ലോകകപ്പില്‍ കോഹ്‌ലിയെ വെച്ചൊരു ചൂതാട്ടം; പന്താണ് ആയുധം - നീക്കം ഫലം കാണുമോ! ?
തിങ്കള്‍, 18 ഫെബ്രുവരി 2019 (15:14 IST)
അടുത്തമാസം ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പ ഇന്ത്യക്ക് പരീക്ഷണങ്ങളുടെ ചൂതാട്ടമായിരിക്കും. ലോകകപ്പില്‍ ഉള്‍പ്പെടുത്തേണ്ട താരങ്ങളുടെ സെലക്ഷന്‍ വേദിയാകും ഈ പരമ്പര. മാനേജ്‌മെന്റിന്റെ ഉള്ളിലിരുപ്പ് പോലെ നടന്നാല്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ സ്ഥാനംവരെ തെറിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ബാറ്റിംഗിലെ ആശങ്കകള്‍ പരിഹരിക്കാന്‍ കോഹ്‌ലിയുടെ ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റാനാണ് ആലോചന നടക്കുന്നത്. ബാറ്റിംഗില്‍ നിര്‍ണായകമാകുന്ന നാലാം സ്ഥാനമാണ് ഇന്ത്യന്‍ ടീമിന് തലവേദന. കോഹ്‌ലിയെ നാലാമനായി ക്രീസില്‍ എത്തിച്ച് മധ്യനിര ശക്തമാക്കാനാണ് പരിശീലകന്‍ രവി ശാസ്‌ത്രിയുടെ ആലോചന.
ശാസ്‌ത്രിയുടെ തീരുമാനത്തിന് മുഖ്യ സെലക്‌ടര്‍ എംഎസ്‌കെ പ്രസാദിന്‍റെ പിന്തുണ ലഭിച്ചതോടെ കളി കാര്യമാകുന്നത്. മൂന്നാം നമ്പറില്‍ അമ്പാട്ടി റായുഡുവിനെ ഇറക്കുകയും കോഹ്‌ലി നാലാമനായി എത്തുകയും ചെയ്‌താല്‍ ബാറ്റിംഗ് ലൈനപ്പ് ശക്തമാകുമെന്നാണ് മാനേജ്‌മെന്റിന്റെ വാദം.
ഇംഗ്ലണ്ടിലെ പിച്ചില്‍ കോഹ്‌ലിയുടെ വിലപ്പെട്ട വിക്കറ്റ് തുടക്കത്തില്‍ നഷ്‌ടമാകാതെ നോക്കേണ്ടത് ആവശ്യമാണ്. റായുഡു കുറച്ചു നേരം ക്രീസില്‍ പിടിച്ചു നിന്നാല്‍ പിച്ചിന്റെയും പന്തിന്റെയും സ്വഭാവം മാറും. ഇതോടെ പിന്നാലെ എത്തുന്ന കോഹ്‌ലിക്ക് ആക്രമിച്ച് കളിക്കാന്‍ സാധിക്കും.
യുവതാരം ഋഷഭ് പന്തിനെ ആയുധമാക്കിയാകും ഇന്ത്യ ഈ നീക്കങ്ങള്‍ നടത്തുക. ഓസീസിനെതിരായ പരമ്പരയില്‍ ദിനേഷ് കാര്‍ത്തിക്കിനെ പുറത്തിരുത്തി പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ഈ ഉദ്ദേശത്തോടെയാണ്. ഏത് പൊസിഷനിലും പരീക്ഷിക്കാവുന്ന താരമാണ് പന്ത്. ഓപ്പണിംഗ് മുതല്‍ വാലറ്റത്ത് വരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനാകും.
അതേസമയം, ലോകകപ്പ് പോലൊരു വലിയ വേദിയില്‍ കോലിയുടെ ബാറ്റിംഗ് പൊസിഷന്‍ മാറ്റുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഏകദിന ക്രിക്കറ്റില്‍ കോഹ്‌ലി സ്വന്തമാക്കിയ റെക്കോര്‍ഡുകളെല്ലാം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്‌ത് നേടിയെടുത്തതാണെന്നാണ് ആരാധകര്‍ പറയുന്നത്.