ദൃശ്യം സിനിമയെ അനുസ്മരിപ്പിച്ച വയനാട്ടിലെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. തന്നെയും അമ്മയെയും കുറിച്ചുള്ള അപവാദപ്രചാരണമാണ് അച്ഛനെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. മാനന്തവാടി എടവക പൈങ്ങാട്ടിരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ബുധനാഴ്ച കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
തമിഴ്‌നാട് സ്വദേശി ആശൈ കണ്ണാനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അരുണിനെയും സുഹൃത്ത് അര്‍ജ്ജുനെയും പൊലീസ് അറസ്റ്റുചെയ്തു. മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും മകനായ തന്നെയും അമ്മയെക്കുറിച്ചുമുള്ള അപവാദ പ്രചാരണവുമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് അരുണിന്റെ മൊഴി.
വാടകക്ക് താമസിക്കുന്ന ക്വാട്ടേഴ്‌സില്‍ നിന്ന് 300 മീറ്ററോളം അകലെയാണ് മൃതദേഹം കുഴിച്ചിട്ടത്. കഴിഞ്ഞ ബുധനാഴ്ച വീടിന്റെ തറയില്‍ മണ്ണിളകി കിടക്കുന്നത് കണ്ട തൊഴിലാളികള്‍ കരാറുകാരനെ വിവരമറിയിക്കുകയും തുടര്‍ന്ന് സ്ഥലം കുഴിച്ചുനോക്കിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.