27 സിക്സ്, 30 ബൗണ്ടറികൾ, അടിയെന്ന് പറഞ്ഞാൽ അടിയോടടി,ഇന്ത്യൻ റെക്കോർഡ് തകർന്നു, 20 ഓവറിൽ 344 റൺസ് കുറിച്ച് സിംബാബ്‌വെ

അഭിറാം മനോഹർ

വ്യാഴം, 24 ഒക്‌ടോബര്‍ 2024 (11:11 IST)
Zimbabwe
ടി20 ക്രിക്കറ്റില്‍ പുത്തന്‍ റെക്കോര്‍ഡ് കുറിച്ച് സിംബാബ്വെ. ലോകകപ്പിന്റെ ഭാഗമായുള്ള ആഫ്രിക്കന്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഗാംബിയയെയാണ് സിംബാബ്വെ പഞ്ഞിക്കിട്ടത്. മത്സരത്തില്‍ 290 റണ്‍സിന്റെ വമ്പന്‍ വിജയവും സിംബാബ്വെ കുറിച്ചു. നിശ്ചിത ഓവറില്‍ 4 വിക്കറ്റിന് 344 റണ്‍സാണ് സിംബാബ്വെ ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
 
കഴിഞ്ഞ വര്‍ഷം മംഗോളിയക്കെതിരെ നേപ്പാള്‍ കുറിച്ച 314 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴംകഥയായത്. ഈ മാസം ഹൈദരാബാദില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ 6 വിക്കറ്റ് നഷ്ടത്തില്‍ 297 അടിച്ച റെക്കോര്‍ഡും സിംബാബ്വെ തിരുത്തി. നേപ്പാള്‍ 314 റണ്‍സ് നേടിയിരുന്നെങ്കിലും ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോര്‍ എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ സംഘത്തിനായിരുന്നു. ഈ റെക്കോര്‍ഡും സിംബാബ്വെ മറികടന്നു. 27 സിക്‌സുകളും 30 ബൗണ്ടറികളുമാണ് സിംബാബ്വെ മത്സരത്തില്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഗാംബിയയെ വെറും 54 റണ്‍സിന് സിംബാബ്വെ പുറത്താക്കുകയും ചെയ്തു.
 
മത്സരത്തില്‍ 43 പന്തില്‍ നിന്നും 133 റണ്‍സോടെ പുറത്താകാതെ നിന്ന നായകന്‍ സിക്കന്ദര്‍ റാസയാണ് സിംബാബ്വെയ്ക്ക് കരുത്തായത്. 33 പന്തിലായിരുന്നു താരത്തിന്റെ സെഞ്ചുറി. ഇതോടെ ടി20യിലെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറി എന്ന റെക്കോര്‍ഡും സിംബാബ്വെയ്ക്കായി ടി20 സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സിക്കന്ദര്‍ റാസ സ്വന്തമാക്കി. 26 പന്തില്‍ 50 റണ്‍സെടുത്ത ബിയാന്‍ ബെന്നറ്റും 19 പന്തില്‍ 62 റണ്‍സടിച്ച ടി മറുമാനിയും 17 പന്തില്‍ 53 റണ്‍സെടുത്ത ക്ലൈവ് മഡാന്‍ഡെയുമെല്ലാം സിംബാബ്വെ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയതിന് ശേഷമാണ് മടങ്ങിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍