‘അദ്ദേഹത്തിന് രാജ്യം മാറാന്‍ കഴിയുമെങ്കില്‍ ഞങ്ങളുടെ ‘തല’ ധോണിയായിരിക്കും; മഹിയെ കിവിസ് ടീമിലേക്ക് ക്ഷണിച്ച് വില്യംസണ്‍
വ്യാഴം, 11 ജൂലൈ 2019 (14:23 IST)
ന്യൂസിലന്‍ഡിനോട് തോല്‍വി സമ്മതിച്ച് ലോകകപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെ ഒരു വിഭാഗം ആരാധകര്‍ മഹേന്ദ്ര ധോണിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. രവീന്ദ്ര ജഡേജ ക്രീസില്‍ ഉണ്ടായിരുന്നപ്പോള്‍ ധോണി ആക്രമിച്ച് കളിക്കണമായിരുന്നുവെന്നും താരത്തിന്റെ മെല്ലപ്പോക്കാണ് തോല്‍വിക്ക് കാരണമായതെന്നും പറഞ്ഞായിരുന്നു കുറ്റപ്പെടുത്തല്‍.
എന്നാല്‍ ധോണി വിമര്‍ശകരുടെ വായടപ്പിക്കുന്ന രീതിയിലുള്ള പ്രസ്‌താവന നടത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. രാജ്യം മാറാന്‍ ധോണി തയാറാവുകയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ ന്യൂസിലന്‍ഡ‍് ടീമിലേക്ക് പരിഗണിക്കുമെന്നാണ് മത്സരശേഷം കെയ്‌ന്‍ പറഞ്ഞത്.
“ഞങ്ങള്‍ക്കൊപ്പം ടീം മാറി കളിക്കാന്‍ ധോണിക്ക് കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍ കിവിസ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കും. ലോകോത്തര കളിക്കാരനാണ് ധോണി. ഈ ലോകകപ്പില്‍ താരത്തിന്റെ പരിചയസമ്പത്ത് വിരാട് കോഹ്‌ലിക്കും സംഘത്തിനും എത്രമാത്രം ഉപകരിക്കപ്പെട്ടു എന്ന് എല്ലാവരും കണ്ടു”.
“ബാറ്റിംഗ് ദുഷ്കരമായ ഓള്‍ഡ് ട്രാഫോര്‍ഡിലെ പിച്ചില്‍ ജഡേജയെ കൂട്ടുപിടിച്ച് ധോണി നടത്തിയ പ്രകടനം നിര്‍ണായകമായിരുന്നു. ധോണിയുടെ വിക്കറ്റ് വീണാല്‍ മാത്രമേ ജയം സാധ്യമാകുകയുള്ളൂ എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. തോല്‍വിയുടെ വക്കില്‍ നിന്നും ടീമിനെ രക്ഷിച്ചെടുത്ത ഒരുപാട് ചരിത്രമുണ്ട് ധോണിക്ക്”.
എത് രീതിയിലായാലും ആ വിക്കറ്റ് വീഴ്ത്തുക എന്നതായിരുന്നു ലക്ഷ്യം. അത്രയ്‌ക്കും പ്രധാനപ്പെട്ടതായിരുന്നു ആ നിമിഷം. ധോണി റണ്ണൌട്ടിലൂടെ പുറത്തായതായിരുന്നു മത്സരത്തിലെ നിര്‍ണായക നിമിഷം. ഞങ്ങള്‍ക്ക് ഫൈനല്‍ ബര്‍ത്ത് നല്‍കിയ പുറത്താകലായിരുന്നു അതെന്നും വില്യംസണ്‍ പറഞ്ഞു.