ഒരേ അച്ചിൽ ക്രിക്കറ്റ് കളിക്കുന്ന താരങ്ങൾക്കിടയിൽ ഇന്ത്യൻ ടീമിനെ അപകടകാരിയാക്കുന്നത് രോഹിത് ശർമ

ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (18:47 IST)
ഏകദിന ക്രിക്കറ്റില്‍ 3 ഡബിള്‍ സെഞ്ചുറികള്‍ നേടുക എന്നത് ക്രിക്കറ്റ് താരങ്ങള്‍ക്കെല്ലാം അസൂയയുണ്ടാക്കുന്ന നേട്ടമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ കുറഞ്ഞ കാലം കൊണ്ട് രോഹിത് ഈ നേട്ടങ്ങള്‍ വാരികൂട്ടുമ്പോള്‍ തുടക്കം കൂടുതല്‍ പന്തുകള്‍ നിന്ന് സമയമെടുത്ത് ഇന്നിങ്ങ്‌സ് ബില്‍ഡ് ചെയ്ത് ആഞ്ഞടിക്കുക എന്ന രീതിയായിരുന്നു അയാള്‍ പിന്തുടര്‍ന്നിരുന്നത്. തന്റെ കരിയറിലെ സിഹഭാഗത്തും രോഹിത് ഈ രീതിയാണ് പിന്തുടര്‍ന്നത്. എന്നാല്‍ ടി20 ക്രിക്കറ്റിന്റെ വരവോടെ ഏകദിന ക്രിക്കറ്റും കൂടുതല്‍ അഗ്രസ്സീവായി മാറിയപ്പോള്‍ തന്റെ ബാറ്റിംഗ് ശൈലി തന്നെ രോഹിത് പുതുക്കിയെഴുതി.
 
ദീര്‍ഘക്കാലമായി ക്രിക്കറ്റ് കളിക്കുന്ന താരമെന്ന നിലയില്‍ ഈ മാറ്റം എന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല. പ്രഹരശേഷി ഒരുപാട് മെച്ചപ്പെട്ടെങ്കിലും വമ്പന്‍ സ്‌കോറുകള്‍ നേടുന്നതില്‍ നിന്നും ഈ റിസ്‌കി ബാറ്റിംഗ് രീതി രോഹിത്തിനെ അകറ്റുകയും താരം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുകയും ചെയ്തു. അപ്പോഴും തനിക്ക് പുതുതായി ഒന്ന് പരീക്ഷിക്കണം എന്നുള്ള നിലപാടാണ് രോഹിത് സ്വീകരിച്ചത്. ലോകകപ്പ് ആരംഭിച്ചതും രോഹിത് തന്റെ ഗിയര്‍ മാറ്റിയപ്പോള്‍ അതിന്റെ ഗുണം ലഭിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെയാണ്.
 
പരമ്പരാഗതമായി ആദ്യ പന്തുകളില്‍ പിടിച്ച് നിന്ന് താളത്തിലെത്തുമ്പോള്‍ സ്‌കോര്‍ നിരക്ക് ഉയര്‍ത്തുക എന്ന രീതിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കാറുള്ളത്. ഇന്ത്യന്‍ മുന്‍നിരയില്‍ തന്നെ വിരാട് കോലി,ശുഭ്മാന്‍ ഗില്‍,ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം തന്നെ ഇതേ രീതി പിന്തുടരുന്നവരാണ്. താളം കണ്ടെടുക്കാന്‍ ഇവരെടുക്കുന്ന പന്തുകളെ കോമ്പന്‍സേറ്റ് ചെയ്യാന്‍ തീര്‍ച്ചയായും ഒരു താരമുണ്ടാവുക എന്നത് ഇന്ത്യന്‍ ടീമിന്റെ പ്രഹരശേഷിയെ വളരെയേറെ വര്‍ധിപ്പിക്കും. ലോകകപ്പിലെ 3 കളികളില്‍ രോഹിത് മികച്ച പ്രകടനം നടത്തിയപ്പോള്‍ പതിവിലേറെ ശക്തമായി ഇന്ത്യന്‍ ടീമിനെ അനുഭവപ്പെടുന്നത് ഇക്കാരണം കൊണ്ടാണ്.
 
ഒരു ഭാഗത്ത് രോഹിത് തകര്‍ത്തടിക്കുമ്പോള്‍ തങ്ങളുടെ സ്‌ട്രൈക്ക്റേറ്റിനെ പറ്റി ആശങ്കപ്പെടാതെ തന്നെ തങ്ങളുടെ സ്വാഭാവിക ഗെയിം കളിക്കാന്‍ മറ്റ് താരങ്ങള്‍ക്കാകുന്നു. 2015ല്‍ ന്യൂസിലന്‍ഡിന് വേണ്ടി നായകന്‍ ബ്രന്‍ഡന്‍ മക്കല്ലം എന്ത് ചെയ്‌തോ അതിന് സമാനമായാണ് രോഹിത് ഇന്ത്യയ്ക്ക് വേണ്ടിയും ചെയ്യുന്നത്. നായകനായി ടീമിനെ മുന്നില്‍ നിന്നും നയിക്കുക ടീമിനായി കൂടുതല്‍ റിസ്‌ക് എടുക്കുക. ഇതില്‍ രോഹിത് വിജയിക്കുമ്പോഴെല്ലാം അത് ടീമിന് നല്‍കുന്ന ബാലന്‍സ് വളരെ വലുതാണ്. ഈ ഫോം ടൂര്‍ണമെന്റില്‍ ഉടനീളം പുലര്‍ത്താന്‍ രോഹിത്തിന് സാധിക്കുകയാണെങ്കില്‍ മറ്റ് ടീമുകള്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാകും ഇന്ത്യ ലോകകപ്പില്‍ ഉയര്‍ത്തുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍