10 മാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ കുഞ്ഞിന്‍റെ പിതാവായ 26കാരന്‍ അറസ്റ്റില്‍. തേനി ജില്ലയിലാണ് സംഭവം.
പനീര്‍സെല്‍വം എന്ന യുവാവാണ് ഈ ക്രൂരകൃത്യം നടത്തിയത്. അഴകുമീനയാണ് പനീര്‍ സെല്‍വത്തിന്‍റെ ഭാര്യ. ഇരുവരും തമ്മില്‍ വഴക്കുണ്ടാവുക പതിവായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളാണുള്ളത്.
കഴിഞ്ഞ ദിവസം പനീര്‍ സെല്‍വവുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് അഴകുമീന കുട്ടികളെയുമെടുത്ത് സ്വന്തം വീട്ടിലേക്കുപോയി. വ്യാഴാഴ്‌ച അഴകുമീനയുടെ വീട്ടിലെത്തിയ പനീര്‍സെല്‍വം അവിടെവച്ചും വഴക്കുണ്ടാക്കി. തുടര്‍ന്ന് ഇളയകുഞ്ഞിനെയുമെടുത്തുകൊണ്ട് പോകുകയും ചെയ്‌തു.
പോകും മുമ്പ്, കുട്ടിയെ താന്‍ കൊലപ്പെടുത്തുമെന്ന് പനീര്‍സെല്‍വം അഴകുമീനയോട് പറഞ്ഞുവത്രേ. ഉടന്‍ തന്നെ അഴകുമീന പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍ അഴകുമീനയുടെ വീട്ടില്‍ നിന്ന് പോയ പനീര്‍സെല്‍വം കുഞ്ഞിനെ കൊടങ്കിപട്ടിയിലുള്ള ഒരു കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
പളനിചെട്ടിപ്പട്ടി പൊലീസ് ഉടന്‍ തന്നെ കേസെടുക്കുകയും പനീര്‍സെല്‍വത്തെ അറസ്റ്റുചെയ്യുകയുമായിരുന്നു.