ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെടിയേറ്റ് 19 വയസുകാരൻ മരിച്ചു. ഡല്‍ഹി സ്വദേശി സല്‍മാന്‍ സാക്കിറാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ സല്‍മാന്റെ സുഹൃത്തുക്കളായ മൂന്നു യുവാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. അമീർ, സൊഹൈൽ, സൊഹൈലിന്റെ ബന്ധു എന്നിവരെയാണ് പിടികൂടിയത്.സുഹൃത്തുക്കളായ സൊഹൈൽ, അമീർ എന്നിവര്‍ക്കൊപ്പമാണ് ശനിയാഴ്ച രാത്രി സല്‍മാന്‍ ഇന്ത്യാഗേറ്റിലെത്തിയത്. വീട്ടിലേക്കു മടങ്ങുമ്പോൾ സൽമാനാണ് വാഹനം ഓടിച്ചിരുന്നത്.
സൊഹൈല്‍ കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് സല്‍മാന് നേരെ ചൂണ്ടി ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിച്ചു. ഇതിനിടെ തോക്കില്‍ നിന്നും വെടിയുതിര്‍ന്ന് സല്‍മാന്റെ കവിളില്‍ തുളച്ചുകയറുകയായിരുന്നു. തുടര്‍ന്ന് സുഹൈല്‍ തന്റെ ബന്ധുവിനെ വിളിച്ചുവരുത്തി സല്‍മാനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും സല്‍മാന്‍ മരിച്ചു. യുവാവ് വെടിയേറ്റു മരിച്ചെന്ന വിവരം ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന മൂന്നു പേരും മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് മുങ്ങി.
തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ഇവര്‍ കഴുകിവൃത്തിയാക്കുകയും ചെയ്തു. ആയുധം കൈവശം വച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മനപൂര്‍വമായ നരഹത്യയാണോ എന്നത് അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.