ഭാജിയേയും ഗാംഗുലിയേയും തള്ളി സച്ചിൻ, വേണ്ടെന്ന് ആരാധകർ - ചങ്കിടിച്ച് ഐസിസി

ശനി, 23 ഫെബ്രുവരി 2019 (08:25 IST)
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഒരു വിഭാഗം ആരാധകരെ സന്തോഷിപ്പിക്കയും മറ്റൊരു പക്ഷത്തെ നിരാശപ്പെടുത്തുന്നതുമാണ് ഈ ആവശ്യം.
 
എന്നാല്‍, ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഇന്ത്യ അവര്‍ക്ക് രണ്ടു പോയന്റ് വെറുതെ നല്‍കുന്നതു കാണാന്‍ താല്‍പ്പര്യമില്ലെന്ന് സച്ചിന്‍ വ്യക്തമാക്കി. 
 
ഇക്കാര്യത്തിൽ സുനിൽ ഗാവാസ്കറുടെ നിലപാട് തന്നെയാണ് സച്ചിന്റേതും. ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ വര്‍ധിതവീര്യത്തോടെയാണ് കളിക്കാറ്. ഒരിക്കല്‍ കൂടി അവരെ തോല്‍പ്പിക്കാനുള്ള സമയമാണിത്. വ്യക്തിപരമായി രണ്ടു പോയന്റ് വെറുതെ നല്‍കി അവരെ ടൂര്‍ണമെന്റില്‍ സഹായിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അവരെ തോൽപ്പിക്കുന്നത് കാണാനാണ് ആഗ്രഹമെന്നും സച്ചിൻ വ്യക്തമാക്കി. 
 
അതേസമയം, പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുത് എന്ന് പറഞ്ഞ സൌരവ് ഗാംഗുലി, ഹർഭജൻ സിംങ് എന്നിവരുടെ നിലപാടുകളാണ് ഇപ്പോൾ സച്ചിൻ തള്ളിയിരിക്കുന്നത്. മൽസരം ബഹിഷ്കരിച്ച് രണ്ടു പോയിന്റ് എതിരാളികൾക്കു സമ്മാനിക്കുന്നതിനു പകരം, കളിച്ചു തോൽപ്പിച്ച് അവരുടെ മുന്നേറ്റം തടയണമെന്നാണ് സുനിൽ ഗാവാസ്കർ പറയുന്നത്.  
 
കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ പാകിസ്ഥാനെതിരായ മൽസരത്തിൽനിന്ന് പിൻമാറുമെന്ന് ബിസിസിഐയിലെ ഒരു ഉന്നതന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
 
പാകിസ്ഥാനെതിരെ കളിക്കണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തയ്യാറാവത്ത സാഹചര്യത്തില്‍ എന്തിന് ക്രിക്കറ്റ് കളിക്കണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
 
മത്സരത്തില്‍ നിന്നും പിന്മാറുമോ എന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് ഐസിസി സിഇഒ ഡേവിഡ് റിച്ചാർഡ്സൻ പറഞ്ഞു. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവ് ക്രിക്കറ്റിനുണ്ട്. നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍