മുസ്ലീം യുവതിയെ പ്രണയിച്ച ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ കേത്രം ഭീമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
മെഹ്ബൂബ് ഖാന്‍ എന്നയാളുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന കേത്രം ഈ വീട്ടിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. വിവരമറിഞ്ഞ ബന്ധുക്കള്‍ ജോലിക്ക് വരേണ്ടതില്ലെന്ന് യുവാവിനോട് പറഞ്ഞു. ഇരുവരും ബന്ധം തുടര്‍ന്നതോടെ യുവതിയുടെ വീട്ടുകാര്‍ ഇരുവരെയും ഭീഷണിപ്പെടുത്തി.
ഇതിനിടെ കേത്രമിനെ കൊലപ്പെടുത്താന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീരുമാനിച്ചു. സംഭവ ദിവസം സുഹൃത്തുക്കള്‍ വഴി യുവാവിനെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ചു. ഇവിടെ കാത്തുനിന്ന യുവതിയുടെ ബന്ധുക്കളായ സദാം ഖാന്‍, ഹൈത് ഖാന്‍ എന്നിവരടങ്ങുന്ന ഏഴംഗ സംഘം കേത്രമിനെ അകലെയുള്ള വയലിലേക്ക് കൊണ്ടു പോയി മര്‍ദ്ദിച്ചു.
ക്രുരമായ പീഡനത്തിനിടെ പരിക്കേറ്റ കേത്രം മരിച്ചു. ഇതോടെ മൃതദേഹം ഉപേക്ഷിച്ച് യുവതിയുടെ ബന്ധുക്കള്‍ രക്ഷപ്പെട്ടു. മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ശരീരമാകെ തല്ലിച്ചതച്ചുവെന്നും കഴുത്തു ഞെരിക്കാന്‍ ശ്രമിച്ചുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.