ഭർത്താവ് തനിയെ സർക്കസ് കാണാൻ പോയ നിരാശയില്‍ ഭാര്യ ജീവനൊടുക്കി - ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി
ഭർത്താവ് തനിയെ സർക്കസ് കാണാൻ പോയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. കോട്ടയം മാങ്ങാനം പേഴുവേലിക്കുന്നിലാണ് സംഭവം. അസം സ്വദേശി നിയാസുദീൻ ലസ്‌കറിന്റെ ഭാര്യ തസ്ലീമ ബീഗം ലസ്‌കറാണ് (18) ജീവനൊടുക്കിയത്.
നിയാസുദീൻ താമസിക്കുന്ന വാടക വീട്ടില്‍ വ്യാഴാഴ്‌ച രാത്രി 7.30 ഓടെയാണ് സംഭവം. കോട്ടയം നാഗമ്പടത്ത് നടക്കുന്ന സര്‍ക്കസ് കാണാന്‍ കൊണ്ടു പോകാമെന്ന് യുവാവ് ഭാര്യയ്‌ക്ക് വാക്ക് നല്‍കിയിരുന്നു. എന്നാല്‍, തസ്ലീമയെ ഒഴിവാക്കി നിയാസുദീന്‍ സര്‍ക്കസ് കാണാന്‍ പോയി.
വൈകിട്ട് വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ വാതില്‍ തുറന്നില്ല. ഫോണില്‍ വിളിച്ചിട്ടും എടുക്കാതെ വന്നതോടെ നിയാസുദീൻ കതക് പൊളിച്ച് അകത്തു കയറിയപ്പോഴാണ് മുറിക്കുള്ളില്‍ തസ്ലീമയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഭാര്യ മരിച്ചതറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നിയാസുദീനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോട്ടയം ഈസ്‌റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിയാസുദീൻ പെയിന്റിങ് തൊഴിലാളിയാണ്.