കേരളം ഭീതിയിലായിരിക്കുന്നു. കള്ളന്‍മാരുടെ ശല്യമാണ് മലയാളികളെ ഇപ്പോള്‍ ഭയപ്പെടുത്തുന്നത്. അടുത്തിടെയായി കേരളത്തില്‍ വന്‍ കവര്‍ച്ചകള്‍ പതിവായിരിക്കുന്നു. കള്ളന്‍മാര്‍ വീട്ടുകാരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് സാധാരണയായിരിക്കുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കൊള്ളസംഘങ്ങള്‍ കേരളത്തിലെ വീടുകള്‍ ലക്‍ഷ്യമിട്ട് കൂട്ടത്തോടെ എത്തിയിരിക്കുകയാണെന്നാണ് സംശയം. ദിനംപ്രതി വന്‍ കവര്‍ച്ചകളുടെ വിവരങ്ങളാണ് ലഭിക്കുന്നത്. മോഷണത്തിന് പുതിയ രീതികളും ശൈലികളും. കള്ളന്‍മാര്‍ കൂടുതല്‍ ആക്രമണകാരികളാണെന്നതും കൊലപാതകങ്ങള്‍ നടത്താനും മടിയില്ലാത്തവരാണെന്നതും ആശങ്കയുണര്‍ത്തുന്നു.
നമ്മുടെ വീടുകളിലുടെ ചുവരുകളിലും മതിലിലുമൊക്കെ അസ്വാഭാവികമായ ചിഹ്നങ്ങളോ സ്റ്റിക്കറുകളോ ശ്രദ്ധയില്‍ പെട്ടാല്‍ കരുതിയിരിക്കുക. ഒരു കൊള്ളസംഘം ആ വീടിനെ സ്കെച്ച് ചെയ്തതായിരിക്കാം. അടുത്ത ദിവസങ്ങളിലൊന്നില്‍ ആ വീട്ടില്‍ ഒരു കവര്‍ച്ച നടന്നേക്കം.
‘തീരന്‍’ എന്ന സമീപകാല തമിഴ് ചിത്രത്തിലേതിന് സമാനമായി ആക്രമണകാരികളായ കൊള്ള സംഘങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും മോഷണം നടത്തുന്നത്. മോഷണത്തിനിടെ വീട്ടിലെ അംഗങ്ങളെ വകവരുത്താനും അവര്‍ക്ക് മടിയില്ല. അതുകൊണ്ടുതന്നെ ജനങ്ങളില്‍ ഭീതിയേറുകയാണ്.
കാസര്‍കോട്ട് കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്ന് വന്‍ കവര്‍ച്ചകളാണ് നടന്നത്. കോട്ടയത്ത് ചില വീടുകളില്‍ അസ്വാഭാവികമായ ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടു. എറണാകുളത്ത് മോഷണപരമ്പര അരങ്ങേറിയിട്ട് അധികനാളായിട്ടില്ല. സംസ്ഥാനത്തിന്‍റെ അതിര്‍ത്തി ഗ്രാമങ്ങള്‍ നിരന്തരം കൊള്ളസംഘങ്ങള്‍ ആക്രമിക്കുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മോഷണസംഘങ്ങളില്‍ കൂടുതലും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇവര്‍ നമ്മുടെ സംസ്ഥാനങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് തെറ്റിദ്ധരിക്കരുത്. മോഷണം എന്ന ഒറ്റലക്‍ഷ്യവുമായി അതിര്‍ത്തികടന്ന് വരുന്ന കൊള്ള സംഘങ്ങളാണിവര്‍. ഏതെങ്കിലും പ്രത്യേക ഏരിയയില്‍ ചുറ്റിക്കറങ്ങിയിട്ട് വന്‍ കവര്‍ച്ചകള്‍ നടത്തി ഉടന്‍ തന്നെ സംസ്ഥാനം വിട്ടുപോകുന്നവരാണിവര്‍ എന്ന് പല സംഭവങ്ങളും സാക്‍ഷ്യപ്പെടുത്തുന്നു.
എന്തായാലും പൊലീസും ജാഗരൂകരാണ്. വീടുകളുടെ പുറംചുമരുകളില്‍ കാണുന്ന അസ്വാഭാവിക ചിഹ്‌നങ്ങളും സ്റ്റിക്കറുകളും പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ ജനങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. വീടിന് സമീപത്തോ കവലകളിലോ വഴികളിലോ സംശയിക്കത്ത രീതിയിലുള്ള അപരിചിതരായ ആളുകളെ കണ്ടാല്‍ ആ വിവരവും പൊലീസില്‍ അറിയിക്കേണ്ടതുണ്ട്.
മാത്രമല്ല, വീടുകളില്‍ പണവും സ്വര്‍ണവുമൊക്കെ സൂക്ഷിക്കുന്ന പതിവുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. രാത്രികളില്‍ വീടിനുപുറത്ത് എന്തെങ്കിലും ശബ്ദം കേട്ടാല്‍ മതിയായ മുന്‍കരുതലുകളില്ലാതെ വീതില്‍ തുറക്കുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് വീടിന്‍റെ വാതിലുകളും ജനാലകളും നന്നായി അടച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം.
വീടുകളുടെ വാതിലുകളിലും ജനലുകളിലും ഗ്രില്ലുകള്‍ ഉപയോഗിച്ച് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താം. മനഃസാക്ഷി മരവിച്ച കൊള്ളസംഘങ്ങള്‍ വീടിനുള്ളില്‍ കടന്നാല്‍ അവരെ എതിര്‍ക്കാനുള്ള മാനസികധൈര്യവും ശാരീരികക്ഷമതയും ഉണ്ടാവേണ്ടതുണ്ട്. ബുദ്ധിപരമായ നീക്കങ്ങള്‍ അത്തരം സാഹചര്യങ്ങളില്‍ അത്യാവശ്യമാണ്.