ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി; പരിഭ്രാന്തിയായ പെണ്‍കുട്ടി രക്ഷതേടി ഒരു കിലോമീറ്റര്‍ നഗ്നയായി ഓടി
വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (18:37 IST)
പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതികളില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ഭയം മൂലം ഒരു കിലോമീറ്ററോളം നഗ്നയായി ഓടി. രാജസ്ഥാനിലാണ് സംഭവം. മൂന്ന് പ്രതികളും അറസ്‌റ്റിലായതായി ഭില്‍വാര സീനിയര്‍ പൊലീസ് ഓഫിസര്‍ ഹരേന്ദ്ര മെഹ്‍വാര്‍ പറഞ്ഞു.
തിങ്കളാഴ്‌ച വൈകിട്ടാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സുഹൃത്തുക്കള്‍ക്കൊപ്പം അമ്പലത്തില്‍ പോയി മടങ്ങിവരുമ്പോള്‍ പ്രതികള്‍ ഇവരെ തടഞ്ഞു നിര്‍ത്തി ശാരീരികമായി ആക്രമിച്ചു. ഇതിനിടെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു.
തനിച്ചായ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പ്രതികള്‍ ബലാത്സംഗം ചെയ്തു. രക്ഷപ്പെട്ട സുഹൃത്ത് സമീപത്തെ പട്ടണത്തിലെത്തി വിവരം അറിയിച്ചതോടെ ഒരാള്‍ സംഭവസ്ഥലത്തെത്തി. ഇതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.
പരിഭ്രാന്തിയായ പെണ്‍കുട്ടി വസ്‌ത്രമില്ലാതെ ഒരു കിലോമീറ്ററോളം ഓടി. പിന്നാലെയെത്തിയ സുഹൃത്ത് പെണ്‍കുട്ടിയെ വസ്ത്രം ധരിപ്പിച്ചു. വിവരമറിഞ്ഞ് എത്തുമ്പോള്‍ പെണ്‍കുട്ടിയെ മൂന്നു പേര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് കണ്ടതെന്ന് രക്ഷിക്കാനെത്തിയ വ്യക്തി പൊലീസിനോട് പറഞ്ഞു.