വനിതാ ലോകകപ്പ്: സെമിയിൽ ദക്ഷിണാഫ്രിക്ക വീണു, ഫൈനലിൽ ഓസീസിന് ഇംഗ്ലണ്ട് എതിരാളി

വ്യാഴം, 31 മാര്‍ച്ച് 2022 (15:15 IST)
വനിതാ ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ഇംഗ്ലണ്ട്. ഇന്ന് നടന്ന രണ്ടാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 137 റൺസിനു കീഴടക്കിയാണ് ഇംഗ്ലണ്ട് കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 293 റൺസെടുത്തപ്പോൾ മറുപടിയായി 38 ഓവറിൽ 156 റൺസെടുക്കാനെ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചുള്ളു. ഇംഗ്ലണ്ടിനായി 129 റൺസെടുത്ത ഡാനിയൽ വ്യാട്ട് ആണ് കളിയിലെ താരം.
 
ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിനായി വ്യാട്ടിനൊപ്പം സോഫിയ ഡങ്ക്‌ലിയും മികച്ച പ്രകടനമാണ് നടത്തിയത്. സോഫിയ 60 റൺസ് നേടി.125 പന്ത് നേരിട്ടാണ് വ്യാട്ട് 129 റൺസെടുത്തത്. ദക്ഷിണാഫ്രിക്കക്കായി ഷബ്നിം ഇസ്മയിൽ 3 വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഇംഗ്ലണ്ടിനു വെല്ലുവിളിയാവാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല.  28 റൺസെടുത്ത ലാറ ഗൂഡലാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌ സ്കോറർ. ഇംഗ്ലണ്ടിനായി സോഫി എക്ലസ്റ്റൺ 6 വിക്കറ്റ് വീഴ്ത്തി.
 
ഏപ്രിൽ 3 ഞായറാഴ്ച ക്രൈസ്റ്റ്‌ചർച്ചിലെ ഹാഗ്ലി ഓവലിലാണ് ഓസ്ട്രേലിയ-ഇംഗ്ലണ്ട് ഫൈനൽ മത്സരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍