ഇതരസമുദായക്കാരുടെ വീട്ടിൽ പോവുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് വയോധികന്റെ കാൽ സഹോദര പുത്രൻ വെട്ടിമാറ്റി. മറയൂർ കോവിൽക്കടവിലാണ് സംഭവം. കാന്തല്ലൂർ പഞ്ചായത്തിലെ കർശനാട് സ്വദേശി രാമയ്യയുടെ മകൻ മുത്തുപാണ്ടിയുടെ മുട്ടിന് താഴെവെച്ചാണ് വെട്ടിമാറ്റിയത്. പ്രതിയായ ഇദ്ദേഹത്തിന്റെ സഹോദരപുത്രൻ മുരുകൻ ഒളിവിലാണ്. കാലിന്റെ 95 ശതമാനം ഭാഗവും അറ്റു.
തമിഴ് തേവർ സമുദായത്തിൽപ്പെട്ടവരാണിവർ. ചൊവ്വാഴ്ച രാവിലെ 9.45നാണ് സംഭവം. കോവിൽക്കടവ് ദണ്ഡുകൊമ്പ് ജംഗ്ഷനിലുള്ള വ്യാപാര സ്ഥാപനത്തിന് മുൻപിൽ ഇരിക്കുകയായിരുന്നു മുത്തുപാണ്ടി. വാക്കത്തിയുമായിവന്ന മുരുകൻ കാൽവെട്ടുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ കയറി ഇയാൾ രക്ഷപ്പെട്ടു. പതിനഞ്ച് മിനിട്ടോളം മുത്തുപാണ്ടി ചോരവാർന്ന് ഇവിടെ കിടന്നു. തുടർന്ന് അഞ്ച് കിലോമീറ്റർ അകലെനിന്ന് മറയൂർ പൊലീസെത്തി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.
ഇതര സമുദായക്കാരുടെ വീട്ടിൽ പോകുന്നുവെന്നും ഭക്ഷണം കഴിക്കുന്നുവെന്നും പറഞ്ഞ് മുരുകൻ നിരന്തരം തന്നോട് വഴക്കിടാറുണ്ടെന്ന് പരിക്കേറ്റ മുത്തുപാണ്ടി പൊലീസിന് മൊഴി നൽകി. മുരുകൻ വാക്കത്തിയുമായി വരുന്നതും പോകുന്നതും നാട്ടുകാർ വിരണ്ടോടുന്നതും സമീപമുള്ള കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.