ലണ്ടനില്‍ നല്ല മഴയാണ്, ഇംഗ്ലണ്ടിലെ തെക്കൻ മേഖലയെ തണുപ്പിക്കുകയാണ് കാറ്റും അതിനൊപ്പമുള്ള ചാറ്റല്‍ മഴയും. ഏതു കാലത്തും മഴ പതിവായുള്ള നാടാണിത്. ക്രിക്കറ്റിന്റെ ചരിത്രമുറങ്ങുന്ന ഓവലിലും കാഡിഫിലും മാഞ്ചസ്‌റ്ററിലും മഴ വിരുന്നെത്തി.
മഴയുടെ തണ്ണുപ്പിലും സിരകളെ ചൂട് പിടിപ്പിക്കാന്‍ ശേഷിയുള്ള പോരാട്ടത്തിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ശക്തരായ ഇന്ത്യയും - ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഓവല്‍ ചൂടുപിടിക്കും. മത്സരഫലം എന്താകുമെന്ന് പ്രവചിക്കുക അസാധ്യം. ജയം ആര്‍ക്കൊപ്പമെന്ന് പറയാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുക്കര്‍ പോലും മടിക്കുന്നു.
തുല്യ ശക്തികളുടെ പോരാട്ടമാണിത്. ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും നേരിടേണ്ടത് റാങ്കിംഗില്‍ വിരാടിനെന്നും ഭീഷണിയായ സ്‌റ്റീവ് സ്‌മിത്തിനെയും ഏറ്റവും അപകടകാരിയായ ഓപ്പണിംഗ് ബാറ്റ്‌സ്‌മാന്‍ ഡേവിഡ് വാര്‍ണറുമടങ്ങുന്ന ടീമിനെയാണ്.
ആരോണ്‍ ഫിഞ്ച്, ഉസ്‌മാന്‍ ഖവാജ, സ്‌റ്റോണിസ്, അലക്‍സ് കാരി, ഗ്ലെന്‍ മാക്‍സ്‌വെല്‍, എന്നിങ്ങനെ പ്രതിഭകളുടെ നീണ്ട നിര തന്നെയുണ്ട്. ഇവര്‍ക്കൊപ്പം ഏതുനിമിഷവും വന്‍ പ്രകടനം പുറത്തെടുക്കാന്‍ ശേഷിയുള്ള കോള്‍ട്ടര്‍ നൈലും. മിച്ചല്‍ സ്‌റ്റാര്‍ക്, പാറ്റ് കമ്മിന്‍സ് എന്നീ പേസര്‍മാരും കൂടി ചേരുമ്പോള്‍ കളി കാര്യമാകും.
കരുത്തരായ ഓസീസ് ബാറ്റിംഗ് നിരയെ വിറപ്പിക്കാന്‍ ജസ്‌പ്രിത് ബുമ്രയ്‌ക്ക് കഴിയുമെന്നതില്‍ തര്‍ക്കമില്ല. ബുമ്രയുടെ ആദ്യ ഓവറുകള്‍ അതിജീവിച്ചാല്‍ ഓസീസിനെ പിടിച്ചാല്‍ കിട്ടില്ല. എന്നാല്‍, മറുവശത്ത് സകല ആയുധങ്ങളും പുറത്തെടുത്താകും ഇന്ത്യ ഇറങ്ങുക.
പതിവ് പോലെ രോഹിത് ശര്‍മ്മയുടെ ഇന്നിംഗ്‌സും ധവാന്റെ ക്ലാസ് പ്രകടനവുമാണ് ഓപ്പണിംഗില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇരുവരും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുക്കെട്ട് ഉണ്ടാക്കിയാല്‍ കോഹ്‌ലിക്ക് എളുപ്പമാകും. അങ്ങനെ എങ്കില്‍ ഒരു മികച്ച പ്രകടനം ക്യാപ്‌റ്റനില്‍ നിന്നും കാണാം.
നാലാം നമ്പറിലെത്തുന്ന രാഹുലിനും മധ്യനിരയുടെയും ടീമിന്റെയും നട്ടെല്ലുമായ മഹേന്ദ്ര സിംഗ് ധോണിയുടെയും പ്രകടനം നിര്‍ണായകമാണ്. വാലറ്റത്ത് ഹാര്‍ദിക് പാണ്ഡ്യ ആഞ്ഞടിച്ചാല്‍ സ്‌കോര്‍ ഉയരും. ഓവലില്‍ ടോസ് നിര്‍ണായകമാണെന്നാണ് ഇരു ടീമുകളെയും ആശങ്കപ്പെടുത്തുന്നത്.