കൂട്ടുകാരിയെ കൊന്നിട്ട് മരിച്ചത് താനെന്ന് വരുത്തി തീര്‍ത്തു; കാമുകനൊപ്പം മുങ്ങിയ വീട്ടമ്മ ഒടുവില്‍ പിടിയിൽ
തിങ്കള്‍, 10 ജൂണ്‍ 2019 (11:55 IST)
കാമുകന്റെ സഹായത്തോടെ കൂട്ടുകാരിയെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച വീട്ടമ്മയും കാമുകനും പിടിയിൽ. ഔറംഗബാദ് ജില്ലയിലെ ജാധവ്‌വാഡി നിവാസി സോനാലി ഷിന്‍ഡെ (30) കാമുകന്‍ ഛബ്ബാദാസ് വൈഷ്ണവ് (26) എന്നിവരാണ് പിടിയിലായത്.
മെയ് 24നാണ് കേസിനാസ്പദമായ സംഭവം. ഔറംഗബാദിന് സമീപമുള്ള പിസദേവിയിലെ ഒരു കൃഷിയിടത്തില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. തിരിച്ചറിയാനാവാത്ത നിലയില്‍ കത്തിക്കരിഞ്ഞതായിരുന്നു മൃതദേഹം. ഇതോടാപ്പം ആത്മഹത്യാകുറിപ്പും ഉണ്ടായിരുന്നു.
തന്റെ ഭര്‍ത്താവ് മദ്യപാനിയാണെന്നും ശാരീരിക പീഡനത്തിന് ഇരയായതായും ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു. സോനാലിയുടെ കൈപ്പടയിലുള്ള ആത്മഹത്യ കുറിപ്പില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരിച്ചത് ഔറംഗാബാദ് സ്വദേശിനിയായ സൊനാലിയാണെന്ന് പോലീസ് കണ്ടെത്തി.
തുടര്‍ന്ന് ഇവരുടെ സഹോദരന്‍ മൃതദേഹം സൊനാലിയുടെതെന്ന് തിരിച്ചറിയുകയും ചെയ്തു. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലും ബന്ധുക്കളുടെ പരാതിയിലും ഭര്‍ത്താവായ സദാശിവ ഷിന്‍ഡെയ്‌ക്കെതിരേ കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സൊനാലി പോലീസ് പിടിയിലായത്.
നേരത്തെ തന്നെ ആത്മഹത്യാ കുറിപ്പില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ നിന്ന് അതേദിവസം കാണാതായ മറ്റൊരു സ്ത്രീയായ റുക്മന്‍ ഭായിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. സൊനാലിയുടെ കൂട്ടുകാരി കൂടിയായ റുക്മന്‍ സംഭവത്തിന് ശേഷമാണ് കാണാതായതെന്നും അവര്‍ക്കും സൊനാലിയുടെ അതേ ശാരീരിക ഘടനയാണെന്നതും സൊനാലിയിലേക്കുള്ള സംശയം ഇരട്ടിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൊനാലിയുടെ കാമുകന്‍ ചബദാസ് വൈഷ്ണവ് എന്ന 26കാരനെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസിന് ലഭിച്ചു. പിന്നീട് വൈഷ്ണവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൊനാലിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഉത്തര മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ ചാലിസ്ഗാവ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് കാമുകനൊപ്പം സോനാലി പിടിയിലായത്. റുക്മനെ കൊലപ്പെടുത്തിയതിനു ശേഷം സൊനാലിയുടെ വസ്ത്രങ്ങളും പാദരക്ഷകളും ആഭരണങ്ങളും അണിയിച്ചാണ് മൃതദേഹം കത്തിച്ചിരുന്നത്. കൊലപാതകത്തില്‍ കാമുകന്‍ വൈഷ്ണവും പങ്കെടുത്തിട്ടുണ്ടെന്ന് ഇവര്‍ സമ്മതിക്കുകയും ചെയ്തു.