ഇന്ത്യൻ ടീമിൽ മുൻകാലങ്ങളിൽ നിലനിന്നിരുന്ന വിവാദങ്ങൾക്ക് ചൂട് പിടിപ്പിച്ച് യുവരാജ് സിങ്. മഹേന്ദ്രസിങ് ധോനിക്ക് ലഭിച്ച പിന്തുണ താൻ അടക്കമുള്ള സീനിയർ താരങ്ങൾക്ക് ലഭിച്ചില്ല എന്നതാണ് യുവരാജിന്റെ ആരോപണം. 2014ലെ ടി20 ലോകകപ്പിൽ തനിക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലായിരുന്നുവെന്നും സ്വയം ഔട്ടാകാൻ ശ്രമിച്ചിരുന്നതായും യുവരാജ് തുറന്നുപറഞ്ഞു.
2014ലെ ലോകകപ്പ് ഞാൻ ഏത് നിമിഷവും ടീമിൽ നിന്നും പുറത്തുപോകാം എന്ന സാഹചര്യത്തിലായിരുന്നു. ഇതൊരു എക്സ്യൂസ് അല്ല. പക്ഷേ ടീമിൽ നിന്നും എനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. ഫൈനലിൽ റൺസ് കണ്ടെത്തുന്നതിൽ ഞാൻ പരാജയപ്പെടുകയും ചെയ്‌തു. ഓഫ് സ്പിന്നർക്കെതിരെ ഞാൻ ഷോട്ടുകൾക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.സ്വയം ഔട്ടാകാൻ പോലും ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. എന്റെ കരിയർ അതോടെ അവസാനിച്ചുവെന്ന് എല്ലാവരെയും പോലെ ഞാനും കരുതി.
നിങ്ങളുടെ വിജയങ്ങൾ അംഗീകരിക്കുകയാണെങ്കിൽ പരാജയങ്ങളും അംഗീകരിക്കേണ്ടതുണ്ട്. എംഎസ് ധോനിയുടെ കരിയറിന്റെ അവസാനഘട്ടത്ത് കോലിയിൽ നിന്നും ശാസ്‌ത്രിയിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. 19ലെ ലോകകപ്പ് വരെ 350ലധികം മത്സരങ്ങൾ കളിക്കാൻ ധോനിക്കായി. ഹർഭജൻ സിങ്,വീരേന്ദർ സെവാഗ്,വിവിഎസ് ലക്ഷ്‌മൺ, ഗൗതം ഗംഭീർ തുടങ്ങിയ വലിയ കളിക്കാർക്ക് ഈ പിന്തുണ ലഭിച്ചിരുന്നില്ല.