ഇതാണ് നായകൻ; കലി തുള്ളി കോഹ്ലി, കൈയ്യടിച്ച് ക്രിക്കറ്റ് ലോകം! - വീഡിയോ
തിങ്കള്‍, 10 ജൂണ്‍ 2019 (09:44 IST)
ലോകകപ്പിൽ ഇന്നലെയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ആദ്യമായി ഏറ്റുമുട്ടിയത്. 36 റൺസിനു ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരായ ജയം ഉറപ്പിക്കുകയായിരുന്നു. ഓവലിലെ സ്റ്റേഡിയത്തിൽ കളിക്കിടെയുണ്ടായ ഒരു സംഭവത്തിൽ ക്രിക്കറ്റ് ലോകം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ വാനോളം പുകഴ്ത്തുകയാണ്. നായകനായാൽ ഇങ്ങനെ വേണം എന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്.
ഇന്ത്യൻ ആരാധകർ സ്മിത്തിനെ ചതിയനെന്ന് വിളിച്ചപ്പോൾ സ്മിത്തിന് പിന്തുണ നൽകിയത് കോഹ്ലിയാണ്. ഇതിനെയാണ് ക്രിക്കറ്റ് ലോകം കൈയ്യടിക്കുന്നത്. ഇന്ത്യയുടെ ഇന്നിങ്‌സിനിടെയായിരുന്നു സംഭവം. കോലിയുടെ ഷോട്ട് തടയാന്‍ ബൗണ്ടറി ലൈനിലേക്ക് ഓടിയ സ്മിത്തിനെ സ്‌റ്റേഡിയത്തിന്റെ ആ ഭാഗത്തുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകര്‍ കൂവി വിളിച്ചു കളിയാക്കുകയും ചതിയനെന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു.
സ്മിത്തിനു നേരെ ഇന്ത്യന്‍ ആരാധകരുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ കോലി കുപിതനാവുകയായിരുന്നു. റണ്‍സ് പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ പിച്ചില്‍ നിന്നും കുറച്ചു ദൂരം മുന്നോട്ടിറങ്ങി ഗ്യാലറിക്ക് ഏകദേശം അടുത്ത് വന്ന അദ്ദേഹം ഇന്ത്യന്‍ ഫാന്‍സിനു നേരെ അതൃപ്തി അറിയിക്കുകയും ചെയ്തു.
എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും കോലി കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു. ഇതോടെ ആരാധകർ കൈയ്യടിച്ച് തുടങ്ങി. ഇതിനു ശേഷം തനിക്കു പിന്തുണയുമായി വന്ന കോലിയോട് നിറചിരിയോടെ സ്മിത്ത് നന്ദി പറയുന്നതും ക്യാമറാക്കണ്ണിലൂടെ ലോകം കാണുകയും ചെയ്തു.
2018 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റിനിടെയാണ് പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സ്മിത്തിനും വാര്‍ണറിനും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്.
മുൻപ് പല തവണ പൊട്ടിത്തെറിച്ച് പെരുമാറിയിട്ടുള്ള കോഹ്ലിയിൽ നിന്നും ഇങ്ങനെയൊന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട ഓസീസിന്റെ മുന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തിനെതിരെ ഗ്യാലറി മോശമായി പെരുമാറിയപ്പോൾ അവർക്കെതിരെ കോഹ്ലി പൊട്ടിത്തെറിച്ചത് കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
ലോകകപ്പിലെ ഫൈനലിനു മുമ്പത്തെ ഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തില്‍ ഇന്ത്യ 36 റണ്‍സിനു ഓസീസിനെ തകര്‍ത്തുവിട്ടിരുന്നു. ഇന്ത്യ നല്‍കിയ 352 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് അവസാന പന്തില്‍ 316 റണ്‍സിന് പുറത്താവുകയായിരുന്നു.
With India fans giving Steve Smith a tough time fielding in the deep, @imVkohli suggested they applaud the Australian instead.