രണ്ടാം മത്സരത്തിലും അനായാസേന ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർകിംഗ്സ്. നിലവിലെ ചാംമ്പ്യന്മാരോട് മുട്ടിടിച്ച് ഡൽഹി ക്യാപിറ്റൽസ്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ധോണിപ്പട മുന്നേറുകയാണ്. ആറു വിക്കറ്റിനാണ് ഡൽഹിയെ ചെന്നൈ പൊളിച്ചടുക്കിയത്. രണ്ടാം ജയത്തോടെ നാലു പോയിന്റുമായി സിഎസ്‌കെ ലീഗില്‍ തലപ്പത്തേക്കുയരുകയും ചെയ്തു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിയുടെ തേരോട്ടത്തെ നിയന്ത്രിച്ചത് ചെന്നൈയുടെ ബൌളർമാരാണ്. മികച്ച ബൗളിങിലൂടെ ഡൽഹിയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും സി എസ് കെ പിടിച്ചുനിര്‍ത്തി. ആറു വിക്കറ്റിന് 147 റണ്‍സെടുക്കാനേ ഡല്‍ഹിക്കായുള്ളൂ. ഒരു ഘട്ടത്തില്‍ 170നോടടുത്ത് ഡൽഹി റൺസ് എടുക്കുമെന്ന് കരുതിയെങ്കിലും ഡൽഹിയുടെ ആ പ്രതീക്ഷകളെ വരിഞ്ഞു മുറുക്കുകയായിരുന്നു സി എസ് കെയുടെ മികച്ച ബൌളർമാർ. ആതിഥേയരെ പിടിച്ചുകെട്ടാൻ ധോണിപ്പടയ്ക്ക് സാധിച്ചു.
51 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഡൽഹിക്കായി പൊരുതിയയാൾ. മുബൈക്കെതിരായ ആദ്യ കളിയില്‍ ടീമിന്റെ വിജയശില്‍പ്പിയായ റിഷഭ് പന്തിന് പക്ഷേ, രണ്ടാം കളിയിൽ പ്രതീക്ഷിച്ച രീതിയിൽ തിളങ്ങാൻ സാധിച്ചില്ല. 13 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായി. കുറച്ചുകൂടി സമയം പന്ത് ക്രീസിൽ നിന്നിരുന്നെങ്കിൽ ഒരുപക്ഷേ മികച്ച സ്കോർ നേടിയിരുന്നേക്കാം. അപകടകരമായ രീതിയില്‍ ബാറ്റ് വീശിയ പന്ത് ചെന്നൈയില്‍ നിന്നും കളി തട്ടിയെടുക്കുമെന്ന സൂചനകള്‍ നല്‍കവെയാണ് ബ്രാവോ പന്തിനെ തിരിച്ചയച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 19.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ ലക്ഷ്യത്തിലെത്തി. 44 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 26 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും വാട്‌സന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 32 റൺസെടുത്ത് ക്രീസിൽ നിലയുറപ്പിച്ച ധോണിയും നല്ല ഫോമിലായിരുന്നു. സുരേഷ് റെയ്‌ന, കേദാര്‍ ജാദവ് എന്നിവരും സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.