ഈ സീസണിലെ മുംബൈയുടെ മോശം ദിനം ഫൈനലായിരിയ്ക്കും: മുംബൈയെ വീഴ്ത്താൻ ആ തന്ത്രം ധാരാളം: മാർക്കസ് സ്റ്റോയിനിസ്

Webdunia
തിങ്കള്‍, 9 നവം‌ബര്‍ 2020 (12:12 IST)
ദുബായ്: ആദ്യ ഐപിഎൽ കിരീടം നേടുക എന്ന ലക്ഷ്യത്തോടെ ഡൽഹി ക്യാപിറ്റൽസ് ഫൈ‌നലിൽ കടന്നിരിയ്ക്കുകയാണ് ഈ സീസണിലെ തന്നെ ഏറ്റവും കരുത്തരായ മുംബൈ ഇന്ത്യൻസിനെയാണ് ഡൽഹി ഫൈനലിൽ എതിരിടേണ്ടത്. എന്നാൽ മുംബൈയെ നേരിടാൻ ഒട്ടും ഭായമില്ലെന്നും വിജയം നേടാൻ ടീം പൂർണ സജ്ജമാണെന്നും പറയുകയാണ് ഡൽഹി ക്യാപിറ്റൽസ് താരം മാർക്കസ് സ്റ്റോയിനിസ്. ഈ സീസണിലെ മുംബൈയുടെ ഏറ്റവും മോശം ദിവസം ഫൈനലായിരിയ്ക്കും എന്ന് സ്റ്റോയിനിസ് പറയുന്നു.
 
'മുംബൈക്കെതിരെയാണ് ഫൈനൽ എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമേയല്ല. മുംബൈ മികച്ച ടീമാണ്. പക്ഷേ ഏതൊരു മികച്ച ടീമിനും ഒരു മോശം ദിനമുണ്ടാകും. അവരെ പരാജയപ്പെടുത്താമെന്ന ആത്മവിശ്വാസം ഡല്‍ഹി നിരയിലുണ്ട്. മുംബൈക്കെതിരെ ജയിക്കാന്‍ ഡല്‍ഹിയുടെ മികച്ച കളി മാത്രം മതി. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം വന്നാല്‍ തീര്‍ച്ചയായും മുംബൈ പരാജയപ്പെടും. ആ മിടുക്ക് കളിക്കളത്തിൽ കാട്ടാനാകണം.' സ്റ്റോയിനിസ് പറഞ്ഞു.
 
നിർണായകമായ ക്വാളിഫയറിൽ ഡൽഹിയുടെ ഓപ്പണറായാണ് സ്റ്റോയിനിസ് എത്തിയത്. ഡൽഹിയ്ക്കുവേണ്ടി 38 റൺസും 3 വിക്കറ്റും നേടിയ സ്റ്റോയിനിസ് കളിയിലെ താരമായി. മുംബൈക്കെതിരായ ആദ്യ പ്ലേയോഫിലും സ്റ്റോയിനിസ് തന്നെയായിരുന്നു ഡൽഹിയുടെ ടോപ് സ്കോറർ. ഫൈനലിൽ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്ന കാര്യത്തിൽ  റിക്കി പോണ്ടിങ്ങുമായി സംസാരിച്ച്‌ തീരുമാനിക്കുമെന്നും സ്റ്റോയിനിസ് വ്യക്തമാക്കി. ഫൈനലിൽ ഡൽഹിയും മുംബൈയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മുംബൈയ്ക്ക് തന്നെയാണ് മുൻതൂക്കമുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article