ഇനിയും ധോണിയെ ക്രൂശിക്കുന്നവരോട് ഒന്നേ പറയാനുള്ളു, ‘കടക്ക് പുറത്ത്’ !
വ്യാഴം, 11 ജൂലൈ 2019 (10:20 IST)
ധോണിയെ ക്രൂശിക്കുന്നവർ ഒന്നോർക്കേണ്ടതുണ്ട്, മാഞ്ചസ്റ്ററിലെ പിച്ചിൽ നാണംകെട്ട തോൽവിയുമായി ഇന്ത്യയ്ക്ക് മടങ്ങേണ്ടി വരുമായിരുന്നു. കണ്ണടച്ച് തുറക്കും മുൻപേ ഇന്ത്യയുടെ ശക്തന്മാരായ മൂന്ന് പേർ കൂടാരം കയറി. രോഹിത് ശർമ, വിരാട് കോഹ്ലി, കെ എൽ രാഹുൽ. ഇന്ത്യയുടെ പ്രതീക്ഷയ്ക്കേറ്റ ആദ്യ മങ്ങലായിരുന്നു അത്. ന്യൂസിലൻഡ് ശക്തന്മാർ ആയിരുന്നു. വെൽ പ്ലാനിംഗിലായിരുന്നു അവർ ഓരോ ചുവടും വെച്ചത്.
പിച്ചിന്റെ അനുസരണയില്ലായ്മയും വിക്കറ്റ് നഷ്ടവും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ന്യൂസിലൻഡ് അടിച്ചെടുത്ത 240 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 221 നു പുറത്തായി. 18 റൺസിന്റെ പരാജയം. ധോണിയോ ജഡേജയോ ക്രീസിലുണ്ടായിരുന്നെങ്കിൽ ഈസിയായി അടിച്ചെടുക്കാൻ കഴിയുമായിരുന്ന റൺസ്. എന്നാൽ, അവസാന ഓവറുകൾ ഇന്ത്യയ്ക്ക് നിർണായകമായി.
77 റൺസെടുത്ത രവീന്ദ്ര ജഡേജയും 50ൽ പുറത്തായ മഹേന്ദ്ര സിംഗ് ധോണിയുമാണ് ഇന്ത്യയെ ഒരു വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത്. രാഹുലിനു ശേഷം പന്തും പാണ്ഡ്യയും വന്നു. കുറച്ച് നേരം അടിച്ച് നോക്കിയ ഇരുവരും 32 റണ്ണെടുത്ത് തിരിച്ച് കയറി. അതോടെ, ഇന്ത്യ മുഴുവൻ പ്രതീക്ഷ ഉറപ്പിച്ചത് അതികായനായ ധോണിയിലായിരുന്നു.
അതിന്റെ തെളിവായിരുന്നു ഓൾഡ് ട്രാഫഡിന്റെ മൈതാനത്തേക്ക് ആ ഏഴാം നമ്പറുകാരൻ നടന്നടുത്തപ്പോൾ ഗാലറിയിൽ നിന്നുയർന്ന് ആരവം. ധോണി, ധോണി, ധോണി... ആ പേര് മൈതാനത്ത് അലയടിച്ച് കൊണ്ടിരുന്നു. ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും തന്നിലാണെന്ന് ധോണിയും തിരിച്ചറിഞ്ഞു. ധോണിക്ക് കൂട്ടായി രവീന്ദ്ര ജഡേജയും. പിന്നീടുണ്ടായ ബാറ്റിംഗ് മുഴുവൻ നിയന്ത്രിച്ചിരുന്നത് ധോണിയായിരുന്നുവെന്ന് കളി കഴിഞ്ഞ ശേഷം സച്ചിനും പറഞ്ഞിരുന്നു.
31 ആം ഓവറിലാണ് ജഡേജയും ധോണിയും ഒരുമിച്ചത്. ചരിത്രം കുറിച്ച ശേഷമാണ് ആ സഖ്യം പിരിഞ്ഞത്. ലോകകപ്പുകളുടെ ചരിത്രത്തിലെ മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോർഡ് ഇരുവർക്കും സ്വന്തം. 112 പന്തിൽ 116 റൺസ്. 6 വിക്കറ്റിന് 92 എന്ന പരിതാപകരമായ അവസ്ഥയിൽ നിന്നും 221ലേക്ക് ഇന്ത്യയെ എത്തിച്ചത് ജഡേജയുടെ കൂറ്റനടിയും ധോണിയുടെ കണക്കുകൂട്ടലുമായിരുന്നു.
ജഡേജയുടെയും ധോണിയുടേയും പോരാട്ടവീര്യത്തെ സച്ചിൻ പ്രശംസിക്കുകയും ചെയ്തു. അവസാനത്തോട് അടുക്കുമ്പോൾ ജഡേജയോട് സംസാരിച്ച് കാര്യങ്ങൾ ധോണി നിയന്ത്രിക്കുകയായിരുന്നു. സമർത്ഥമായി തന്നെ ധോണി സ്ട്രൈക്ക് മാറുന്നുമുണ്ടായിരുന്നെന്നും സച്ചിൻ ചൂണ്ടിക്കാണിക്കുന്നു. ധോണിയെ അഞ്ചാമനായി ഇറക്കണമായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ഈ കളിയിലെ പ്രകടനത്തിനും ധോണിയെ വിമർശിക്കുന്നവർ കുറവല്ല. ഓവറുകൾ ഉണ്ടായിരുന്നിട്ടും ധോണി കൂറ്റനടിച്ച് ശ്രമിച്ചില്ലെന്നാണ് വിമർശകരുടെ കണ്ടെത്തൽ. എന്നാൽ, കൂറ്റനടിക്ക് ശ്രമിച്ച് ധോണി പുറത്തിരുന്നാൽ, പിന്നെ കളി നിയന്ത്രിക്കാനോ കുറച്ചെങ്കിലും പിടിച്ച് നിൽക്കാനോ ആരാണ് ബാക്കിയുള്ളതെന്ന് ചോദിച്ചാൽ ഇക്കൂട്ടർക്ക് മറുപടിയില്ല. തോൽക്കുമെന്ന് ഉറപ്പാകുമ്പോഴും മാജിക് സംഭവിക്കുമെന്ന പ്രതീക്ഷയുടെ പേരാണ് ധോണി. അത് അന്ന് മാത്രമല്ല ഇന്നും അങ്ങനെ തന്നെയാണ്.