നു. ക്ലബ് ഫാക്ടറി പ്രതിനിധി എന്ന് പരിചയപ്പെടുത്തിയ ആൾ പണം തിരികെ നൽകുന്നതിനായി കാർഡ് വിശദാംസങ്ങൾ ചോദിച്ചു. സംശയം തോന്നാതിരുന്ന യുവതി ഭർത്താവിന്റെ കർഡിഡിന്റെ വിവരങ്ങൾ കൈമാറുകയും ചെയ്തു. പിന്നാലെ അറുതവണ അക്കൗണ്ടിൽനിന്നും 10,000 രൂപ വീതം പിൻവലിയ്ക്കപ്പെടുകയായിരുന്നു.