അട്ടിമറി ഇന്നും തുടരുമോ? ലോകകപ്പിൽ ഇന്ന് അഫ്ഗാൻ ന്യൂസിലൻഡ് പോരാട്ടം

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2023 (13:39 IST)
ലോകകപ്പില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാനെ നേരിടും. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം ആരംഭിക്കുക. 3 മത്സരങ്ങളും വിജയിച്ച് ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കിവികള്‍. ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ന്യൂസിലന്‍ഡിന് കഴിയും. എന്നാല്‍ സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈ വിക്കറ്റില്‍ അഫ്ഗാനെ നേരിടുന്നത് കിവികള്‍ക്ക് എളുപ്പമാവില്ല.
 
നായകന്‍ കെയിന്‍ വില്യംസണ് പരിക്ക് മൂലം ഇനിയുള്ള മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നത് ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടിയാണ്. ടോപ് ഓര്‍ഡറില്‍ കോണ്‍വെയും രചിന്‍ രവീന്ദ്രയും മികച്ച പ്രകടനമാണ് നടത്തുന്നത്. ഡാരില്‍ മിച്ചല്‍,ടോം ലാഥം എന്നിവരടങ്ങിയ മധ്യനിരയും ശക്തമാണ്. ട്രെന്‍ഡ് ബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയില്‍ മാറ്റ് ഹെന്റി, മിച്ചല്‍ സാന്‍്‌നര്‍ എന്നിവരും മികച്ച പ്രകടനമാണ് നടത്തുന്നത്.
 
അതേസമയം റഹ്മാനുള്ള ഗുര്‍ബാസിലാണ് അഫ്ഗാന്റെ ബാറ്റിംഗ് പ്രതീക്ഷകള്‍. ഗുര്‍ബാസിനൊപ്പം റഹ്മത് ഷാ, ഹഷ്മതുള്ള ഷാഹിദി, അസ്മതുള്ള ഒമര്‍സായ് എന്നിവരും തങ്ങളുടേതായ ദിവസം മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കഴിവുള്ള താരങ്ങളാണ്. റാഷിദ് ഖാന്‍, മുജീബ് റഹ്മാന്‍, ഫസല്‍ ഹഖ് ഫാറൂഖി എന്നിവരടങ്ങിയ അഫ്ഗാന്‍ ബൗളിംഗ് നിരയും ശക്തമാണ്. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചായതിനാല്‍ തന്നെ അഫ്ഗാന് അത് നേരിയ മുന്‍തൂക്കം നല്‍കും. കഴിഞ്ഞ 2 ദിവസങ്ങളിലായി ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക ടീമുകള്‍ ലോകകപ്പില്‍ അട്ടിമറിയുടെ രുചിയറിഞ്ഞിരുന്നു. അതിനാല്‍ തന്നെ ഇന്നും ഒരു അട്ടിമറി സംഭവിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

അനുബന്ധ വാര്‍ത്തകള്‍

Next Article