ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് ഓവര്‍ ത്രോയിലൂടെ ആറ് റണ്‍സ് അനുവദിച്ച ഫീല്‍ഡ് അമ്പയര്‍ കുമാര്‍ ധര്‍മസേനയുടെ പിഴവില്‍ ആദ്യമായി പ്രതികരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി).
ഐസിസി നിയമാവലി അനുസരിച്ച് അമ്പയര്‍മാരാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. ഇതില്‍ എന്തെങ്കിലും അഭിപ്രായം പറയുന്നത് ഐസിസി നയത്തിന് എതിരാണെന്നും അവരുടെ വക്താവ് അറിയിച്ചു.
“ഐസിസിയുടെ നിയമപുസ്തകവും നിയമങ്ങളും അടിസ്ഥാനമാക്കി അമ്പയര്‍മാരാണ് കളിക്കളത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ എന്തെങ്കിലും അഭിപ്രായം പറയാന്‍ ഐസിസി നയമനുസരിച്ച് ഞങ്ങള്‍ക്ക് സാധിക്കില്ല“- എന്ന് ഐസിസി വക്താവ് പറഞ്ഞു.
ഇംഗ്ലണ്ട് - ന്യൂസിലന്‍ഡ് ഫൈനലിലെ അവസാന ഓവറിലായിരുന്നു ഓവര്‍ത്രോ വിവാദം. ഗുപ്റ്റില്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്ന് എറിഞ്ഞ പന്ത് ബെന്‍ സ്റ്റോക്ക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈന്‍ കടന്നു. അമ്പയര്‍ കുമാര്‍ ധര്‍മസേന ഈ പന്തില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് അനുവദിച്ചു. എന്നാല്‍ ഐസിസി നിയമപ്രകാരം അഞ്ചു റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത്. ഇതാണ് ലോകകപ്പ് തോല്‍വിയിലേക്ക് ന്യൂസിലന്‍ഡിനെ നയിച്ചത്.