ആ റെക്കോര്‍ഡുകളെല്ലാം ഇനി പഴങ്കഥ; ടെസ്റ്റ് ക്രിക്കറ്റില്‍ പുതുചരിത്രം രചിച്ച് പൂജാരയും രാഹുലും !

വെള്ളി, 4 ഓഗസ്റ്റ് 2017 (10:00 IST)
ഇന്ത്യ- ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം സാക്ഷിയായത് നിരവധി റെക്കോര്‍ഡുകള്‍ക്ക്. കഴിഞ്ഞ കുറച്ചുകാലമായി ‌‍പരുക്കിന്റെ പിടിയിലകപ്പെട്ട കെഎല്‍ രാഹുല്‍ തുടര്‍ച്ചയായ അര്‍ദ്ധ സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡുമായാണ് തിരികെയെത്തിയത്. ചേതേശ്വര്‍ പൂജാര തന്റെ അമ്പതാം ടെസ്റ്റ് മല്‍സരത്തില്‍ സ്വന്തമാക്കിയതാവട്ടെ മറ്റനേകം റെക്കോര്‍ഡുകളും‍.  
 
തുടര്‍ച്ചയായി ആറ് അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ഓപ്പണറെന്ന റെക്കോര്‍ഡാണ് കെഎല്‍ രാഹുല്‍ സ്വന്തമാക്കിയത്. വെറും 18 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു രാഹുലിന്റെ ഈ നേട്ടം. അതേസമയം, ഇന്ത്യക്കായി ഏറ്റവും വേഗതയില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമായി ചേതേശ്വര്‍ പൂജാര. വെറും 84 ഇന്നിംഗ്സിലാണ് പൂജാരയുടെ നേട്ടം. 81 ഇന്നിംഗ്സുകളില്‍നിന്നായി 4000 തികച്ച വീരേന്ദര്‍ സേവാഗും സുനില്‍ ഗവാസ്കറുമാണ് പൂജാരയ്ക്ക് മുന്നില്‍.  
 
അര്‍ദ്ധ സെഞ്ചുറി നേടിയതോടെ ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ എള്‍ഗറുടെ നേട്ടം മറികടന്ന പൂജാര ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി മാറുകയും ചെയ്തു. അമ്പതാം ടെസ്റ്റില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ താരം,  അമ്പതാം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരം, ശ്രീലങ്കന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറി നേടിയ രണ്ടാമത്തെ താരം എന്നിങ്ങനെയുള്ള റെക്കോര്‍ഡുകളും പൂജാര സ്വന്തമാക്കി. 

വെബ്ദുനിയ വായിക്കുക