Yashasvi Jaiswal and Shivam Dube: ബിസിസിഐ കരാര്‍ പട്ടികയിലേക്ക് ജയ്‌സ്വാളും ദുബെയും

രേണുക വേണു

ബുധന്‍, 17 ജനുവരി 2024 (10:48 IST)
Yashsvi Jaiswal and Shivam Dube

Yashasvi Jaiswal and Shivam Dube: യുവതാരങ്ങളായ യഷസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവരെ വാര്‍ഷിക കരാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ. സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും ബിസിസിഐ കരാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമിലേക്കും ഇവരെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 
മൂന്ന് ഫോര്‍മാറ്റിലും ഓപ്പണറാകാനുള്ള കഴിവ് ജയ്‌സ്വാളിന് ഉണ്ടെന്നാണ് സെലക്ടേഴ്‌സിന്റെയും ടീം മാനേജ്‌മെന്റിന്റെയും വിലയിരുത്തല്‍. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ജയ്‌സ്വാളിന് കഴിവുണ്ട്. രോഹിത് ശര്‍മയ്ക്ക് ശേഷം ജയ്‌സ്വാളിനെ മൂന്ന് ഫോര്‍മാറ്റിലും ഓപ്പണറാക്കാനാണ് സാധ്യത. ഇതെല്ലാം മുന്നില്‍ കണ്ടാണ് ബിസിസിഐ താരത്തെ കരാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. 
 
ഓള്‍റൗണ്ടര്‍ എന്നതാണ് ശിവം ദുബെയ്ക്ക് ഗുണകരമായത്. അഫ്ഗാനിസ്ഥാനെതിരായ രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ ദുബെ തുടര്‍ച്ചയായി അര്‍ധ സെഞ്ചുറി നേടിയിരുന്നു. ട്വന്റി 20 യില്‍ മധ്യ ഓവറുകളില്‍ സ്പിന്നിനെ നന്നായി കളിക്കുന്ന താരമാണ് ദുബെ. സമീപകാലത്ത് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മധ്യ ഓവറുകളില്‍ സ്പിന്നിനെ കളിക്കാന്‍ മിക്ക താരങ്ങളും ബുദ്ധിമുട്ടിയിരുന്നത്. ദുബെയുടെ വരവോടെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. മാത്രമല്ല ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഓള്‍റൗണ്ടര്‍ എന്ന നിലയിലും ദുബെയെ ഉപയോഗിക്കാന്‍ സാധിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍