മുപ്പത്തിമൂന്നു പേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ 48കാരൻ അറസ്‌റ്റിൽ. രണ്ടാഴ്‌ച മുമ്പാണ് ഭോപ്പാലിന് സമീപത്തുനിന്ന് ആദേശ് ഖംറ എന്ന കൊലയാളിയെ അറസ്‌റ്റുചെയ്‌തത്. തയ്യൽക്കാരനായ ആദേശ് ഖംറ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ ഒൻപതുപേരെ പൊലീസ് കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. ഖംറയാണു സംഘത്തിന്റെ നേതാവ്.
അടുത്തിടെ നടന്ന രണ്ടു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസിനു ചില തുമ്പുകള്‍ ലഭിക്കുന്നത്. കൊലയാളിയെക്കുറിച്ചുള്ള സൂചനകള്‍ പിന്‍തുടര്‍ന്ന പോലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരിലുള്ള ഒരു വനപ്രദേശത്താണ്.
മധ്യപ്രദേശ് – 15, മഹാരാഷ്ട്ര – എട്ട്, ഛത്തീസ്‍ഗഡ് – അഞ്ച്, ഒഡീഷ – രണ്ട് എന്നിങ്ങനെ കൊലപാതകങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചു. എന്നാല്‍ പല സംഭവങ്ങളും ഓർമയിൽ ഇല്ലെന്നും പ്രതി പറഞ്ഞതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, താൻ ചെയ്‌ത കൊലപാതകങ്ങൾ ഏറ്റുപറയാൻ ആദേശ് ഖംറയ്‌ക്ക് യാതൊരു മടിയുമില്ല.
അടുത്തിടെ രണ്ട് ലോറി ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘാംഗവും ഭോപ്പാല്‍ സിറ്റി എസ്പിയുമായ ബിട്ടു ശര്‍മയാണ് ആദേശ് ഖംറയെ പിടികൂടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പര കൊലയാളിയായ രാമന്‍ രാഘവന്‍ കഴിഞ്ഞാല്‍ കൊലപാതകങ്ങളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം അങ്ങനെ ആദേശ് ഖംറ എന്ന തയ്യല്‍ക്കാരന് സ്വന്തം.
മറ്റുള്ളവരോട് വളരെ നല്ല രീതിയിൽ പെരുമാറിയിരുന്ന ആളായിരുന്നു ആദേശ് ഖംറ. ഇയാൾക്ക് ഇങ്ങനെയൊരു മുഖം ഉള്ളതായി വിശ്വസിക്കാൻ പലർക്കും കഴിഞ്ഞില്ല. ലോറി ഡ്രൈവർമാരുമായി പെട്ടെന്നുതന്നെ കൂട്ടാകുകയും തുടർന്ന് ഒരുമിച്ചിരുന്നു മദ്യപിക്കുകയും ചെയ്യും. മദ്യത്തിൽ വിഷം കലർത്തിയോ അല്ലാതയോ നൽകും. കൊക്കയിൽ നിന്ന് തള്ളിയിട്ടോ പാലത്തിൽ നിന്ന് താഴേക്കിട്ടോ ആണ് കൊലപാതകം നടത്താറുള്ളത്. പാവപ്പെട്ട കുടുംബാന്തരീക്ഷത്തിൽ നിന്ന് വരുന്ന ഡ്രൈവർമർക്ക് ഞാൻ മോക്ഷം നൽകുകയാണെന്നാണ് ആദേശിന്റെ പക്ഷം.