രാജ്യതലസ്ഥാനത്ത് സജീവമായ മദ്യ റാക്കറ്റിനെ പിടികൂടാന്‍ വനിതാ കമ്മീഷനെയും പൊലീസിനെയും സഹായിച്ച യുവതിക്ക് ക്രൂരമര്‍ദ്ദനം. മദ്യ റാക്കറ്റില്‍ ഉള്‍പ്പെട്ട സ്ത്രീകളാണ് ഡല്‍ഹി സ്വദേശിയായ യുവതിയെ പരസ്യമായി അടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തത്. സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാളിനോട് ആവശ്യപ്പെട്ടു
യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മദ്യ റാക്കറ്റിലുള്‍പ്പെട്ടവര്‍ തന്നെ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഡല്‍ഹിയിലെ ലോക്കല്‍ പൊലീസ് നടപടിയെടുക്കാത്തതില്‍ വനിതാ കമ്മീഷന്‍ രംഗത്തെത്തി. അതേസമയം യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്‌നയാക്കി നടത്തിയെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിന്റെ പ്രസ്താവന പൊലീസ് സൂപ്രണ്ട് രജനീഷ് ഗുപ്ത നിഷേധിച്ചു.
ക്രൂരമര്‍ദ്ദനമേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ഈ വര്‍ഷം 55 കേസുകളാണ് എക്സൈസ് നിയമത്തിനു കീഴില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം പ്രദേശത്തെ പല വീടുകളിലും ലോക്കല്‍ പൊലീസിന്റെ തന്നെ സഹായത്തോടെ മദ്യ വില്പന നടക്കുന്നുണ്ടെന്ന് നിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.